കാലിഫോർണിയ: ഒരു മെഡിക്കൽ എമർജൻസിയെത്തുടർന്ന് താൻ മരിച്ചെന്നും ആ സമയത്ത് സ്വർഗം കണ്ടെന്നും യേശുവിനെ കണ്ടുമുട്ടിയെന്നും രചയിതാവായ റാൻഡി കെ. അവകാശപ്പെടുന്നു. 'ഫെയ്ത്ത് വയർ' (Faithwire) എന്ന ക്രിസ്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ. ഈ വെളിപ്പെടുത്തൽ നടത്തിയത്.
"ഞാൻ യേശു ക്രിസ്തുവിൻ്റെ പേര് ഉച്ചരിച്ച ഉടനെ എൻ്റെ അടുത്ത് ആ രൂപം പ്രത്യക്ഷപ്പെട്ടു. അത് യേശുവാണെന്ന് എനിക്ക് മനസ്സിലായി. ആ ദൈവസാന്നിധ്യത്തിൽ ഞാൻ സ്നേഹമെന്താണെന്ന് അറിഞ്ഞു," കെ. പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ബിസിനസ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കെ. അസുഖബാധിതനായത്. കാൽമുട്ടിൽ വീക്കവും നടക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട ഇദ്ദേഹം സൈക്കിൾ യാത്ര പോവുകയും, ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ കുഴഞ്ഞ് വീണതിനെ തുടർന്ന് ഇദ്ദേഹത്തെ എമർജൻസി റൂമിൽ പ്രവേശിപ്പിച്ചു. ഏഴ് രക്തം കട്ടപിടിച്ചതും ശ്വാസകോശത്തിലേക്കുള്ള ധമനികൾ അടഞ്ഞതും കാരണം കെ. മരണത്തോട് മല്ലിടുകയായിരുന്നു. ഇതിനിടെ മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (MRSA) എന്ന അണുബാധ രക്തത്തിൽ കലർന്നതിനെ തുടർന്ന് അദ്ദേഹം ക്ലിനിക്കൽ ഡെഡ് ആയി. ഈ സമയത്താണ് താൻ മരണം അനുഭവിച്ചറിഞ്ഞതെന്ന് കെ. വെളിപ്പെടുത്തുന്നു.
"എൻ്റെ ശരീരം നിശ്ചലമായപ്പോൾ ഒരു വല്ലാത്തൊരു അനുഭവമാണ് എനിക്കുണ്ടായത്. എൻ്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടതായിരുന്നു അത്. പിന്നീട് താഴെ കിടക്കുന്ന ശരീരത്തെ നോക്കിനിൽക്കുന്ന ഒരു മൂന്നാമത്തെ ആളായി ഞാൻ മാറി," കെ. കൂട്ടിച്ചേർത്തു.
