ബിനോയി സെബാസ്റ്റ്യൻ
ഡാലസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സസ് ഇൻഡോ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക് പൊന്നാടയണിച്ച് ഫലകം നൽകിയാദരിച്ചു.
നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്കലാൻഡ് ഹോസ്‌പിറ്റലിൽ നഴ്സിങ് സൂപ്പർവൈസറായി പ്രവർത്തിച്ച ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്. അന്തരിച്ച സാംസ്കാരിക സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമാതാവുമായ സി.എൽ ഫ്രാൻസിസ് ഭർത്താവാണ്.
അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ്, സെക്രട്ടറി സിൻജോ തോമസ്, ഫോമ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു തോമസ്, ഫോമ മുൻ വിമൻ ചെയർ രഷ്മ രഞ്ജിത്ത്, സാം മത്തായി, ജോജോ കോട്ടാക്കൽ, അസോസിയേഷൻ സീനിയർ ഡയറക്ടർ ഡക്സ്റ്റർ ഫെരേര, തുടങ്ങിയവർ ഫ്രാൻസിസിന്റെ വൈവിധ്യമാർന്ന സംഭാവനകളെ പരാമർശിച്ചു സംസാരിച്ചു.
ചടങ്ങിൽ ഐറിൻ കല്ലൂർ അവതാരകയായിരുന്നു. വിനോദ് കോണ്ടൂർ നന്ദി പ്രകാശിപ്പിച്ചു. സൈജു വർഗീസ്, ഷാജി അലപ്പാട്ട്, മനോജ് മഠത്തിൽ, ശ്രീനാഥ് ഗോപാലകൃഷ്ണൻ, അബീഷ്, സുനു ആന്റണി, മധു, ജോഷി, ബിനോ കല്ലങ്കൽ, പ്രവീൺ, ജോഫിൻ, തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വമേകി.