യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലേങ്ക. ഫൈനലിൽ അമേരിക്കൻ താരമായ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 6-3, 7-6(7/3) പരാജയപ്പെടുത്തിയാണ് ബെലറൂസ് താരം കിരീടം ചൂടിയത്. ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട ഫൈനലിലെ ജയത്തോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക.
2012, 2013, 2014 വർഷങ്ങളിലായിരുന്നു സെറീന വില്യംസ് യുഎസ് ഓപ്പൺ വനിതാ ചാംപ്യനായത്. സബലേങ്കയുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ തുടർച്ചയായ നാലുഗെയിമുകൾ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്.എന്നാൽ, രണ്ടാം സെറ്റിൽ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവിൽ വാശിയേറിയ പോരാട്ടത്തിൽ ടൈബ്രേക്കർ ജയിച്ച ലോക ഒന്നാംനമ്പർ താരമായ സബലേങ്ക രണ്ടാംസെറ്റ് കിരീടവും സ്വന്തമാക്കുകയായിരുന്നു.
