ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി.
'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ' എന്ന് തിരുമേനി പറഞ്ഞപ്പോൾ , വിശ്വാസികളാൽ തിങ്ങി നിറഞ്ഞ ദേവാലയത്തിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ , അത് തങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയർന്ന സന്തോഷത്തിന്റെയും ഇന്നയോളം നടത്തിയ ദൈവത്തിനുള്ള നന്ദികരേറ്റലിന്റെയും അടയാളമായിരുന്നു.

വിശുദ്ധ കുർബ്ബാനയെ തുടർന്ന് ജൂബിലി ഉത്ഘാടനം റെവ:ജോസ് ഏബ്രഹാമിന്റെ അനുഗ്രഹീതമായ പ്രാർത്ഥനയോടെ ആരംഭിച്ചു.
തുടർന്ന് ഇടവക വികാരി റവ:റ്റിറ്റി യോഹന്നാൻ, സന്നിഹിതരായിരുന്ന ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്തു. ആരാധനയിലൂടെയും സാക്ഷ്യത്തിലൂടെയും സ്നേഹത്തിന്റെ ദൗത്യ വാഹകരാകുന്നതിനോടൊപ്പം പാരമ്പര്യത്തിന്റെ ആഘോഷം മാത്രമല്ല മറിച്ചു പുതുക്കത്തിന്റെയും സമർപ്പണത്തിന്റെയും അനുഭവത്തിലൂടെ ദൈവ സ്നേഹത്തിന്റെയും സേവനത്തിന്റെയും വാഹകരായിരിപ്പാൻ പ്രീയ റ്റിറ്റിയച്ചൻ തന്റെ സ്വാഗത പ്രസംഗത്തിലൂടെ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.
കുടുംബ ദിനവും, ഇടവക ദിനവും, സുവർണ ജൂബിലി പ്രവർത്തനോത്ഘാടനവും ഒരുമിച്ചു ആഘോഷിച്ച ചടങ്ങിൽ ഇടവകയിലെ 75ഉം അതിനു മുകളിലും പ്രായമുള്ളവരെ അഭിവന്ദ്യ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനി പൊന്നാട നൽകി ആദരിക്കുകയുണ്ടായി.
ഇടവകയുടെ ജൂബിലി കൊയർ ആലപിച്ച ഗാനങ്ങൾ ഏറ്റവും ഇമ്പകരവും ചടങ്ങുകൾക്കു ഏറെ മാറ്റ് കൂട്ടുന്നതുമായിരുന്നു. സുവർണ്ണ ജൂബിലിയുടെ ലോഗോ, ഇടവകയുടെ ഡിജിറ്റൽ ഫോട്ടോ ഡയറക്റ്ററിയുടെ പ്രകാശനം എന്നിവയും അഭിവന്ദ്യ തിരുമേനി നിർവഹിക്കുകയുണ്ടായി. സുവർണ്ണ ജൂബിലിയുടെ പ്രൊജക്ടുകൾ വിശദീകരിക്കുന്ന ഒരു വീഡിയോ വിശ്വാസ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിച്ചു.
ഇടവക സെക്രട്ടറി തോമസ് ഏബ്രഹാം(ബിജു) ഏവർക്കും നന്ദിപ്രകാശന നിർവഹിച്ചു.
ഫിലാഡൽഫിയ മേഖലയിലെ യൂത്ത് ചാപ്ലയിൻ റവ. ജെഫ് ജാക് ഫിലിപ്പിന്റെ പ്രാർഥനയോടെയും ഏബ്രഹാം മാർ പൗലോസ് തിരുമേനിയുടെ ആശിർവാദത്തോടെയും ഉത്ഘാടന ചടങ്ങു സമംഗളം പര്യവസാനിച്ചു.