advertisement
Skip to content

സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ അദ്ധ്യായം രചിച്ച് “എക്കോ” പുതിയ തലങ്ങളിലേക്ക്; ഫണ്ട് റെയ്‌സർ ഡിന്നറും അവാർഡ് നൈറ്റും നവംബർ 22-ന് ബെത്‌പേജിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട് എന്ന യാഥാർഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മിൽ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തിൽ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വർദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരിൽ നിന്നും അകന്ന് സ്വഭവനങ്ങളിൽതന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സിൽ ചിന്തിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഒതുങ്ങി കഴിയാൻ ചിന്തിക്കുന്നവരെ കൈപിടിച്ചുയർത്തി സമൂഹത്തിൻറെ മുൻ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എക്കോ (ECHO - Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.

ധാരാളം മലയാളികൾ വസിക്കുന്ന പ്രദേശമാണ് ലോങ്ങ് ഐലൻഡ്. അവരിൽ ഭൂരിഭാഗവും ക്വീൻസ്, ഫ്ലോറൽ പാർക്ക്, ന്യൂഹൈഡ് പാർക്ക്, എൽമോണ്ട്, ഈസ്റ്റ് മെഡോ, ഹിക്‌സ്‌വിൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസം. അതിൽ നല്ലൊരു പങ്കു മലയാളികളും ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ആ കൂട്ടരിൽ അധികം പേരും ഇപ്പോൾ അറുപതോ എഴുപതോ വയസ്സിന് മുകളിൽ പ്രായമുള്ളവരും. സമൂഹത്തിൽ ഒറ്റപ്പെടുന്ന സീനിയേഴ്‌സിന് താങ്ങും തണലുമായി അവരുടെ ശാരീരിക-മാനസിക ആരോഗ്യ പരിപാലനത്തിനും ഉന്നമനത്തിനുമായി ബ്രഹത്തായ പദ്ധതിയായ "സീനിയർ വെൽനെസ്സ് പ്രോഗ്രാം" (Senior Wellness Program) ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് 2021 മാർച്ചിൽ ആരംഭം കുറിച്ചതാണ് ECHO എന്ന സംഘടന. എല്ലാ വെള്ളിയാഴ്ചയും (ആഴ്ചയിൽ ഒരു ദിവസം മാത്രം) വൈകിട്ട് 3 മുതൽ 7 മണി വരെ മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിൽ സീനിയേഴ്സിൻറെ ഒരു സൗഹൃദ കൂട്ടായ്മക്ക് ECHO വേദിയൊരുക്കി. തുടക്കത്തിൽ മുപ്പതിനടുത്തു മാത്രം മുതിർന്നവർ ഒത്തുകൂടിയ സ്ഥലത്ത് ഇപ്പോൾ നാലു വർഷം പിന്നിടുമ്പോൾ നാനൂറോളം പേർ ഒത്തുകൂടുന്ന അവസ്ഥയിലേക്ക് വളർന്നു. മൂന്നു വർഷം പിന്നിട്ടപ്പോൾ 2024 രണ്ടാം പാതിയിൽ ലെവിടൗണിലുള്ള സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയുടെ ഓഡിറ്റോറിയത്തിൽ (110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 4 മുതൽ 7 മണി വരെ ഒത്തുകൂടുന്ന രീതിയിലുള്ള രണ്ടാമത്തെ കേന്ദ്രം ആരംഭിച്ച് ECHO-യുടെ പ്രവർത്തന പന്ഥാവ് വികസിപ്പിക്കുന്നതിന് സാധിച്ചു എന്നത് പ്രശംസനീയമാണ്.

ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അകമഴിഞ്ഞ സംഭാവനകളും സഹായമനസ്കരായ മനുഷ്യസ്നേഹികളുടെ സഹായങ്ങളുമാണ് പ്രസ്തുത പരിപാടികൾ മുൻപോട്ടു നടത്തുന്നതിന് ഇപ്പോൾ സഹായകമാകുന്നത്. വാർഷിക ഡിന്നറും അവാർഡ് ദാനവും ഫണ്ട് റെയ്‌സർ പരിപാടിയായി നടത്തുമ്പോൾ ലഭിക്കുന്ന തുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും സീനിയർ വെൽനെസ്സ് പ്രോഗ്രാമിന്റെ നടത്തിപ്പിനുമായി സഹായകം ആകുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നാല് മണിക്കൂർ വീതം മാത്രം നടത്തിവരുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാം ആഴ്ചയിൽ അഞ്ചു ദിവസം എട്ടു മണിക്കൂർ വീതം നടത്തുന്നതിനുള്ള വളരെ ചിലവേറിയ പദ്ധതിയാണ് സംഘടനാ ഭാരവാഹികൾ ഇപ്പോൾ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്.

നൂറോ നൂറ്റമ്പതോ പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഴ്ചയിൽ അഞ്ചു ദിവസവും നടത്തുവാൻ പദ്ധതിയിടുന്ന പരിപാടിക്ക് വാടക, ഭക്ഷണം, മാനേജ്മെൻറ് ഇനത്തിൽ തന്നെ മാസം തോറും നല്ലൊരു തുക ചെലവ് വരുന്നു. ഗവണ്മെന്റിന്റെയോ മറ്റ് ഫൗണ്ടേഷനുകളുടെയോ സഹായം ലഭിക്കണമെങ്കിൽ ഇത്തരം ഒരു പദ്ധതി മൂന്നോ നാലോ വർഷം ഭംഗിയായി പ്രവർത്തിക്കണം എന്നതാണ് നിബന്ധന. തുടക്ക വർഷങ്ങളിൽ നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായഹസ്തങ്ങൾ ലഭിച്ചാൽ മാത്രമേ മുമ്പോട്ട് പോകുവാൻ സാധിക്കൂ. അതിനാൽ ECHO ഒരു ഡിന്നർ ഫണ്ട് റെയ്‌സർ പ്രോഗ്രാം നവംബർ 22 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 9:30 വരെ ബെത്‌പേജിലുള്ള ദി സ്റ്റെർലിങ് ബാങ്ക്വറ്റ് ഹാളിൽ (The Sterling Banquet Hall, 345 Hicksville Road, Bethpage, NY 11714) നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. പ്രശസ്‌ത മജീഷ്യനും തിരുവനന്തപുരം മാജിക് പ്ലാനെറ്റ്, ഡിഫറൻറ് ആർട്സ് സെന്റർ എന്നിവയുടെ സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ആ ദിവസം വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതാണ്.

ECHO-യുടെ ആവിർഭാവം:

സ്വന്തം ജീവിതത്തിൽ കനിഞ്ഞ് കിട്ടിയ ചില നന്മകൾ സമൂഹത്തിനു കൂടി ഉപകാരപ്രദമാവുന്ന തരത്തിൽ തികച്ചും ദുരിതം അനുഭവിക്കുന്നവർക്ക് പങ്കുവയ്ക്കണമെന്ന ചിന്ത മനസിൽ സൂക്ഷിച്ച ആറ് സുമനസ്സുകളുടെ ഒരുമിച്ചുകൂടലാണ് 2013-ൽ ലോങ്ങ് ഐലൻഡിൽ രൂപം കൊണ്ട ECHO. പ്രകൃതി ദുരന്തത്താലും മറ്റ് അപ്രതീക്ഷിത ജീവിത സാഹചര്യങ്ങളാലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാൻ സ്വന്തം വരുമാനത്തിൽ നിന്നും തുക മാറ്റിവച്ച് ആരംഭം കുറിച്ച പ്രവർത്തനം. പിന്നീടങ്ങോട്ട് 2014-ൽ നേപ്പാൾ ഭൂകമ്പത്തിൽ അപകടം നേരിട്ടവരെ സഹായിക്കുവാൻ മുപ്പതിനായിരം ഡോളർ ശേഖരിച്ച് ഒരു പ്രാഥമിക ചികിത്സാ കേന്ദ്രം നിർമ്മിച്ചു നൽകുവാൻ അവസരം ലഭിച്ചു.

