advertisement
Skip to content

"ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക" നോവൽ റിവ്യൂ

ഇങ്ങനെയും ജീവിതമോ എന്ന് വായനക്കാരെക്കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് എച്ച്മുക്കുട്ടിയുടെ ജീവിത കഥ, "ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക."

ഇങ്ങനെയും ജീവിതമോ എന്ന് വായനക്കാരെക്കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് എച്ച്മുക്കുട്ടിയുടെ ജീവിത കഥ,  "ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക."

കരളുരുകിക്കൊണ്ടല്ലാതെ ഈ ആത്മകഥാപുസ്തകം നമുക്ക് വായിക്കാനാവില്ല.   എഴുതപ്പെടുന്ന കഥകളെയെല്ലാം വെല്ലുന്നതാണ് ജീവിതത്തിന്റെ വഴിത്തിരിവുകൾ.   നിസ്സഹായതയുടെ ഇരുണ്ട മുറികളിൽ പീഡനപർവ്വങ്ങൾ അരങ്ങേറുമ്പോൾ നൊമ്പരപ്പെടാത്ത മനസ്സുള്ളവർ വായനക്കാരെന്ന പേരിനർഹരല്ല എന്ന് പറയും വിധം അത്രയും തീക്ഷ്ണമാണ് ഈ പുസ്തകത്തിലെ അനുഭവങ്ങൾ.
സ്വന്തം അച്ഛന്റെ പ്രതികാരചിന്തയോട് കൂടിയുള്ള പെരുമാറ്റവും ഭർത്താവിൽ നിന്നുള്ള ക്രൂര പീഡനവും, മകൾക്ക് അച്ഛനിൽ നിന്ന് അനുഭവിക്കേണ്ടി വന്ന പീഡനവുമൊക്കെ ഒരാളെ ഫെമിനിസ്റ്റ് ആക്കുന്നെങ്കിൽ നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല.   നമ്മുടെ ലോകങ്ങൾ ഒരാളെയോ രണ്ടാളെയോ ഒക്കെ ചുറ്റി മാത്രമാണ് കറങ്ങുന്നതെങ്കിൽ പ്രത്യേകിച്ചും.    കുഞ്ഞിൽ അച്ഛനെക്കാൾ കൂടുതൽ അവകാശം അമ്മയ്ക്കുണ്ട് എന്ന വിശ്വാസത്തിലേക്ക് എഴുത്തുകാരിയെ എത്തിക്കും വിധമുള്ള അനുഭവങ്ങളുടെ ചുരുളുകൾ നിവരുമ്പോൾ ഇനിയെന്ത് എന്ന ജിജ്ഞാസ പുസ്തകത്തെ വായിപ്പിച്ചു കൊണ്ടേയിരിക്കും.

പ്രശസ്തരായ പലരുടെയും മുഖം മൂടികൾ ഈ പുസ്തകത്തിൽ ചീന്തിയെറിയുന്നുണ്ട്.   ഒരു പക്ഷെ അടുത്ത കാലത്തെ മി ടൂ തരംഗം അതിന് നിദാനമായിരുന്നിരിക്കാം.   കവി അയ്യപ്പനടക്കമുള്ള പ്രശസ്തരെപ്പറ്റിയാണ് വെളിപ്പെടുത്തലുകൾ.   മരിച്ചു പോയവരെപ്പറ്റി മുൻപുന്നയിക്കാത്ത (മുന്പുന്നയിച്ചിട്ടില്ല എന്ന ധാരണയിൽ എഴുതുന്നത്, മുന്പുന്നയിച്ചിട്ടുണ്ടെങ്കിൽ ഇത് പിൻ‌വലിക്കുന്നു.) ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു പക്ഷെ അത്ര നല്ല ഒരു കീഴ്വഴക്കമാണെന്ന് ചിന്തയില്ലാതിരിക്കുമ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടെ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുന്നുണ്ട് എന്ന് നിസ്സംശയം പറയാം.   പക്ഷെ, കവി കുഞ്ഞുണ്ണി മാഷെപ്പറ്റി ജോസഫ് പറഞ്ഞതിനെപ്പറ്റിയുള്ള നിജസ്ഥിതി ഇത്ര വർഷമായിട്ടും അന്വേഷിച്ചുറപ്പിക്കാനായില്ലെങ്കിൽ അത് പുസ്തകത്തിന്റെ ഭാഗമാക്കിയതിനോട് തീർത്തും യോജിപ്പില്ല.   അത് പോലെ തന്നെ, ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പറ്റി വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാവുന്ന അഭിപ്രായങ്ങളാണ് പുസ്തകത്തിന്റെ മുക്കാൽ ഭാഗവും കാണുക.  അതെ സമയം, സത്യം അറിഞ്ഞ ശേഷമുള്ള ബാലചന്ദ്രൻ ചുള്ളിക്കാട് എഴുത്തുക്കാരിക്കും കുടുംബത്തിനും കൂടെ തണലായി മാറുന്നു എന്ന പ്രതീതിയാണ് അവസാന ഭാഗത്ത് ലഭിക്കുക.   ഇതിൽ ഏത് ബാലചന്ദ്രൻ ചുള്ളിക്കാടിനെയാണ് എഴുത്തുകാരി വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്നത് വ്യക്തമല്ല.   അവസാനത്തിൽ ഒരു നല്ല ചുള്ളിക്കാടിനെയാണ് അവതരിപ്പിക്കുന്നതെങ്കിലും ആ സംഭവങ്ങളൊക്കെ കഴിഞ്ഞാണല്ലോ ആത്മകഥ എഴുതുന്നത്.  ആ എഴുത്തിൽ എന്തോ വലിയ പകയുള്ളത് പോലെ വായനക്കാർക്ക് തോന്നിപ്പോയാൽ അതിന് അവരെ കുറ്റം പറയാൻ പറ്റില്ല.

ആത്മകഥ മുഴുവൻ വായിച്ചു കഴിയുമ്പോൾ എഴുത്തുകാരിയോട് എന്നതിനേക്കാൾ അവരുടെ കുടുംബാംഗങ്ങളോട് ഏറെ സഹതാപം തോന്നുന്നുണ്ട് എന്നതാണ് യാഥാർഥ്യം.   പ്രത്യേകിച്ച് അനുജത്തിയായ റാണിയോട്, ഭാഗ്യത്തിനോട്, അമ്മയോട്, അമ്മീമ്മയോട്.  ഇത് ഒരു പക്ഷെ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ എഴുത്തുകാരിയെപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലാത്ത വിധം കാര്യങ്ങൾ മാറി വരികയും മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ മാറിയതായി പുസ്തകത്തിൽ നിന്ന് അറിയാതിരിക്കുകയും ചെയ്തതിനാലാവാം.  കാന്തി ടീച്ചറോടും പപ്പനോടും അങ്ങനെത്തന്നെ.   അങ്ങനെയെങ്കിൽ ആത്മകഥാകാരിയുടെ ജീവിതം എത്ര കഠിനമായിരിക്കുമെന്ന് ഊഹിക്കാമല്ലോ.    ഹൃദയം നുറുങ്ങുന്ന വിധമുള്ള അത്തരം  ജീവിതസന്ദർഭങ്ങളിലൂടെയാണ് കാലം ഇവരെയെല്ലാം നടത്തിച്ചിരിക്കുന്നത്.

പ്രസാധനം - ഡി സി ബുക്സ്
പേജ് - 270
വില - 270 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest