ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റന്‍ അഖില്‍ വിജയ് ഫ്‌ളോറിഡയില്‍ നിന്നും ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു. ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് അംഗമായ അഖില്‍ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്നു.
ഫ്‌ളോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവസാന്നിധ്യമായ അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തെ ഉദിച്ചുയരുന്ന ഒരു താരംകൂടിയാണ്. 2019-ല്‍ 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' എന്ന ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'ആലീസ് ഇന്‍ പാഞ്ചാലിനാട്'. 'മൂണ്‍വാക്ക്' തുടങ്ങിയ സിനിമകളിലും അഭിനയിച്ച അഖിലിന് സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മുഖ്യധാരാ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഖിലിന്റെ മറ്റൊരു മേഖല മോഡലിംഗ് ആണ്.
അഖിലിനെപ്പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ചലച്ചിത്ര, സാംസ്‌കാരിക മേഖലയില്‍ വളര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ സേവനം ഫൊക്കനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും.
ഡേറ്റോണ ബീച്ചിലെ പ്രമുഖ സംഘടനയായ 'മാസിന്റെ' പ്രതിനിധി കൂടിയാണ്. അഖില്‍ വിജയ് ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിലാണ് മത്സരിക്കുന്നത്.