ഓക്ലഹോമ : ഓക്ലഹോമയിലെ മസ്കോഗിയിൽ 11 വയസ്സുള്ള വളർത്തുമകൾ പ്രസവിച്ച സംഭവത്തിൽ വളർത്തച്ഛൻ ഡസ്റ്റിൻ വാക്കർ (34) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയും ഡസ്റ്റിൻ വാക്കറുടെ ഭാര്യയുമായ ഷെറി വാക്കറെ (33) ലൈംഗിക പീഡനത്തിന് കൂട്ടുനിന്നതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 16-നാണ് കുട്ടി വീട്ടിൽവെച്ച് പ്രസവിച്ചത്. തുടർന്ന് നടത്തിയ ഡി.എൻ.എ. പരിശോധനയിൽ കുഞ്ഞിന്റെ അച്ഛൻ ഡസ്റ്റിൻ വാക്കറാണെന്ന് 99.9% ഉറപ്പായി. ഡസ്റ്റിനും ഷെറിയും നേരത്തെ കുട്ടിയെ അവഗണിച്ചതിനും അഞ്ച് കുട്ടികളെ ശരിയായ സാഹചര്യങ്ങളിലല്ലാതെ വളർത്തിയതിനും കേസെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന വീട് വളരെ വൃത്തിഹീനമായിരുന്നുവെന്നും കണ്ടെത്തി.
ഡസ്റ്റിൻ വാക്കറിനും ഷെറി വാക്കറിനുമെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം, അവഗണന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജാനറ്റ് ഹട്സൺ അറിയിച്ചു.
