advertisement
Skip to content

മുങ്ങുന്ന കേരളവും കപ്പിത്താനും കുത്തഴിഞ്ഞ് വിദ്യാഭ്യാസ മേഖല!!! സിസ്റ്റം ഇല്ലാത്ത ആരോഗ്യ മേഖല!!!

ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻപന്തിയിലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യം ഭയാനകമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഭാരതാംബ വിവാദത്തിന്റെ പേരിൽ കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായി. വിദ്യാർത്ഥികളുമായി പുലബന്ധം പോലുമില്ലാത്ത വിവാദത്തിൽ എസ്. എഫ്. ഐക്കാർ തിരുവനന്തപുരത്തെ സർവകലാശാല ആസ്ഥാനം യ്യേറി എല്ലാം അടിച്ചു തകർക്കുകയായിരുന്നു. നൂറ് കണക്കിനാളുകൾ വിദ്യാർത്ഥികൾ എന്ന പേരിൽ സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയപ്പോൾ പൊലീസ് നോക്കി നിന്നു.

സമരം ചെയ്തവർ എല്ലാം വിദ്യാർത്ഥികളല്ലെന്ന് വൈസ് ചാൻസിലർ പറഞ്ഞതിൽ വാസ്തവമുണ്ട്. ഡിഗ്രി കോഴ്‌സിൽ പ്രവേശിച്ച് എസ്. എഫ്. ഐയ്ക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തും. മൂന്നാം വർഷം പാസാകാതെ മറ്റൊരു ഡിഗ്രി കോഴ്‌സിന് ചേരും. ഇങ്ങനെ രണ്ടും മൂന്നും തവണ അഡ്മിഷനെടുത്ത് സംഘടനാ പ്രവർത്തനവും ഗുണ്ടായിസവും കാണിക്കുന്നവരെ വിദ്യാർത്ഥികളെന്നു വിളിക്കാൻ കഴിയുമോ?. കേരളത്തിലെ കോളേജുകളിൽ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് കുട്ടികൾ ചേരുന്നില്ല. സയൻസ് ബാച്ചുകളിൽ എല്ലാ കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എൻജിനീയറിംഗ്, എം.ബി.ബി. എസ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ പ്രവേശനം തേടുന്നത് കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമാണ്.

എൻജിനീയറിംഗ് പ്രവേശനത്തിനുളള കീം റാങ്കിംഗിൽ അവസാന നിമിഷം സംർക്കാർ പ്രോസ്‌പെക്ടസ് പരിഷ്‌കരിച്ചത് ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. കേരളത്തിലെ കാമ്പസുകളിൽ നടക്കുന്ന അക്രമങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
സംസ്ഥാനത്തിന്റെ ആരോഗ്യരംഗം ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിന്ന് ഈ വർഷം നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുന്നു. ആരോഗ്യ കേരളം നമ്പർ വൺ എന്നും ലോകം മാതൃകയാക്കുന്നുവെന്നുമുള്ള അവകാശവാദം പുറംപൂച്ച് മാത്രമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആവശ്യത്തിന് ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പാവങ്ങളെ ചികിത്സ നൽകാതെ പറഞ്ഞു വിടുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറാണ് വെളിപ്പെടുത്തിയത്. ഇന്നലെകളിൽ ഉണ്ടായ അനുഭവങ്ങളിൽ നിന്ന് മാത്രമല്ല അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. വർഷങ്ങളായി ആരോഗ്യ വകുപ്പിന്റെ ഓഫീസുകളിൽ കയറയിയറങ്ങി നിരാശനായിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത്. ഒരാഴ്ച പിന്നിടുന്നതിന് മുൻപായി കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ ബന്ധു മരിക്കുകയുണ്ടായി. മറ്റു പല സർക്കാർ ആശുപത്രികളുടെയും ദുരവസ്ഥ മാദ്ധ്യമങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ സംഭവിക്കുന്ന ഗുരുതരമായ കാര്യം, മെഡിക്കൽ കോളേജുകളിലും ജനറൽ, താലൂക്ക് ആശുപത്രികളിലും രോഗികൾക്ക് ആവശ്യമായ കിടത്തി ചികിത്‌സ നൽകുന്നില്ലെന്നതാണ്. കഴിഞ്ഞ ദിവസം പിത്താശയ കല്ല് മൂലമുണ്ടാകുന്ന വലിയ ശാരീരിക അസ്വസ്ഥതകളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടിയ അറുപത് വയസ് പിന്നിട്ട വീട്ടമ്മയ്ക്ക് കിടത്തി ചികിത്‌സ നൽകാൻ തയ്യാറായില്ല. അർബുദ രോഗിയായ ഇവർക്ക് പിത്താശയ കല്ലുണ്ടാക്കിയ ബുദ്ധിമുട്ട് കാരണം എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയന്നുണ്ടായിരുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് ആ രോഗിയെ പറഞ്ഞു വിട്ടത്. കിടത്തി ചികിത്സ ആവശ്യമാണെന്ന് അറിഞ്ഞിട്ടും അവിടെയും അഡ്മിറ്റ് ചെയ്തില്ല. ആശുപത്രി കെട്ടിടത്തിൽ നിന്ന് സർജറി വിഭാഗം മാറ്റുന്നതിനാൽ കിടത്തി ചികിത്‌സ അനുവദിച്ചില്ല. കോന്നി മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിട്ടു. അവിടെയെത്തിച്ചപ്പോൾ കിടത്തി ചികിത്സാ സൗകര്യം ഇല്ലെന്നു പറഞ്ഞു അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ, പന്തളത്തെ സസ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ടാം ദിവസം രോഗി എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വീട്ടമ്മയ്ക്ക് ഈ ആശുപത്രിയിൽ വലിയ ചികിത്സാ ചെലവാണ്. പാവങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചിട്ടാണോ ആരോഗ്യ കേരളം നമ്പർ വൺ ആണെന്ന് സർക്കാർ അവകാശപ്പെടുന്നത് ?.കേരള മുഖ്യമന്ത്രി തന്റെ ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പറന്നത്. മയോപ്പതി ചികിത്സാ സൗകര്യം കേരളത്തിൽ ഇല്ലാഞ്ഞിട്ടാണോ നാടുവിട്ടത് ?.

ഈ വിഭാഗത്തിൽ എത്രയോ നല്ല ആശുപത്രികൾ കേരളത്തിലുണ്ട്. നാട് ഭരിക്കുന്ന മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് കടന്നിട്ട് കേരളം ആരോഗ്യരംഗത്ത് നമ്പർ വൺ എന്ന് അവകാശപ്പെടുന്നത് സാധാരണ ജനങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ആരോഗ്യ മേഖലയും ഇങ്ങനെ അധ:പതിച്ചതിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണ്. എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നു. സിസ്റ്റം ശരിയാക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിമാർ വൻ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest