മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ചുമതലക്കാരുടെ തെരഞ്ഞെടുപ്പിൽ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡിൽ നിന്നും അജു ഉമ്മൻ മത്സരിക്കുന്നു. ലോങ്ങ് ഐലൻഡ് മലയാളി അസ്സോസ്സിയേഷൻ (LIMA) എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ അജുവിനെ നാമനിർദ്ദേശം ചെയ്തത്. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിൻറെ പാനലിലാണ് അജു മത്സരിക്കുന്നത്.
ഫൊക്കാനയുടെ നാഷണൽ കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള അജു നല്ലൊരു സംഘാടകനാണ്. വിദ്യാഭ്യാസ കാലത്ത് കൊട്ടാരക്കര യൂണിയൻ ബാലജനസഖ്യം പ്രസിഡന്റായി പ്രവർത്തിച്ച കാലം മുതൽ സംഘാടക പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അജു ഉമ്മൻ. ലോങ്ങ് ഐലൻഡ് മലയാളി അസ്സോസ്സിയേഷൻ ഡയറക്ടർ ബോർഡ് അംഗമായും, ന്യൂയോർക്ക് മലയാളി അസ്സോസ്സിയേഷൻ കമ്മറ്റി അംഗമായും, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ സജീവ പ്രവർത്തകനായും കഴിവുകൾ തെളിയിച്ച വ്യക്തിയാണ് അജു. വിവിധ സംഘടനകളിലൂടെ പ്രവർത്തന മികവ് തെളിയിച്ച അജു ഉമ്മൻ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് തൻറെ പാനലിൽ മത്സരിപ്പിക്കുന്നത് എന്ന് പ്രസിഡൻറ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.