ഭവന നിർമ്മാണ പദ്ധതികൾ:

അതിന് ശേഷം കോട്ടയം റോട്ടറി ക്ളബ്ബുമായി സഹകരിച്ച് കുമരകത്ത് മുപ്പത് ഭവനരഹിതർക്ക് സമാധാനമായി അന്തിയുറങ്ങുവാൻ മുപ്പത് വീടുകൾ നിർമ്മിച്ച് നൽകുന്നതിന് മുൻകൈ എടുത്തു. അതിനായി ഏകദേശം രണ്ടു ലക്ഷം ഡോളറാണ് ചെലവിട്ടത്. അപ്പോഴേക്കും നല്ലവരായ മറ്റ് ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു തുടങ്ങി. അത് സംഘടനാ നേതൃത്വത്തിന് മനോധൈര്യം നൽകി. നല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാൽ സഹായിക്കുവാൻ തയ്യാറുള്ളവർ സമൂഹത്തിൽ ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ സഹായ മനസ്കരായ കുറേപ്പേരുടെ സഹായത്താൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിലെ വിവിധ ഗ്രാമങ്ങളിലായി അൻപതിലധികം ഭവന രഹിതർക്ക് സാമാന്യം ഭേദപ്പെട്ട നിലയിലുള്ള കിടപ്പാടങ്ങൾ നിർമ്മിച്ചു നൽകുവാൻ ECHO എന്ന പ്രസ്ഥാനത്തിന് സാധ്യമായി. അർഹതപ്പെട്ടവർക്ക് നേരിട്ട് സഹായങ്ങൾ നല്കുന്നതിനാലും സംഭാവനയായി ലഭിക്കുന്ന ഓരോ തുകക്കും സുതാര്യത ഉണ്ടെന്ന് മനസ്സിലാക്കിയതിനാലും എക്കോയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന് കൂടുതൽ പേർ മുമ്പോട്ട് വന്നു. അതിനാൽ ഇനിയും ധാരാളം പേരെ കൈ പിടിച്ചുയർത്തുവാൻ ഈ സംഘടന പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുന്നു.

വിദ്യാർഥികൾക്ക് SAT പരീക്ഷ സ്കോളർഷിപ്പ് പദ്ധതി:

സഹായഹസ്തങ്ങൾ കേരളത്തിലേക്കോ ഇന്ത്യയിലേക്കോ മാത്രം നിജപ്പെടുത്താതെ ലോങ്ങ് ഐലൻഡിൽ തന്നെയുള്ള യുവ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി SAT പരീക്ഷക്ക് വേണ്ടിയുള്ള കോച്ചിങ് ക്ലാസ്സുകളിൽ ചേർന്ന് പഠിക്കുന്നതിന് ആവശ്യമായ ഫീസ് നൽകുന്നതിന് സ്കോളർഷിപ് പദ്ധതി തയ്യാറാക്കി എന്നത് എക്കോയുടെ മറ്റൊരു ചുവടുവയ്പ്പായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ഏകദേശം മുന്നൂറോളം വിദ്യാർഥികൾ ഇതിന്റെ പ്രയോജനം ഇതിനോടകം ഉപയോഗപ്പെടുത്തി. പ്രസ്തുത പദ്ധതി തുടർ വർഷങ്ങളിലും തുടരുന്നതാണ്. അതുപോലെ വിദ്യാർഥികളുടെ കരിയർ ഡെവലപ്പ്മെന്റിനു ആവശ്യമായ ട്രെയിനിങ് പ്രോഗ്രാമുകളും എക്കോ നടത്തി വരുന്നു.

കിഡ്‌നി ഫെഡറേഷൻ സഹായ പദ്ധതി:

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ച് കേരളത്തിലെ ഏതാനും ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ഡയാലിസിസ് യൂണിറ്റുകൾ നൽകി ECHO സഹായിച്ചു. കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ നൽകുന്നതിനും ആലോചനയുണ്ട്. പ്രസ്തുത ഡയാലിസിസ് യൂണിറ്റുകളിലൂടെ ധാരാളം നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ഇന്നും നൽകിക്കൊണ്ടിരിക്കുന്നു. പ്രസ്തുത യൂണിറ്റുകളുടെ മെയിന്റെനൻസിനും തുടർ നടത്തിപ്പുകൾക്കും കിഡ്നി ഫെഡറേഷന് എക്കോ തുടർന്നും സഹായം നൽകി വരുന്നു.

