advertisement
Skip to content

"കറി ലീവ്സ്" രുചിയുടെ കലവറ

രാജു മൈലപ്ര

'വൈകീട്ടെന്താ പരിപാടി?' ; ചോദിച്ചത് ലാലേട്ടനല്ല. ഫ്‌ളോറിഡായില്‍ വന്നതിന് ശേഷം പരിചയപ്പെട്ട സഹൃദയനായ ശ്രീ. മാത്യു മുണ്ടിയാംങ്കല്‍ എന്ന സുഹൃത്താണ്.
'പ്രത്യേകിച്ചൊന്നുമില്ല...'

'എന്നാല്‍ നമുക്കു ഇവിടെയടുത്തുള്ള ഒരു ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ പോയി ഡിന്നര്‍ കഴിച്ചാലോ?'- പുതുതായി തുടങ്ങിയതാണ്-'

ആ ഒരു നല്ല ഓഫര്‍ നിരസ്സിക്കുവാന്‍ ഭക്ഷണപ്രിയനായ എനിക്കു മനസു വന്നില്ല.

അങ്ങിനെയാണ് ഞാനും, ഭാര്യ പുഷ്പയും, ശ്രീ മാത്യു മുണ്ടിയാംങ്കലും, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി അല്ലിയും ഒരുമിച്ച് റ്റാമ്പായിലെ വെസ്റ്റ് ഷോര്‍ പ്ലാസയില്‍ ആരംഭിച്ച കറി ലീവ്‌സ് എന്ന ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ എത്തിയത്.

ഇന്‍ഡ്യന്‍ കസ്റ്റമേഴ്‌സിനെ മാത്രം ലക്ഷ്യം വെച്ച് അമേരിക്കയില്‍ ഒരു റസ്‌റ്റോറന്റ് തുടങ്ങിയാല്‍, അതിന്റെ വിജയത്തിനു പരിമിതികളുണ്ട്. സിറ്റിംഗിനു വേണ്ടി കറി ലീവ്‌സിന്റെ മുന്നില്‍ കാത്തു നില്‍ക്കുന്ന അമേരിക്കന്‍സിനെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. ക്ഷമയോടു കൂടിയുളള ഇവരുടെ കാത്തിരിപ്പു തന്നെ 'കറി ലീവ്‌സി'ല്‍ വിളമ്പുന്ന ഭക്ഷണ സ്വാദിന്റെ സാക്ഷ്യപത്രമാണ്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഒരു വന്‍ സംരഭകനായ ശ്രീ.മുണ്ടിയാംങ്കല്‍, ഏതു രേഖയും വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ ഒരു തീരുമാനമെടുക്കുകയുള്ളൂ. 'മെനു' സശ്രദ്ധം വായിച്ച്, സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷമാണ് അദ്ദേഹം തന്റെ 'ഓര്‍ഡര്‍' നല്‍കിയത്. ശ്രീമതി അല്ലി ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ആരോഗ്യപരമായ ഗുണമേന്മ കൂടി പരിശോധിക്കും. അമ്മയുടെ പക്കല്‍ നിന്നും പാരമ്പര്യമായി കൈമാറി കിട്ടിയ കൈപ്പുണ്യമാണെന്ന അവകാശവുമായി എന്റെ ഭാര്യ ഒരു സ്വയം പ്രഖ്യാപിത പാചക വിദഗ്ദയാണ്. 'തിരഞ്ഞു കടിക്കാത്ത' എന്തും കഴിക്കുന്ന സ്വഭാവക്കാരനാണു ഞാന്‍.

'ഓര്‍മ്മയുണ്ടോ ഈ മുഖം?' - ചോദ്യം എന്നോടാണ്. മുഖമുയര്‍ത്തി നോക്കിയപ്പോള്‍, സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. അടുത്ത പരിചയക്കാരാണെങ്കില്‍ പോലും, അവരുടെ പേര് ഓര്‍ത്തു വെയ്ക്കുന്നതില്‍ ഞാനൊരു തികഞ്ഞ പരാജയമാണ്.

ഓര്‍മ്മകള്‍ കുറച്ചു പിന്നിലോട്ടു പോയപ്പോള്‍, എന്റെ സുഹൃത്ത് ബേബി ഊരാളില്‍, ഫ്‌ളോറിഡായില്‍ തുടങ്ങിയ സണ്‍ഷൈന്‍ ലാബിന്റെ ഉഘാടന വേളയിലാണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്ന് മനസ്സിലായി.

ആളാരാണെന്ന് അറിയേണ്ട? അദ്ദേഹമാണ് കഴി ലീവ്‌സിന്റെ സാരഥി-ശ്രീ സജി മാത്യു.

ഇനി ചെറിയൊരു ഫ്‌ളാഷ് ബാക്ക്:
സമ്പന്നതയുടെ ആഢംബരങ്ങള്‍ നിറഞ്ഞതായിരുന്നില്ല സജിയുടെ ബാല്യകാലം. കിടങ്ങൂര്‍ എന്ന ഗ്രാമത്തില്‍ അദ്ധ്വാന ശീലരായ മാതാപിതാക്കളോടൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. അവരുടെ ശിക്ഷണത്തിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും വളര്‍ന്നത് മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു നല്‍കുന്ന ചവിട്ടുപടികളായി.

ആഘോഷവേളകളില്‍, സ്വന്തം ഭവനത്തില്‍ ഒരുക്കിയിരുന്ന പ്രത്യേക വിഭാവങ്ങളുടെ സ്വാദ്, തന്റെ രുചിയറകളില്‍ കേടുകൂടാതെ സജി സൂക്ഷിച്ചുവെച്ചിരുന്നു.

