ചിക്കാഗോ: ഡാർവിന്റെ പരിണാമ സിദ്ധാന്തം വെറും മിഥ്യയാണ് എന്ന് ശാസ്ത്രീയ തെളിവുകളോടുകൂടി ഡോ. പി. വി. ചെറിയാൻ തന്റെ Brilliant Bloopers (അസാമാന്യമായ മണ്ടത്തരങ്ങൾ) എന്ന പുതിയ പുസ്തകത്തിലൂടെ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. ജീവിത പരിണാമങ്ങൾ മൂലം അനേക കോടി സസ്യവർഗ്ഗങ്ങളും ജന്തുവർഗ്ഗങ്ങളും ഒപ്പം മനുഷ്യവർഗ്ഗവും ഒരുവിധത്തിലും ഉണ്ടാകയില്ല എന്നത് ശാസ്ത്രീയമായും ജീവശാസ്ത്രപരമായും ദൈവശാസ്ത്രപരമായും അടിത്തറയുള്ള തെളിവുകൾ നിരത്തികൊണ്ടു തെളിയിക്കുകയാണ് ഈ പുസ്തകത്തിലൂടെ പ്രൊഫസർ ചെറിയാൻ. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ വാദങ്ങൾ വഞ്ചനയാണെന്നും, അഖിലാണ്ഡം മുഴുവനും സസ്യ- ജന്തു- മനുഷ്യർ ദൈവ കല്പനയാൽ ഉളവായതാണെന്നും ബ്രില്ല്യന്റ് ബ്ലൂപേർസ് എന്ന പുസ്തകം സമർത്ഥിക്കുന്നു.

കഴിഞ്ഞ 50 വർഷത്തിൽ അധികമായി അമേരിക്കയിൽ വിവിധ മെഡിക്കൽ സ്‌കൂളുകളിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള ഡോ. ചെറിയാൻ സയൻസും വേദശാസ്ത്രവും സമന്വയിപ്പിച്ച് നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. Origins of the Universe-Life and Species, New Perspectives from Science and Theology എന്ന പുസ്തകത്തിന്റെ തുടർച്ചയാണ് Brilliant Bloopers. ഈ പുസ്തകങ്ങൾ വായിച്ചാൽ പരിണാമസിദ്ധാന്തത്തിന്റെ മണ്ടത്തരങ്ങൾ മനസ്സിലാക്കാനും ദൈവവിശ്വാസം ഉറപ്പിക്കുന്നതിനും സഹായിക്കുമെന്ന് ദൈവശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ പ്രസിദ്ധരായ പ്രസാധകർ Covenant Book Publications ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. Barnes and Nobles, Amazon എന്നിവിടങ്ങളിൽ നിന്നും ഈ പുസ്തകം വാങ്ങാവുന്നതാണ്.
വിവിധ ശാസ്ത്രവിഷയങ്ങളിലും ദൈവശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുള്ള പ്രൊഫസർ ചെറിയാൻ മേപ്രാൽ പ്ലാമ്മൂട്ടിൽ കുടുംബാംഗമാണ്. ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ചിക്കാഗോയിൽ വിശ്രമ ജീവിതം നയിക്കുന്നു.
അലൻ ചെന്നിത്തല
