വാഷിംഗ്ടൺ ഡി സി :ഡോണൾഡ് ട്രംപ് പ്രതിരോധ വകുപ്പിന്റെ (Department of Defense) പേര് 'ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ' (Department of War) എന്ന് മാറ്റുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓർഡർ ഉടൻ പുറത്തിറക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും (Pete Hegseth) അടുത്തിടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 25-ന് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്: “നമ്മളിതിനെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ് എന്നാണ് വിളിക്കുന്നത്, പക്ഷേ നമ്മൾ ഇതിന്റെ പേര് മാറ്റാൻ പോകുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇത് 'ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എനിക്ക് തോന്നുന്നത് അതാണ് ഇതിന് ഏറ്റവും അനുയോജ്യമായ പേര് എന്നാണ്. ഡിഫൻസ് അതിന്റെ ഒരു ഭാഗം മാത്രമാണ്.”
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഫോർട്ട് ബെന്നിംഗിൽ (Fort Benning) വെച്ച് പേരുമാറ്റം വരുന്നുണ്ടെന്ന് സൂചന നൽകിയിരുന്നു. “വാക്കുകൾക്ക് പ്രാധാന്യമുണ്ട്, സ്ഥാനപ്പേരുകൾക്കും പ്രാധാന്യമുണ്ട്,” അദ്ദേഹം പറഞ്ഞു. ജോർജ് വാഷിംഗ്ടൺ സ്ഥാപിച്ചത് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ, സൈന്യത്തെ സ്ഥാപിച്ചപ്പോൾ ജോർജ് വാഷിംഗ്ടൺ 'ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ' എന്ന പേരാണ് നൽകിയിരുന്നത്. 1947-ൽ ഹാരി ട്രൂമാൻ നാഷണൽ സെക്യൂരിറ്റി ആക്ട് (National Security Act) ഒപ്പിട്ടതോടെ സൈന്യത്തിന്റെ ഘടനയിൽ വലിയ മാറ്റങ്ങൾ വന്നു. 1949-ൽ ഈ വകുപ്പിന്റെ പേര് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ് എന്നാക്കി മാറ്റി.
ഹെഗ്‌സെത്ത് പ്രതിരോധ വകുപ്പിൽ മറ്റു ചില പേരുകളും മാറ്റാൻ ശ്രമിച്ചിരുന്നു. ഫോർട്ട് ബ്രാഗ്, ഫോർട്ട് ഹൂഡ് തുടങ്ങിയ സൈനികത്താവളങ്ങളുടെ കോൺഫെഡറേറ്റ് പേരുകൾ പുനഃസ്ഥാപിക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. കൂടാതെ, സ്വവർഗ്ഗാനുരാഗിയും നാവികസേനാംഗവുമായിരുന്ന ഹാർവി മിൽക്കിന്റെ (Harvey Milk) പേരിൽ അറിയപ്പെട്ടിരുന്ന എണ്ണക്കപ്പലിന്റെ പേരും മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
