കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ ഡയറക്ടർ ബോർഡ് അംഗമായ അജു ഏബ്രഹാം ന്യു ഇംഗ്ലണ്ട് റീജിയനിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
തൊടുപുഴ സ്വദേശിയായ അജു എബ്രഹാം പ്രമുഖ ഐ.ടി സ്ഥാപനമായ ഇൻഫോസിസിലാണ് കരിയർ ആരംഭിച്ചത്. ഒരു വ്യാഴവഫാട്ടം മുൻപ് അമേരിക്കയിലെത്തി. അതിന് ശേഷം ഐ.ടി, കൺസൾട്ടിംഗ് മേഖലകളിൽ അദ്ദേഹം ഉയർന്ന നിലകളിലേയ്ക്ക് മുന്നേറി. ഇപ്പോൾ പ്രമുഖ ഐ.ടി കമ്പനിയിൽ ഡയറക്ടറും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൺസൾട്ടിംഗ് നോർത്ത് അമേരിക്ക മേധാവിയായുമാണ്.
കണക്റ്റിക്കട്ടിലെ മലയാളി സംഘടനകളിലും അജു സജീവമാണ്. FOKANA-യുമായി അടുത്ത ബന്ധം പുലർത്തുകയും വിവിധ യോഗങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിലെ വൈവിധ്യമാർന്ന മലയാളി സംഘടനകളുമായും നേതാക്കളുമായും ശക്തമായ ബന്ധങ്ങൾ അദ്ദേഹമുണ്ടാക്കിയിട്ടുണ്ട്.
തൊഴിൽ ജീവിതത്തിനു പുറമെ, മലയാളി സമൂഹത്തോടുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഏറെ ദൃഢതയാർന്നതാണ്. അമേരിക്കയിലെ ശ്രദ്ധേയമായ ഹാർലി ഡേവിഡ്സൺ മലയാളി റൈഡേഴ്സ് കമ്മ്യൂണിറ്റിയായ God's Own Riders-ന്റെ സ്ഥാപക അംഗമാണ്. ഇത് അദ്ദേഹത്തെ വിവിധ സംസ്ഥാനങ്ങളിലെ ബൈക്കർമാരുമായും, കൂട്ടായ്മകളുമായും ശക്തമായി ബന്ധിപ്പിക്കുന്നു.
കല, സിനിമ, രാഷ്ട്രീയം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ വ്യക്തികളുമായി അജുവിന് അടുത്ത ബന്ധം നിലനിൽക്കുന്നു. കൂടാതെ അദ്ദേഹം തന്റെ പല മേഖലകളിലുമുള്ള സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.
ടെക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനായ അജു ഏബ്രഹാം നേതൃത്വം എക്കാലത്തും ഫൊക്കാനക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.