എഡ്മന്റൺ: എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) യുടെ നേതൃത്വത്തിൽ ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം കനേഡിയൻ എം.പി. സിയാദ് അബുൾത്തൈഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എഡ്മന്റണിലെ മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുന്നതിനുള്ള ഒരു പുതിയ വഴികാട്ടിയാകും ഈ പഠനകേന്ദ്രം.
ഉദ്ഘാടനച്ചടങ്ങിൽ എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ആശംസകൾ നേർന്നു. കൂടാതെ, മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ശ്രീ ജോസഫ് ജോൺ കാൽഗറി , എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ പരിപാടിക്ക് പ്രത്യേക ആശംസകൾ അറിയിച്ചു.
ഈ പഠനകേന്ദ്രം എഡ്മന്റണിലെ മലയാളം സമൂഹത്തിന് ഒരു നാഴികക്കല്ലായി മാറുമെന്നും, ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും NERMA ഭാരവാഹികൾ പറഞ്ഞു. മലയാളം പഠിക്കാനും, കേരളത്തിന്റെ പൈതൃകം മനസ്സിലാക്കാനും കുട്ടികൾക്ക് ഇത് ഒരു മികച്ച അവസരം നൽകും.
വാർത്ത: ജോസഫ് ജോൺ കാൽഗറി