അതിരുകളില്ലാത്ത സ്വപ്‌നങ്ങളുടെ ചിറകിലേറി പറക്കുന്നത് ചെറുപ്പം മുതലേ സജിയുടെ ഒരു സവിശേഷതയായിരുന്നു.

തന്റെ തലക്കു മുകളിലെ വിശാലമായ ആകാശവീഥിയിലൂടെ അങ്ങകലെ ഏഴാം കടലനിക്കരെയിലേക്കു പറക്കുന്ന വിമാനങ്ങളെ നോക്കി തന്റെ മനസ്സിലൊരു പ്രതിജ്ഞ കുറിച്ചിട്ടു:

'ഒരിക്കല്‍ ഞാനും അമേരിക്കയിലെത്തും'-
ഒരു നിമിത്തമെന്ന പോലെ, ഒരു ബന്ധുവിന്‌റെ സഹായത്തോടെ സജി ഷിക്കാഗോയിലെത്തി. ചെറിയൊരു ജോലിയൊടൊപ്പം പഠനവും തുടര്‍ന്നു. പരിമിതമായ തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിച്ചവരുടെ മുന്നില്‍ പതറാതെ, അതൊരു വെല്ലുവിളിയായി സ്വീകരിച്ച്, അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് കാലിടറാതെ നടന്നു കയറി. കാലക്രമേണ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് എന്ന ഡിഗ്രി തന്റെ പേരിനോടൊപ്പം ചേര്‍ത്തു. എന്നാല്‍ വിധി, സജിയുടെ ജീവിതരേഖ മറ്റൊരു വഴിക്കു തിരിച്ചു വിട്ടു.

ഷിക്കാഗോയില്‍ നിന്നും, റ്റാമ്പായിലേക്കു താമസം മാറ്റിയ അദ്ദേഹം ഒരു ചെറിയ ഗ്യാസ് സ്റ്റേഷന്‍ വാങ്ങിക്കൊണ്ട്, തന്റെ സംരഭക യാത്രക്കു തുടക്കമിട്ടു. തുടര്‍ന്നു ഒരു മെക്കാനിക് ഷോപ്പ്, പിസാക്കട, തുടര്‍ന്ന് ഒരു ഇന്‍ഡ്യന്‍ റെസ്‌റ്റോറന്റ്- കറി ലീവ്‌സിന്റെ എളിയ തുടക്കം അവിടെ നിന്നാണ് ആരംഭിക്കുന്നത്.

അദ്ധ്വാനിക്കുന്നവരുടെ മുന്നില്‍ ദൈവം പല വാതിലുകള്‍ തുറക്കുമല്ലോ! അവസരമൊത്തു വന്നപ്പോള്‍, അല്പം ആശങ്കയോടു കൂടിയാണെങ്കില്‍ത്തന്നെയും, കറി ലീവ്‌സിന്റെ ആസ്ഥാനം റ്റാമ്പായിലെ വെസ്റ്റ്‌ഷോര്‍ പ്ലാസയിലെ തികച്ചും ആകര്‍ഷണീയമായ ഒരു സ്ഥലത്തേക്കു മാറ്റി.

ഭാരതീയ സംഗീത തരംഗത്തിന്റെ അകമ്പടിയോടെ അകത്തേക്കു പ്രവേശിക്കുമ്പോള്‍, ആദ്യം നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഇന്‍ഡ്യന്‍ റിക്ഷായുടെ ആധികാരിക പകര്‍പ്പാണ്- ഇന്‍ഡ്യയിലെ സാധാരണക്കാരുടെ വാഹനം.

വിശാലമായ ഡൈനിംഗ് ഹാളിന്റെ ഭിത്തിയില്‍, ബുദ്ധിയുടേയും, ശക്തിയുടേയും, പാരമ്പര്യത്തിന്റേയും പ്രതീകമായ ഒരു ഗജവീരന്റെ ചുവര്‍ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

മസാലദോശ മുതല്‍ മട്ടണ്‍ബിരിയാണി വരെ, അനേകം വിഭവങ്ങളുടെ വിവരങ്ങള്‍ മെനുകാര്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്നു. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച്, പ്രത്യേകം തയ്യാറാക്കിയ മസാലക്കൂട്ടുകള്‍ ചേര്‍ത്താണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

ജന്മദിനം, വിവാഹവാര്‍ഷികം, ബിസിനസ് മീറ്റിംഗ്, സൗഹൃദകൂട്ടായ്മ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ഒത്തുകൂടുന്നതിനുള്ള 'പ്രൈവറ്റ് ഡൈനിംഗ്' സൗകര്യവും ഇവിടെയുണ്ട്.

അമേരിക്കന്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കണമെങ്കില്‍ റെസ്റ്റോറന്റിനോടൊപ്പം ഒരു 'ബാറു' കൂടി വേണം. 'കറി ലീവ്‌സി'ല്‍ അതിനുമൊരു കുറവു വരുത്തിയിട്ടില്ല. നാടന്‍ തെങ്ങിന്‍ കള്ളു മുതല്‍ മുന്തിയ ഇനം വിദേശ മദ്യങ്ങള്‍ വരെ ഇവിടെ ലഭ്യമാണ്.

ഞങ്ങള്‍ ഡിന്നറു കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴും, 'കറി ലീവ്‌സി'ല്‍ , കരുതലോടെ സ്‌നേഹം ചേര്‍ത്തു വിളമ്പുന്ന ഭക്ഷണം ആസ്വദിക്കുവാന്‍ കാത്തു നില്‍ക്കുന്നവരുടെ തിരക്കു കുറഞ്ഞിരുന്നില്ല.

സജിമാത്യുവുമായി ബന്ധപ്പെടുവാനുള്ള നമ്പര്‍: 727-776-3827

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest