എം.ടി.എന്ന രണ്ടക്ഷരങ്ങൾ മലയാളിക്ക് ''വിശിഷ്യാ അക്ഷരപ്രേമികൾക്ക് ഒരു സാഹിത്യ ഭൂമികയിലേക്കുള്ള ആദ്യ പടികളാണ്.അത് ചവിട്ടിക്കയറുമ്പോൾ അവരെത്തിച്ചേരുക ഭാഷയുടെ മായിക നിർമിതിയിലുയർത്ത ഒരു 'മായൻ' ലോകത്തിലാണ്. എം.ടി. അതു കൊണ്ട് തന്നെ രണ്ടക്ഷരങ്ങളിലുപരി മറ്റെന്തെല്ലാമോ ആണ് മലയാളിക്ക്.
'കാലം' എന്നത് എം.ടിയുടെ ഇഷ്ട വിഷയമാണ്. എ.ടി.യുടെ ജീവിതകാലം നടകവൽക്കരിക്കുന്ന ഒരാൾക്ക് പല രീതിയിൽ കാലത്തെ മെറ്റസൈസ് ചെയ്യേണ്ടി വരും. മലയാളസിനിമയുടെ ചരിത്രത്തിലെ ദിശാസൂചിയായി വർത്തിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഈ രണ്ടക്ഷരക്കാരൻ.
അതേ സിനിമയുടെ അരികുകളിലൂടെ സഞ്ചരിക്കുന്ന
മലയാളത്തിലെ ഏറ്റവും വലിയ മേക്കപ്പ്ആർടിസ്റ്റായ പട്ടണം റഷീദ് എം.ടി.യുടെ കാലത്തെ അരങ്ങിലെത്തിക്കുമ്പോൾ ചില അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. അതെന്താണെന്ന് നിങ്ങൾക്കൂഹിക്കാനാകും.
ചുരുങ്ങിയ അരങ്ങുനേരത്തിൽ തന്നെ നാടകനടൻമാരെ എം.ടി.യും, ബഷീറും, എൻ.പിയും, ആടിസ്റ്റ് നമ്പൂതിരിയും ഒക്കെയായി നാടകം നമുക്കു മുന്നിലെത്തിക്കുന്നു. രൂപം കൊണ്ടു മാത്രമല്ല, വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും, അഭിനയം കൊണ്ടും അഭിനേതാക്കളും രചയിതാവും സംവിധായകനും ചേർന്ന് ഒരെഴുത്തുകാലത്തെ നമുക്ക് അനുഭവേദ്യമാക്കിത്തരുന്നു.
സാഹിത്യത്തിനും കലയ്ക്കും ബന്ധങ്ങൾക്കും മേൽക്കൈ ഉണ്ടായിരുന്ന ഒരു കാലത്തെ , മതം എങ്ങിനെ മാറ്റിയെടുത്തു എന്ന രാഷ്ട്രീയമാണ് ഈ നാടകത്തെ പുരോഗാമിയാക്കുന്നത്. അഥവാ അതു തന്നെയാണ് ഈ നാടകത്തിൻ്റെ പ്രസക്തിയും.
എം.ടി.യായി അഭിനയിച്ച രാജേഷ്, .വെളിച്ചപ്പാടായും ആർട്ടിസ്റ്റായും എത്തിയ ബാബു അന്നൂർ, ശരീരചലനങ്ങളിൽ പോലും ബഷീറിനെ ആവഹിച്ച നടൻ തുടങ്ങി ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു. വെളിച്ചപ്പാടിൽ നിന്നടർന്ന് , ലളിതവരകളിലേക്ക് നീളുന്ന ബാബു അന്നൂർ വല്ലാത്തൊരനുഭവം പകരുന്നു.
വേഷവിധാനം നിർവഹിച്ച ഇന്ദ്രൻസ് ജയനും മേക്കപ്പ് ചെയ്ത പട്ടണം ഷായും നാടകരചയിതാവായ ബിനുലാൽ ഉണ്ണിയും, സംഗീതം പകർന്ന ബിജിപാലും സംവിധായകനായ പട്ടണം റഷീദും നാടകം അരങ്ങിലെത്തിച്ച ഏലൂരിലെ 'കാഴ്ച'യും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
-രാ പ്രസാദ്