2024 - 2026 ഫോമാ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. പുൻ്റ കാനയിൽ നടന്ന ഫോമാ കൺവൻഷ നോടനുബന്ധിച്ച് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ബേബി മണക്കുന്നേൽ നേതൃത്വം നൽകിയ ടീം ഉജ്വല വിജയം നേടി. ബേബി മണക്കുന്നേൽ പ്രസിഡൻ്റ് , ബൈജു വർഗീസ് ജനറൽ സെക്രട്ടറി, സിജിൽ പാലക്കലോടി ട്രഷറർ, ഷാലു പുന്നൂസ് വൈസ് പ്രസിഡൻ്റ്, പോൾ പി. ജോസ് ജോ. സെക്രട്ടറി , അനുപമ കൃഷ്ണൻ ജോ. ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
തന്നെയും ടീമിനേയും വിജയിപ്പിച്ച എല്ലാ ഫോമാ വോട്ടർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബേബി ഊരാളിൽ ഇലക്ഷൻ കമ്മീഷൻ ചെയർമാനായും , മാത്യു ചെരുവിൽ , അനു സ്കറിയ എന്നിവർ അംഗങ്ങളായുമുള്ള ഇലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വിജയികളെ മോൻസ് ജോസഫ് എം. എൽ. എ അഭിനന്ദിച്ചു.
ബേബി മണക്കുന്നേലിന് 386 വോട്ടും എതിർ സ്ഥാനാർത്ഥി തോമസ് ടി ഉമ്മന് 128 വോട്ടും ലഭിച്ചു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർഗ്ഗീസിന് 307 വോട്ടും, സാമുവേൽ മത്തായിക്ക് 159 വോട്ടും, മധു നമ്പ്യാർക്ക് 48 വോട്ടും ലഭിച്ചു. ട്രഷററായി വിജയിച്ച സിജിൽ പാലക്കലോടിക്ക് 427 വോട്ടും ബിനൂബ് ശ്രീധരൻ 87 വോട്ടും , വൈസ് പ്രസിഡൻ്റായി വിജയിച്ച ഷാലു പുന്നൂസിന് 391 വോട്ടും സണ്ണി കല്ലൂപ്പാറയ്ക്ക് 123 വോട്ടും , ജോയിൻ്റ് സെക്രട്ടറിയായി വിജയിച്ച പോൾ പി ജോസിന് 410 വോട്ടും,പ്രിൻസ് മാത്യു നെച്ചിക്കാട്ടിന് 104 വോട്ടും , ജോ .ട്രഷറാറായി വിജയിച്ച അനുപമ കൃഷ്ണന് 336 വോട്ടും അമ്പിളി സജിമോന് 178 വോട്ടും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ബേബി ഊരാളിൽ പറഞ്ഞു.
ഫോമയുടെ ആദ്യ കൺവെൻഷൻ ചെയർമാൻ , കെ. സി. സി. എൻ എ മുൻ പ്രസിഡൻ്റ് , ഹൂസ്റ്റൺ മലയാളി അസോസിയേൻ മുൻ പ്രസിഡൻ്റ് , രണ്ടു തവണ ഫോമ സതേൺ റീജിയണൽ വൈസ് പ്രസിഡൻ്റ് , ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക് സൊസെറ്റിയുടെ പ്രസിഡൻ്റ് , ക്നാനായ റിട്ടയർമെൻ്റ് കമ്മ്യൂണിറ്റി സ്ഥാപകാംഗം തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് ബേബി മണക്കുന്നേൽ. കേരളത്തിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. അമേരിക്കയിൽ വന്ന ശേഷം സ്വന്തം ബിസിനസ് ലോകം കെട്ടിപ്പെടുത്തി.
പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഫോമ ഹ്യൂസ്റ്റണിലാണ് പിറന്നത്. പതിനഞ്ച് വർഷത്തിന് ശേഷം വീണ്ടും ഹ്യൂസ്റ്റണിൽ കൺവർഷൻ വരുമ്പോൾ ഫോമയുടെ ആദ്യ കൺവൻഷൻ ചെയർമാനായ ബേബി മണക്കുന്നേൽ ഫോമായുടെ 9 -ാമത്തെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട് ഹൂസ്റ്റണിലേക്ക് കൺവൻഷൻ എത്തിക്കുന്നതും ചരിത്ര നിയോഗം തന്നെയാണ്.
![join to whatsapp group](https://www.malayalamtribune.com/assets/images/WhatsApp-join.jpg?v=486eb818d8)