ഡാലസ്∙ ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാലസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും.
1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ പാർക്ക്‌ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു. നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസ് ആണ് ഭർത്താവ്.

നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്തരൂപങ്ങളും പൂർവ്വ സ്മൃതികളുണർത്തുന്ന മാർഗ്ഗം കളിയും ടെക്‌സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും. അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ദ്ധർ ഇരുപത്തിരണ്ടു വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകത. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ജൂഡി ജോസ് 4053260190, സൈജു വർഗീസ് 6233377955, ബിജു ലോസൺ 9723420568, ഡക്സ്റ്റർ ഫെരേര 9727684652, ഷാജി ആലപ്പാട്ട് 2142277771.
കൂടാതെ ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ റജിസ്റ്റർ ചെയ്യണമെന്നും പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നതായും സംഘാടകർ അറിയിച്ചു.
ബിനോയി സെബാസ്റ്റ്യൻ
