സാക്രമെന്റോ: ലൂസിയാനയിലെ ഗർഭച്ഛിദ്ര നിരോധന നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കാലിഫോർണിയൻ ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന് ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ ഡോക്ടർമാർക്കെതിരെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിയമനടപടികളെ പ്രതിരോധിക്കുന്ന 'ഷീൽഡ് നിയമങ്ങൾ' പരീക്ഷിക്കപ്പെടുന്ന നിർണ്ണായക സംഭവമാണിത്.
കാലിഫോർണിയയിലെ ഹീൽഡ്സ്ബർഗ് സ്വദേശിയായ ഡോ. റെമി കോയിറ്റോക്സ്, ലൂസിയാനയിലെ ഒരു സ്ത്രീക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ തപാലിലൂടെ അയച്ചുകൊടുത്തു എന്നതാണ് കേസ്. ഇതിനെത്തുടർന്ന് ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ ഡോക്ടറെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു.
"മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദികളായ രാഷ്ട്രീയക്കാർ കാലിഫോർണിയയിലെ ഡോക്ടർമാരെ ശിക്ഷിക്കാൻ അനുവദിക്കില്ല," എന്ന് ഗവർണർ ന്യൂസം വ്യക്തമാക്കി. കാലിഫോർണിയയിൽ നിയമപരമായി നൽകുന്ന ആരോഗ്യസേവനങ്ങളുടെ പേരിൽ ഡോക്ടർമാരെ മറ്റ് സംസ്ഥാനങ്ങൾക്ക് കൈമാറില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
2022-ൽ അമേരിക്കൻ സുപ്രീം കോടതി ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയതിനുശേഷം, കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങൾ ഡോക്ടർമാരെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ പാസാക്കിയിരുന്നു. മരുന്നുകൾ അയച്ചു നൽകുന്നത് ലൂസിയാന 'ലഹരിമരുന്ന് കച്ചവടം' പോലെ ക്രിമിനൽ കുറ്റമായാണ് കാണുന്നത്.
ഓസ്ട്രിയ ആസ്ഥാനമായുള്ള 'എയ്ഡ് ആക്സസ്' എന്ന ടെലിമെഡിസിൻ ഗ്രൂപ്പിന്റെ ഭാഗമാണ് ഡോ. റെമി. ലൂസിയാനയിൽ ഗർഭച്ഛിദ്രം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടെയാണ് ഈ നിയമപ്പോരാട്ടം നടക്കുന്നത്..