ന്യൂ യോർക്ക് : ലോക പ്രശസ്ത സുവിശേഷ പ്രഭാഷകനായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന് ഇന്ത്യൻ വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ സംഘടനകൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
നാഗാലാൻഡിലേക്ക് ക്ഷണിക്കപ്പെട്ട റവ. ഫ്രാങ്കളിൽ ഗ്രഹാമിന്റെ സന്ദർശനം തടയപ്പെട്ടത് വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കേന്ദ്രവിദേശകാര്യ മന്ത്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സന്ദർശനം നാഗാ ജനതയ്ക്കും വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും അവസരമായിരുന്നു. ഈ യോഗങ്ങൾ പ്രദേശത്ത് സമാധാനം, അനുരഞ്ജനം, സാമൂഹിക ഐക്യം എന്നിവ ശക്തിപ്പെടുത്തുമായിരുന്നു. ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ പ്രദേശത്ത് സമാധാനപരമായ ഒരു ആത്മീക സംഗമം വിസാ പ്രശ്നം കാരണം തടസ്സപ്പെട്ടത് തെറ്റിദ്ധാരണയും അകൽച്ചയും സൃഷ്ടിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള സർക്കാർ അവകാശത്തെ പൂർണമായി അംഗീകരിക്കുന്നു. എന്നിരുന്നാലും ഈ തീരുമാനം നിയമപരമായി പുനഃപരിശോധിക്ക ണമെന്ന് ക്രൈസ്തവ നേതാക്കൾ അഭ്യർഥിച്ചു.
“ഈ തീരുമാനം പുനഃപരിശോധിച്ചാൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തോടും സർവമത സഹിഷ്ണുതയോടുമുള്ള പ്രതിബദ്ധത ലോകത്തിന് മുന്നിൽ വീണ്ടും ഉറപ്പിക്കാനാകും. നാഗാലാൻഡിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ക്രൈസ്തവ സമൂഹത്തിന് അത് വലിയ ആശ്വാസം പകരും.
റവ. ഫ്രാങ്ക്ലിൻ ഗ്രഹാം ഫെബ്രുവരിയിൽ നാഗാലാൻഡിൽ നടക്കാനിരുന്ന ആത്മീക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലേക്ക് വരേണ്ടിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇ-വിസ അപേക്ഷ നിഷേധിക്കുകയായിരുന്നു.
1972 ൽ നാഗാലാൻഡിൽ നടന്ന വമ്പിച്ച സമ്മേളനത്തിൽ ബില്ലിഗ്രഹാം പങ്കെടുത്തിരുന്നു. ഒരു ലക്ഷം ആളുകൾ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ സുവിശേഷകനും രാജ്യാന്തര പ്രഭാഷകനുമായ അദ്ദേഹം പതിവായി സുവിശേഷ പ്രഭാഷണ പര്യടനങ്ങളിലും സാമൂഹിക പ്രവർത്തനത്തിലും സജീവമാണ്. ബില്ലി ഗ്രഹാമിന്റെ മകനായ അദ്ദേഹം ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെയും (BGEA) അന്താരാഷ്ട്ര സുവിശേഷ ക്രിസ്ത്യൻ മാനുഷിക സഹായ സംഘടനയായ സമരിറ്റൻസ് പഴ്സിന്റെയും പ്രസിഡന്റും സിഇഒയുമാണ് . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സമരിറ്റൻസ് പഴ്സ് ഒരു പ്രമുഖ ആഗോള ക്രിസ്ത്യൻ ദുരിതാശ്വാസ സംഘടനയായി മാറി, ലോകമെമ്പാടുമുള്ള പ്രതിസന്ധി മേഖലകളിൽ അടിയന്തര സഹായം നൽകുന്നു. ഉക്രെയ്ൻ, പാകിസ്ഥാൻ, ആഫ്രിക്ക സംഘർഷങ്ങളോ പ്രകൃതി ദുരന്തങ്ങളോ ബാധിച്ച മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയ തോതിലുള്ള സഹായങ്ങൾ നൽകിയിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ളതും അറിയപ്പെടുന്നതുമായ സുവിശേഷകരിൽ ഒരാളാണ് ഗ്രഹാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ചാരിറ്റബിൾ സംഘടനകളിലൊന്നാണ് അദ്ദേഹത്തിൻ്റേത്. അമേരിക്കൻ പ്രസിഡൻ്റ്മാരോട് നല്ല അടുപ്പം പുലർത്തുന്ന കുടുംബമാണ് ബില്ലി ഗ്രഹാമിൻ്റെ കുടുംബം. അമേരിക്കൻ പ്രസിഡൻ്റ്മാരുടെ സ്ഥാനാരോഹണത്തിന് ഇവരുടെ പ്രാർഥന ഉണ്ടായിരിക്കും. ഇന്ത്യയെ സ്നേഹിക്കുന്ന ഗ്രഹാമിന് സന്ദർശനം നിഷേധിച്ചത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.