advertisement
Skip to content

ഊപ്പർവാലാ സബ് ജാൻതാ ഹെ!

ഒരു ഡോ, ഒരു കുത്ത്. ഇത്രയും വെക്കാൻ ആരോടു ചോദിക്കണം? എന്നെ ഞാൻ സ്വയം ‘ഡോ’ എന്നു വിളിക്കുന്നതിൽ ആരാനെന്തു കാര്യം?അതു ശരിയല്ലേ?

കൊലപാതക വാർത്തകൾ പല മട്ടിലുള്ളത് നിത്യേന പുറത്തു വരുന്നുണ്ടെങ്കിലും ഈ ആഴ്ചയിലെ താരം, ലൈഫ് ഡോക്ടർ റാണയാണ്. ഏത് റാണ എന്തു ഡോക്ടർ എന്നു ചോദിക്കരുത്. തട്ടിപ്പുകേസിലെ പ്രതി എന്നു പറയുമ്പോൾ ഒന്നും ചോദിക്കാതെയും അറിയാതെയും ചേർത്തുപിടിച്ചുമ്മ   വെച്ചവരിൽ സകലരേയും വിധിച്ചു കൊല്ലുന്ന മാധ്യമ ഏമാന്മാർ മുതൽ സകല കക്ഷി രാഷ്ട്രീയക്കാരുമുണ്ട്. അപ്പോൾ അക്കാര്യത്തിൽ ആശ്വാസം. എല്ലാംകൂടി പത്തു മുപ്പത്തഞ്ചു കേസുകൾ. ശിക്ഷ പത്തുവർഷം വരെ നീളാം. ഇതാണിപ്പോൾ പ്രദീപ് കെ പി യുടെ അവസ്ഥ!

ഏതായാലും പ്രദീപ് കെ പി എങ്ങനെ ലൈഫ് ഡോക്ടർ പ്രദീപ് റാണ ആയി എന്നതിൽ ഒരു ഗവേഷണ വിഷയമാക്കാവുന്നതാണ്. പ്രദീപ് എന്നത് ഒരു സാദാ പേരാണ്. കെ പി കൂടിച്ചേർന്നാലും ഇല്ലെങ്കിലും ‘കറി താളു തന്നെ’ എന്നൊരു മട്ടാണ്. അങ്ങനെയാണ് രാജാ ഹരിശ്ചന്ദ്രൻ, രാമരാജ ബഹാദൂർ എന്നൊക്കെ പറയും പോലൊരു ഇഫക്ട് കിട്ടാൻ റാണ എന്ന പേര് സ്വന്തം പേരിനൊപ്പം ടിയാൻ കൂട്ടിച്ചേർത്തത്. അങ്ങനെ പ്രദീപ് കെ പി, പ്രദീപ് റാണയായി. അപ്പോഴാണ് മലയാളികൾ എന്തു വേദനയും ത്യാഗവും സഹിച്ചും കൊളമ്പോയിൽ പോയും പോകാതെയും വരെ ഡോക്ടറേറ്റ് കാശു കൊടുത്തുവാങ്ങിവന്ന് നേരം പുലരുമ്പോൾ സ്വന്തം പേരിന്റെ മുന്നിൽ ചേർത്തുവെച്ച്, കഷ്ടപ്പെട്ട് വർഷങ്ങൾ ഗൈഡിന്റെ  മുന്നിൽ ജീവിതം എരിച്ചുകളഞ്ഞ് പി എച്ച് ഡി എടുക്കുന്നവർക്കു മുന്നിലൂടെ ഞെളിഞ്ഞു നടക്കുന്ന കാഴ്ച പി.റാണ കണ്ടത്. കാശു കൊടുത്ത് വാങ്ങണോ എന്നു ചിന്തിച്ചപ്പോൾ ടിയാൾക്കു തോന്നി, "എന്തിന്?"

ഒരു ഡോ, ഒരു കുത്ത്. ഇത്രയും വെക്കാൻ ആരോടു ചോദിക്കണം? എന്നെ ഞാൻ സ്വയം ‘ഡോ’ എന്നു വിളിക്കുന്നതിൽ ആരാനെന്തു കാര്യം?
അതു ശരിയല്ലേ?

അങ്ങനെ അദ്ദേഹം ഡോ. പ്രദീപ് റാണ ആയി. തീർന്നില്ല, അല്പംകൂടി ഇഫക്ട് കൂട്ടാൻ ലൈഫ് ഡോക്ടർ എന്നാക്കി. ഒന്നു മിനുക്കി.
പിന്നെ, ഈ മഞ്ഞവെളിച്ചത്തിനു ചുറ്റും ഈയ്യാംപാറ്റകൾ പറന്നു വന്നു. ചിറകു കത്തി വീണു. പക്ഷേ, എല്ലാ പാറ്റകളും ഇപ്പോഴും സ്വന്തം ചിറകു കത്തിയ കാര്യം പോലീസിനോട് സമ്മതിച്ചിട്ടില്ല. എങ്ങനെ സമ്മതിക്കും?പലതും ബ്ലാക്കാണ്. ബ്ലാക്ക് വൈറ്റാക്കാനാണ് ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോയത്. പക്ഷേ, സംഗതി മൊത്തം ബ്ലാക്ക്ഹോളിലേക്കാണ് പോയത് എന്നതാണ് സത്യം. പിന്നെ, ദോഷം പറയരുത്, പതിനഞ്ച് ശതമാനം പലിശ തരും എന്നൊക്കെ കേട്ടാൽ പണം നിക്ഷേപിച്ചു പോകും.

എത്രയായാലും നമ്മൾക്ക് കെട്ടുകഥ വിശ്വസിക്കാനാണ് എപ്പോഴും ഇഷ്ടം. അതു കൊണ്ടാണല്ലോ ഇയാളുടെ ലൈഫ് ഡോക്ടർ അവകാശവാദം എന്താണ് എന്ന് ആരും ചോദിക്കാത്തത്. ഇനി ഒരാഴ്ച റാണയുടെ അപദാനങ്ങൾ തലങ്ങും വിലങ്ങും വാഴ്ത്തിപ്പാടും. അതു കഴിയുമ്പോൾ റാണയേക്കാൾ വലിയ മറ്റൊരു അവതാരം വരും. മോൺസൺ ഒരു മാസം അവതാരമായിരുന്നു. ഇപ്പോൾ അഴിയെണ്ണുന്നു.
ദേവീമാഹാത്മ്യത്തിൽ പറയുന്നപോലെ ഒന്നിനെ കൊന്നു തള്ളുമ്പോൾ പത്തെണ്ണം ജനിക്കുന്നു. എന്തു പറയാൻ? എഴുതാനും ലജ്ജ തോന്നുന്നു.

പിന്നെ ഒരു വിഷമം ഉണ്ട്, കോടികൾ അടിച്ചു പൊളിച്ച റാണ ഒടുവിൽ കറുത്ത വസ്ത്രത്തിൽ സ്വാമിയായി കഴിയേണ്ടിവന്നു!
ലൈഫ് ഡോക്ടറേ ദിസ് ഈസ് ലൈഫ്. ഊപ്പർവാലാ സബ് ജാൻതാ ഹെ! അത്ര തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest