advertisement
Skip to content

നൈജീരിയയില്‍ സൈനിക ഇടപെടല്‍; മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ അനുവദത്തോടെ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിച്ചാല്‍ അമേരിക്ക എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തലാക്കുമെന്നും ഇസ്ലാമിക തീവ്രവാദികളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നൈജീരിയയില്‍ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയന്‍ സര്‍ക്കാരിനോട് എത്രയും വേഗത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.

സാധ്യമായ സൈനിക നടപടികള്‍ക്ക് തയ്യാറാകാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (Country of Particular Concern) പട്ടികയില്‍ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

കൂടാതെ നൈജീരിയയിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അംഗം റിലേ മൂറിനെയും ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടോം കോളെയെയും നിയോഗിച്ചതായി ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'മതസ്വാതന്ത്ര്യവും സഹിഷ്ണുതയും നൈജീരിയയുടെ അടിസ്ഥാനമാണ്. നൈജീരിയ മതപീഡനത്തെ എതിര്‍ക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.'- എന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയോട് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest