ഇതൊരു സംഭവ കഥ. ഒട്ടും ഭാവന കലരാത്ത ഒരു ഒറിജിനൽ പതിപ്പ്.
ഒരു സാധാരണ നാട്ടിൻപ്പുറം. പാവങ്ങളും ഇടത്തരക്കാരും പിന്നെ കുറച്ചു സമ്പന്നരും താമസിക്കുന്നു. അതിൽ കുറച്ചു പേർക്ക് നെൽപ്പാടവും കൃഷിയുമുണ്ട്. കർഷകത്തൊഴിലാളി കുംടുംബങ്ങൾ, ഈ തൊഴിലിടങ്ങളിൽ ദിവസക്കൂലിക്കു ജോലി ചെയ്തിരുന്നു. അവരിൽ പലർക്കും വിദ്യാഭ്യാസം വളരെ കുറവായിരുന്നു. വായന അവർക്ക് അന്യമായിരുന്നു. പലപ്പോഴും തൊഴിൽദാതാക്കളോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു.
ഇപ്പോൾ പാടവും കൃഷിയുമുള്ള ഗ്രാമങ്ങൾ കുറ്റിയറ്റുപോയിരിക്കുന്നു. തമിഴന്റെ അരിലോറി അതിർത്തി കടന്നെത്തുന്നു. കൃഷിയുടെ സൊല്ല ഒഴിഞ്ഞ നമ്മൾ, കീടനാശിനികൾ തൂളിച്ചു വളർത്തിയെടുത്ത ധാന്യമണികൾ മനക്ലേശവും കൂടാതെ ആഹരിക്കുന്നു.
വിശാലമായ മുറ്റമുള്ള ഒരു വീട്. ഗേറ്റ് കഴിഞ്ഞു നീളത്തിൽ, നല്ലൊരു നടവഴി നീണ്ടു മലർന്ന് മുറ്റത്തേയ്ക്കു തുറക്കുന്നു. നമ്മുടെ കഥാനായിക, ചേടത്തി ആകെ കലികൊണ്ടു നടന്നുവരികയാണ്. ഒരു അറുപതു കഴിഞ്ഞ പ്രായം. നല്ല വെളുത്തനിറം വെയിൽ ചൂടേറ്റ് നന്നായി കരിവാളിച്ചു. പക്ഷെ സുന്ദരമായ ആ ചെമ്പകനിറം, വിശ്രമജീവിതം കൊണ്ടു മെല്ലെ തിരിച്ചു പിടിക്കുന്നുണ്ട്.
ചേടത്തിയും ഒരു കർഷകത്തൊഴിലാളിയായിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിത്തം നിർത്തി, താഴെയുള്ള കുഞ്ഞുങ്ങളെ നോക്കാൻ വീട്ടിൽ നിന്ന ചേച്ചിയമ്മ. കൂലി വളരെ കുറവായിരുന്ന കാലത്ത് വർഷാവർഷം ജനിക്കുന്ന കുഞ്ഞുങ്ങളെ വീട്ടിലേല്പിച്ച് അമ്മമാർ കൂലിവേലക്കു ഇറങ്ങിയാലെ അരപട്ടിണിയായെങ്കിലും ജീവിക്കാൻ പറ്റൂ. ആ കാലഘട്ടത്തിലെ പെൺകുട്ടി പഠിത്തം നിർത്തി വീട്ടിൽ നിൽക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
പതിനെട്ടാം വയസ്സിൽ വിലകുറഞ്ഞ ഒരു വെള്ള സാരിയും, കയ്യിൽ കടലാസുപൂക്കളുടെ ബൊക്കെയുമായി, പള്ളിയിൽ നിന്നു താലികെട്ട് കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ കയറുമ്പോൾ, ഒത്ത ഉയരമുള്ള വധു തല കുനിച്ചു. അത്രയും ചെറിയൊരു വീടും ദാരിദ്ര്യവും അവിടെയും അവളെ കാത്തിരുന്നിരുന്നു.
പതിനെട്ടിന്റെ അഴക് അവളെ ഒരു സുന്ദരിയാക്കിയിട്ടുണ്ട്. ആരും കൊതിച്ചു പോകുന്ന മുഖകാന്തി. ബന്ധുക്കൾ അതിശയിച്ച് അടക്കം പറഞ്ഞു.
'ഈ ചന്തം കൊണ്ടൊന്നും കഞ്ഞി വേവില്ല, പുറത്തു പണിക്കു പോണം', കല്യാണദിവസം തന്നെ ഭാവി തീരുമാനിക്കപ്പെട്ട വാക്കുകൾ ഉയർന്നു കേട്ടു. ഭർത്താവിന്റെ അമ്മയുടെ സ്വരം കാതിൽ വന്നു മുട്ടി.
'അതിനെന്താ, മറിച്ചൊന്നും കരുത്തിയിട്ടില്ലല്ലോ',
പുതുമോടി മാറും മുൻപ് അവൾ അയൽക്കാരുടെ പാടത്തു കർഷക തൊഴിലാളിയായി. കൂലി കിട്ടുന്ന ചെറിയ തുക അമ്മായിയമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. ഒരിക്കലും പണം എണ്ണിനോക്കാറില്ല. അതവർക്ക് പ്രതേകിച്ചു ഒരു ഗുണവും ചെയ്യില്ല എന്നറിയാമായിരുന്നു.
കരിയില കത്തിച്ചു ഭക്ഷണം പാകം ചെയ്യൽ, വീട് വൃത്തിയാക്കൽ, തുണിയലക്കൽ, കോഴി തുടങ്ങി എല്ലാത്തിന്റെയും പരിപാലനം, സംരക്ഷണം ഒക്കെ തലയിൽ ഏറ്റിയ യുവതിക്ക് കാശ്ശെണ്ണേണ്ട കാര്യവും സമയവുമില്ല. അവർക്ക് ആ വീട്ടിൽ അതിനുള്ള അവകാശവുമുണ്ടായിരുന്നില്ല. ഭർത്താവും അമ്മയും പറയുന്നത് അനുസരിക്കുക എന്നാണ് ജീവിതപ്രമാണം.
കഞ്ഞിയിൽ ഉപ്പു ചേർക്കുമ്പോൾ വരെ മേൽനോട്ടമായി അരികിൽ അമ്മായിയമ്മയുണ്ട്. ഒരു തരി അറിയാതെ താഴെ വീണു നഷ്ടപ്പെടുത്തിയാൽ അന്നത്തെ ചീത്തവിളിക്കു അതു മതി കാരണം. ഒന്നിനും പ്രതികരിക്കാൻ പാടില്ല. പക്ഷെ ഭാവിയിൽ തനിക്കും ഒരവസരം വരുമെന്നു അവർ കരുതി സമാധാനിച്ചു.
അവർ വർഷങ്ങൾക്കുള്ളിൽ നാലു മക്കളുടെ അമ്മയായി, മക്കളെ വളർത്തിയെടുക്കാൻ, കഠിനമായി ജോലിചെയ്തു. വെയിൽ കാഞ്ഞു തിളങ്ങുന്ന നിറം മങ്ങി. ചുറ്റും പല സ്ത്രീകളും തന്നെപ്പോലെ ജീവിക്കുന്നതുകൊണ്ട് മറിച്ചൊന്നു ചിന്തിക്കാൻ അവർ തുനിഞ്ഞതുമില്ല.
ഉത്തരവാദിത്വങ്ങൾ ഓരോന്നായി ഒഴിയാൻ തുടങ്ങി. അവരുടെ പെണ്മക്കളെ കെട്ടിച്ചയച്ചു. മകൻ വിവാഹം ചെയ്തു. മരുമകൾ വീട്ടിലെത്തി. നല്ല വിവേകമുള്ള പെൺകുട്ടി, വീട്ടുകാര്യങ്ങൾ പതിയെ ഏറെറടുത്തു.
വിശ്രമജീവിതത്തിന്റെ താളത്തിൽ പഴയ അമ്മായിയമ്മപോരു ചിത്രങ്ങൾ ഓരോന്നായി മനസ്സിൽ തെളിഞ്ഞു വന്നു.
' ഇനി എനിക്കും എന്തെങ്കിലും പറയാം, ചെയ്യാം', അവർ നിശ്വസിച്ചു.
തെങ്ങോലയിലെ, ഓല ചീകി മാറ്റി, ഈർക്കിൽ കെട്ടുകൾ കൊണ്ടു ചൂലുകൾ ഉണ്ടാക്കി, മച്ചിൽ സൂക്ഷിച്ചു വെക്കും. അതൊരു ആവശ്യവും മിച്ചം വന്ന സമയം ചിലവഴിക്കലുമായി മാറി.
ഒരു ദിവസം മരുമകൾ, തന്റെ അനുവാദം ചോദിക്കാതെ, ആ ചൂലെടുത്തു വീട് തൂക്കുന്നത് കണ്ടപ്പോൾ അവർക്ക് കലി കയറി. ചൂല് മരുമകളുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു.
'ആരാ പറഞ്ഞത്, ഇതെടുക്കാൻ?' ദേഷ്യം കൊണ്ടു കത്തി. ഉച്ചത്തിൽ ഉള്ള വാക്പോരിനു ശേഷമുള്ള വരവായിരുന്നു അത്.
വീടിന്റെ ഉമ്മറത്ത് എത്തിയ അവരോടു, അമ്മ , കാര്യം പന്തിയല്ല എന്നു കണ്ടു ചോദിച്ചു.' ചേടത്തി എന്തു പറ്റി?'
നടന്ന കാര്യങ്ങൾ വിസ്തരിച്ചു കേട്ട ശേഷം, അമ്മ ഒരു ചെറുചിരിയോടെ ചോദിച്ചു.
'അവൾ ആരുടെ വീടാണ് അടിച്ചുവാരിയത്?
ഇതു എന്തു ചോദ്യം എന്ന മട്ടിൽ അമ്മയെ നോക്കി, ഒന്നു നെറ്റിചുളിച്ചു മെല്ലെ പറഞ്ഞു.
'ഞങ്ങളുടെ വീട്, അല്ലാതെ പിന്നെ?'
അമ്മ പറഞ്ഞു, അതൊരു നല്ല കാര്യമല്ലേ? അവൾ വീട് വൃത്തിയായി വെക്കുന്നത്?
'ഉം..ഉം..അതു ശരിയാ', അവർ തലയാട്ടി.
'പിന്നെയെന്താ, ആ വീട് ഇപ്പോൾ നിങ്ങൾ രണ്ടു പേരുടെയുമല്ലെ? വീട്ടിൽ പോയി ആ ചൂല് മരുമകൾക്ക് എടുത്തുകൊടുക്കൂ. വെറുതെ വഴക്കിന് പോകല്ലെ.'
ഉം...ഉം..ചേടത്തി സമ്മതഭാവത്തിൽ തലയാട്ടി.
പുലി പോലെ വന്നത് എലി പോലെ അടങ്ങി.
'നിങ്ങൾ പറഞ്ഞതു കൊണ്ടു മാത്രം ഞാൻ ചെയ്യാം ', അവർ പുഞ്ചിരിച്ചു തിരിച്ചു നടന്നു.
മച്ചിലേക്ക് വലിച്ചെറിഞ്ഞ ചൂലെടുത്തു മരുമകളുടെ കയ്യിൽ കൊടുത്തു. പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ സന്തോഷവും അമ്പരപ്പും അവളുടെ കണ്ണുകളിൽ ഓളം വെട്ടി.
നിങ്ങൾ പറയുന്നതിൽ ന്യായമുണ്ടെങ്കിൽ, അതു മനസ്സിലാക്കാൻ മറ്റുള്ളവർക്കു മനസ്സുണ്ടെങ്കിൽ ചുരുക്കം ചില വാക്കുകൾ മൊത്തം അവസ്ഥയെ മാറ്റിമറിച്ചേക്കാം.
ആ വലിയ മുറ്റമുള്ള വീടും ആ അമ്മയും എന്റെ സ്വന്തമായിരുന്നു.