"ഹംഗർ ഹണ്ട്" സൗജന്യ ഭക്ഷണ വിതരണ പദ്ധതി:

"നൂറ് പേർക്ക് ഭക്ഷണം കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകൂ" എന്ന മദർ തെരേസയുടെ വാക്കുകൾ പിന്തുടർന്ന് വിശക്കുന്നവർക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്ന പദ്ധതിയാണ് ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തി വരുന്ന "ഹംഗർ ഹണ്ട്" (Hunger Hunt) പദ്ധതി. കേരളത്തിലുള്ള നൂറുകണക്കിന് അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നൽകുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ജയിൽ ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ ജയിലുകളിൽ ഭക്ഷണം പാകം ചെയ്ത് പാക്കറ്റുകളാക്കി വൈ.എം.സി.എ.-യുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അഗതി മന്ദിരങ്ങളിൽ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്. മാനവീകതക്ക് മുൻ‌തൂക്കം നൽകി സമൂഹത്തിൽ പ്രവർത്തിക്കുന്ന ചിറമ്മേലച്ചന്റെ "ഹംഗർ ഹണ്ട്" പദ്ധതിയിൽ ECHO സഹായം ചെയ്തു വരുന്നു.

മദർ തെരേസ്സാ സേവനാ അവാർഡ്:

അമേരിക്കയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് സാമൂഹിക സേവനത്തിന് (Social Service) ട്രെയിനിങ് നല്കുന്നതുപോലെ കേരളത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കും സാമൂഹിക സേവന പരിശീലനം നൽകുന്നതിനുള്ള പദ്ധതിയാണ് "മദർ തെരേസ്സാ സേവനാ അവാർഡ്". കേരളത്തിൽ ഓരോ ജില്ലയിലും ഏറ്റവും നല്ല സാമൂഹിക സേവനം നടത്തുന്ന സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും അവാർഡും സ്കോളർഷിപ്പും നൽകി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ECHO-യുടെ പ്രാഥമിക സാമ്പത്തിക സഹായത്താലാണ് ഈ പദ്ധതി പ്രാവർത്തികമായത്. അതിനുള്ള സഹായം എല്ലാ വർഷവും ECHO തുടർന്നും നൽകിവരുന്നു. ഈ പദ്ധതിയുടെ അമേരിക്കൻ കോർഡിനേറ്റർ കൂടിയാണ് ECHO എന്ന സംഘടന.

“ഫണ്ടേപ്പാസ്” - ഇന്റർനാഷണൽ സഹകരണം :

തെക്കേ അമേരിക്കയിലെ കൊളമ്പിയൻ ജനതയുടെ ഉന്നമനത്തിനും സമാധാനത്തിനുമായി രൂപീകരിക്കപ്പെട്ട "ഫണ്ടേപ്പാസ്" (FUNDEPAZ) എന്ന സംഘടനയുമായി പല ചാരിറ്റി പ്രവർത്തനങ്ങൾക്കും ECHO കൈകോർത്ത് സഹകരിച്ച് പ്രവർത്തിക്കുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിർധനരായവർക്ക് വേണ്ടി ഫണ്ടേപ്പാസ് നിർമ്മിച്ചു നൽകിയ വീടുകൾക്ക് ECHO ധന സഹായം നൽകി അവരുടെ ചാരിറ്റി പ്രവർത്തനത്തിന് പിന്തുണ കൊടുത്തു. ആഗോളതലത്തിലുള്ള പ്രസ്തുത പ്രവർത്തനത്തിന് ECHO തങ്ങളാലാകും വിധം സഹായിക്കുന്നു.

"എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡ്":

ECHO നേരിട്ട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും സ്വയമായി വിവിധ രംഗങ്ങളിൽ ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് 2021-ൽ ഏർപ്പെടുത്തിയ "ECHO HUMANITARIAN AWARD" അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്. വാർഷിക ഫണ്ട് റെയ്‌സർ ഡിന്നർ മീറ്റിംഗിനോടൊപ്പം, നടക്കുന്ന ചടങ്ങിലാണ് അവാർഡ് ജേതാക്കളെ ആദരിക്കുന്നത്. അവാർഡ് ദാനത്തിന് ആഴ്ചകൾക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി പൊതുജനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് അർഹരായവർക്ക് ഫലകവും ക്യാഷ് പ്രൈസും നൽകുകയാണ് പതിവ്. ഈ വർഷവും നിബന്ധനകൾക്ക് അനുസൃതമായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വാർത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

സീനിയർ വെൽനെസ്സ് പ്രോഗ്രാം:

ECHO-യുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ "സീനിയർ വെൽനെസ്സ് പ്രോഗ്രാം" പ്രതീക്ഷിച്ചതിലും അധികം ഭംഗിയായി മുന്നേറുന്നു. ഈ പദ്ധതിയിലേക്കാണ് ECHO ഇനി പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ പരിപാടിയിൽ ഒരിക്കൽ പങ്കെടുക്കുന്നവർക്ക് വീണ്ടും വീണ്ടും പങ്കെടുക്കുവാനുള്ള താൽപ്പര്യം വരുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. യോഗയും, എക്സർസൈസും, മാനസീകോല്ലാസത്തിനുള്ള ക്യാരംസ്, ചെസ്സ് തുടങ്ങിയ കളികളും, വിജ്ഞാനപ്രദമായ വിഷയങ്ങളിലുള്ള ക്‌ളാസ്സുകളും, ചർച്ചകളും, തുന്നൽ പരിശീലനങ്ങളും, കഥകൾ, പാട്ട്, തമാശകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരങ്ങളും എല്ലാമായി ചൊവ്വാഴ്ചകളിലെയും വെള്ളിയാഴ്ചകളിലെയും വൈകിട്ട് നാല് മണിക്കൂർ മുതിർന്നവർ ചെലവിടുന്നത് വളരെ സന്തോഷകരമായാണ്.

ആഴ്ചയിൽ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമാണെങ്കിലും അത് സീനിയേഴ്സിന് എത്രമാത്രം പ്രയോജനപ്പെടുന്നു എന്നത് അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ മനസ്സിലാകൂ. അതിനാൽ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സീനിയേഴ്സിൻറെ ആവശ്യം കൂടി പരിഗണിച്ചാണ് ആഴ്ചയിൽ അഞ്ചു ദിവസവും ഇത്തരം ആരോഗ്യപരിപാലന പരിപാടികൾ അവർക്കായി നടത്തണം എന്ന ഉത്തരവാദിത്വം ECHO ഏറ്റെടുക്കുന്നത്. മുതിർന്നവർക്ക് വേണ്ടി സൗജന്യമായി നടത്തുന്ന ഈ പരിപാടി, വൻ സാമ്പത്തിക ബാധ്യത ഉള്ളതായ പ്രോഗ്രാം ആണെങ്കിലും, പങ്കെടുക്കുന്നവരുടെ താൽപ്പര്യം കണക്കിലെടുത്ത് അത് മുമ്പോട്ട് കൊണ്ടുപോകണം എന്നാണ് ഡയറക്ടർ ബോർഡിന്റെ ആഗ്രഹം. അതിനായി സുമനസ്കരായ മനുഷ്യ സ്നേഹികൾ സഹായിക്കും എന്ന പ്രതീക്ഷയാണ് സംഘടനാ നേതൃത്വത്തെ മുമ്പോട്ട് നയിക്കുന്നത്. ആ പ്രതീക്ഷക്ക് മങ്ങലേൽക്കാൻ നമ്മുടെ മലയാളീ സമൂഹം അനുവദിക്കില്ല എന്ന ശുഭ പ്രതീക്ഷ വച്ചു പുലർത്തുകയാണ് ECHO ഡയറക്ടർ ബോർഡ് അംഗങ്ങൾ.

ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest