ഓസ്‌ടേലിയ : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ 36 വയസ്സുള്ള ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. അഡ്‌ലൈഡിൽ താമസിക്കുന്ന സുപ്രിയ ഠാക്കൂറാണ് കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടർന്ന് അറസ്റ്റിലായ 42 വയസ്സുള്ള ഭര്‍ത്താവ് വിക്രാന്ത് ഠാക്കൂറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവർക്ക് കൗമാരക്കാരനായ ഒരു മകനുണ്ട്.
എട്ട് വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തിയ സുപ്രിയ, തന്റെ ഏക മകന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി ഒരു രജിസ്റ്റേർഡ് നഴ്‌സാകാനുള്ള ശ്രമത്തിലായിരുന്നു. സുപ്രിയയും ഭർത്താവും തമ്മിൽ അടുത്ത കാലത്തായി നല്ല രസത്തിലല്ലായിരുന്നു എന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. ഈ അടുത്ത് അവര്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചിരുന്നതായും പറയുന്നു.
കോടതിയിൽ ഹാജരായ വിക്രാന്തിനെ അടുത്ത ഏപ്രില്‍ വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഡിഎന്‍എ പരിശോധനാ ഫലം എന്നിവ ലഭിക്കുന്നതിനായി 16 ആഴ്ചത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞാറാഴ്ച രാത്രി എട്ടരയോടെ നോര്‍ത്ത് ഫീല്‍ഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിലാണ് സംഭവം നടന്നത്. ഗാര്‍ഹിക പീഡനം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും പാരാമെഡിക്കല്‍ സംഘവും എത്തുമ്പോള്‍ സുപ്രിയ അബോധാവസ്ഥയില്‍ ആയിരുന്നു. സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.