ന്യൂയോർക്ക് (എ.പി.) - അമേരിക്കയിലെ ഉന്നത പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സി.ഡി.സി) ഡയറക്ടർ സൂസൻ മൊണാരെസ് സ്ഥാനമൊഴിഞ്ഞു. സ്ഥാനമേറ്റ് ഒരു മാസത്തിനുള്ളിലാണ് ഈ അപ്രതീക്ഷിത രാജി. ഇവരെ കൂടാതെ സി.ഡി.സിയിലെ മറ്റ് പ്രമുഖരും രാജിവെച്ചിട്ടുണ്ട്.
സൂസൻ മൊണാരെസ് സി.ഡി.സി ഡയറക്ടർ സ്ഥാനത്ത് ഇനി ഇല്ലെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്.എച്ച്.എസ്) സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ, രാജിക്ക് പിന്നിലെ കാരണം എച്ച്.എച്ച്.എസ് വ്യക്തമാക്കിയിട്ടില്ല.
ശാസ്ത്രീയ അടിത്തറയില്ലാത്തതും അപകടകരവുമായ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ അവർ വിസമ്മതിച്ചതാണ് രാജിയുടെ കാരണമെന്ന് സൂസൻ മൊണാരെസിൻ്റെ അഭിഭാഷകർ പ്രസ്താവനയിലൂടെ അറിയിച്ചു. “പൊതുജനാരോഗ്യ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനും വിദഗ്ദ്ധരെ നിശബ്ദരാക്കാനും ശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കാനുമുള്ള നീക്കമാണിത്,” അവർ കൂട്ടിച്ചേർത്തു.
സൂസൻ മൊണാരെസിൻ്റെ രാജിക്ക് പിന്നാലെ സി.ഡി.സിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡെബ്ര ഹൗറി, ഡോ. ഡാനിയൽ ജെർണിഗൻ, ഡോ. ഡെമെട്രെ ഡസ്കലാക്കിസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും രാജിവെച്ചിട്ടുണ്ട്. തൻ്റെ രാജിക്കത്തിൽ, സി.ഡി.സിയിലെ ശാസ്ത്രീയ വിവരങ്ങൾ രാഷ്ട്രീയ ഇടപെടലുകളാൽ സെൻസർ ചെയ്യപ്പെടുകയാണെന്ന് ഡോ. ഹൗറി ആരോപിച്ചു. “ശാസ്ത്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിക്കാത്ത നയങ്ങൾ രൂപീകരിക്കാനുള്ള ഒരു ഉപകരണമായി സി.ഡി.സി പരിഗണിക്കപ്പെടുന്നതിനാൽ തനിക്ക് തുടരാനാവില്ല,” ഡോ. ഡസ്കലാക്കിസ് രാജിക്കത്തിൽ വ്യക്തമാക്കി.
