ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും "സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി" എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ ആ മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും.

അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം.







ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 2013 മുതൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ സമൂഹത്തിലെ മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്. ECHO SENIOR WELLNESS എന്ന പേരിൽ മുതിർന്നവരുടെ ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ കൂട്ടായ്മക്കും ഊന്നൽ നൽകി എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷം നാല് മണിക്കൂറോളം ഒരു കൂട്ടായ സമൂഹമായി ചേർന്ന് തുടങ്ങിയത്. വെള്ളിയാഴ്ചകളിൽ ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ (Clinton G Martin Park Community Hall, 1601 Marcus Avenue, New Hyde Park, NY 11042) എന്ന ടൌൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് ചെറിയ കൂട്ടായ്മയായി ആരംഭിച്ച പ്രസ്തുത പ്രൊജക്റ്റ് ഇന്ന് ലോങ്ങ് ഐലൻഡിലെ മറ്റൊരു സ്ഥലത്തേക്ക് കൂടി വ്യാപിപ്പിച്ചു.
ന്യൂഹൈഡ് പാർക്കിൽ നടത്തപ്പെടുന്ന അതേ ശൈലിയിൽ ലെവിടൗണിലുള്ള സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (St. Thomas Malankara Orthodox Church Auditorium, 110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4 മുതൽ 7 വരെ മുതിർന്നവരുടെ മനസികോല്ലാസത്തിനായി വിവിധ കളികളും, തുന്നൽ പരിശീലനവും, യോഗാ എക്സർസൈസ്, ജീവിത കഥകൾ, വിജ്ഞാനപ്രദമായ ക്ലാസ്സുകൾ എന്നിവ നടത്തി വരുന്നു. ന്യൂഹൈഡ് പാർക്കിൽ എല്ലാ വെള്ളിയാഴ്ചകളിലും രജിസ്റ്റർ ചെയ്‌തിരിക്കുന്ന മുന്നൂറിലധികം മലയാളീ സുഹൃത്തുക്കളിൽ നിന്നും ധാരാളം പേർ വന്നു പങ്കെടുത്ത് സന്തോഷകരമായി ജീവിക്കുന്നു. ചൊവ്വാഴ്ചത്തെ പരിപാടികളെപ്പറ്റി സുഹൃത്തുക്കളിൽ നിന്നും മറ്റും അറിഞ്ഞു കേട്ട് ലേവിടൗണിന് സമീപ പ്രദേശങ്ങളിലെ കൂടുതൽ ആളുകൾ ഓരോ ആഴ്ചയിലും വന്നു ചേരുന്നു. റിട്ടയർ ചെയ്ത് സ്വഭവനങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്ന എല്ലാ മലയാളീ സുഹൃത്തുക്കളും തികച്ചും സൗജന്യമായ ഈ പരിപാടിയിൽ പങ്കെടുത്ത് അവരവരുടെ ആരോഗ്യ പരിപാലനത്തിനും, സൗഹൃദ കൂട്ടായ്മക്കും, മാനസീകോല്ലാസത്തിനും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം എന്ന് സംഘാടകർ ആഗ്രഹിക്കുന്നു.
സീനിയേഴ്‌സിന്റെ ആരോഗ്യ പരിപാലനത്തിന് എക്കോയുടെ നേതൃത്വത്തിൽ മേൽപ്പറഞ്ഞ രണ്ടു കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന വിവിധ സേവന പരിപാടികൾ ഇവയാണ്. യോഗാ പരിശീലനം, ലാഫ്റ്റർ യോഗാ, കായിക വിനോദങ്ങൾ, തുന്നൽ പരിശീലനം, കരകൗശല നിർമ്മണ പരിശീലനം, ഫിസിക്കൽ തെറാപ്പി എക്‌സർസൈസുകൾ, ആരോഗ്യ പരിപാലന ക്ലാസുകൾ, സോഷ്യൽ വർക്ക് ക്ലാസുകൾ, ജീവിതകഥ പങ്കുവയ്ക്കൽ, സംഗീത പരിപാടികൾ, കലാ പരിപാടി അവതരണം, റിട്ടയർമെന്റ് ജീവിത പരിശീലനങ്ങൾ തുടങ്ങി സീനിയേഴ്സിൻറെ മാനസിക പുരോഗതിക്കും, ആരോഗ്യ പരിപാലനത്തിനും ഉതകുന്ന വിവിധ പരിപാടികൾക്കാണ് എക്കോ ഊന്നൽ നൽകുന്നത്. പൂർണ്ണമായും സൗജന്യമായാണ് എക്കോ ഈ പരിപാടികൾ നടത്തുന്നത്. ചൊവ്വാഴ്ചയിലേയും വെള്ളിയാഴ്ചയിലേയും സൗജന്യ പരിപാടികളിൽ ലഖു ഭക്ഷണവും പ്രസ്തുത ദിവസങ്ങളിൽ നൽകുന്നുണ്ട്.
എക്കോ അതിലെ അംഗങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി ഓണാഘോഷം തിരുവോണ നാളായ സെപ്റ്റംബർ 5 വെള്ളിയാഴ്ച്ച വൈകിട്ട് 4 മുതൽ 9 വരെയുള്ള സമയം ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. അന്നേ ദിവസം വിവിധ കലാപരിപാടികളോടും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി ഈ വർഷത്തെ ഓണം അവിസ്മരണീയം ആക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
സമീപ ഭാവിയിൽ മലയാളീ സമൂഹത്തിലെ മുതിർന്നവരുടെ ആരോഗ്യ പരിപാലനത്തിനും, മാനസീക ഉന്നമനത്തിനുമായി ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കുന്ന മാതൃകയിൽ ഒരു സീനിയർ വെൽനെസ്സ് ഡേ കെയർ സെന്റർ ന്യൂഹൈഡ് പാർക്ക് പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്കോ ചെയ്തു വരുന്നു. അതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. 4,500 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള ഒരു കെട്ടിടത്തിൽ ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള ടൗൺ അംഗീകാരം കിട്ടിയാലുടൻ അത്തരം ഒരു സൗകര്യം മലയാളികൾക്കായി ക്രമീകരിക്കുന്നതിന് എക്കോ ഭാരവാഹികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുതിർന്ന പൗരന്മാരുടെ ശാരീരിക-മാനസിക പുരോഗമനത്തിനായി ആരംഭിക്കുന്ന പ്രസ്തുത ഡേ കെയർ ഏറ്റവും നല്ല രീതിയിൽ നടത്തുന്നതിനാണ് സംഘാടകർ പദ്ധതിയിടുന്നത്. ഇതിൽ എല്ലാവരും ഭാഗഭാക്കായി അത് ഏറ്റവും പ്രയോജനപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തടേയും ഉത്തരവാദിത്വമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Email ID: echoforusa@gmail.com ; Website: www.wchoforhelp.org
Phone: 516-902-4300
