ഒട്ടാവ: ഉലഞ്ഞ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, കാനഡ ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞനായ ക്രിസ്റ്റഫർ കൂറ്ററെ നിയമിച്ചു. പത്ത് മാസങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു നിയമനം നടക്കുന്നത്.
പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞൻ ദിനേശ് കെ. പട്നായിക്കിനെ നേരത്തെ നിയമിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
1990-ൽ കാനഡയുടെ വിദേശകാര്യ, അന്താരാഷ്ട്ര വ്യാപാര വകുപ്പിൽ ചേർന്ന ക്രിസ്റ്റഫർ കൂറ്റർ, കെനിയയിലും ഇന്ത്യയിലും പൊളിറ്റിക്കൽ ഓഫീസറായും കംബോഡിയയിൽ ചാർജ് ഡി അഫയേഴ്‌സായും ‘നാറ്റോ’യിലെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസന്റേറ്റീവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക, തുർക്കി, ജോർജിയ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഹൈക്കമ്മീഷണറായും അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. (ഐ.എ.എൻ.എസ്)
