ന്യു യോർക്ക്: ആൽബനി മലയാളി സമൂഹത്തിൽ ഒരു ദശകത്തിൽ ഏറെ ആയി സജീവ സാന്നിധ്യമായ അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന അപ്പ്‌സ്റ്റെറ്റ് റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ് നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.
സംഘടനാ പ്രവർത്തനത്തിലും സാമൂഹ്യസേവനത്തിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അഭിലാഷ് പുളിക്കത്തൊടി. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ആൽബനി ക്യാപ്പിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ (CDMA) ട്രസ്റ്റി ബോർഡിൽ അംഗമായി പ്രവർത്തിക്കുന്നു. 2018–19-ൽ സെക്രട്ടറിയായും, 2016–17, 2020–21 വർഷങ്ങളിൽ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച അദ്ദേഹം, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഇന്ത്യയിലെ ചാരിറ്റി പ്രവർത്തനങ്ങളിലും അഭിലാഷ് സജീവമാണ്. ബാംഗ്ലൂരിലെ പ്രശസ്ത എൻ.ജി.ഒ.യായ ‘പരിക്രമ’യുമായി ചേർന്ന് പിന്നാക്ക സാഹചര്യങ്ങളിലുള്ള ഇരുപതിലധികം കുട്ടികളെ ഒന്നാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഗുണമേൻമയുള്ള സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിക്ക് അദ്ദേഹം നേതൃത്വം നൽകി. സാമൂഹിക ഉത്തരവാദിത്വത്തോട് ഉള്ള ഈ സമീപനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളമായി മാറി.
തൊഴിൽരംഗത്ത് ഒരു മുൻനിര മൾട്ടിനാഷണൽ ഐ.ടി. കമ്പനിയിലെ വൈസ് പ്രസിഡന്റാണ്. പതിനായിരത്തിലധികം ജീവനക്കാരുള്ള കോർപ്പറേറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം രൂപപ്പെടുത്തിയ ‘കോർപ്പറേറ്റ് ഒളിമ്പ്യാഡ്’ ആശയം കമ്പനി വിജയകരമായി നടപ്പാക്കി. 2010-ൽ ലഭിച്ച ‘ബെസ്റ്റ് എമ്പ്ലോയർ’ അവാർഡിൽ ഈ പദ്ധതിക്ക് വലിയ പങ്ക് ഉണ്ടായി.
പ്രൊഫഷണൽ രംഗത്തിനപ്പുറം കലയും സാങ്കേതികതയും അഭിലാഷിന്റെ പ്രിയ മേഖലകളാണ്. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററുമായ അദ്ദേഹം, ആൽബനിയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ഥിരമായി പങ്കെടുത്തുകൊണ്ട് പ്രചോദനമാകുന്നു.
സംഘടനാ നേതൃരംഗത്തും സാമൂഹ്യ-കലാരംഗങ്ങളിലും സജീവമായ അഭിലാഷ് പുളിക്കത്തൊടിയുടെ പ്രവർത്തനരീതികൾ ഫൊക്കാനയുടെ ഭാവിയിലേക്കുള്ള യാത്രയെ കൂടുതൽ സാർത്ഥകമാക്കും.
അഭിലാഷിന്റെ നേതൃത്വം ഫൊക്കാനക്കു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.