ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ പി.എൻ ഗോപീകൃഷ്ണൻ.
കവിതയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനും, സമകാലീന വൽക്കരിക്കാനും ശ്രീ ചെറിയാൻ കെ ചെറിയാനു കഴിഞ്ഞിട്ടുണ്ട്.പഴയ രചനാരീതി ഉൾക്കൊണ്ട് കവിതയെ ആധുനികതയിലേക്ക് പരിവർത്തിപ്പിക്കുക എന്ന വലിയ ദൗത്യവും ഏറ്റെടുത്ത കവിയാണ് ശ്രീ ചെറിയാൻ കെ. ചെറിയാൻ. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ,യുവാക്കളിലെ സ്വപ്ന തകർച്ചയുടെ കാലത്ത് എഴുതി തുടങ്ങിയ ചെറിയാൻ കെ. ചെറിയാൻ, തങ്ങൾ അനുഭവിക്കുന്ന ശൂന്യതയെ കുറിച്ചും, തകിടം മറിഞ്ഞ സ്വപ്നങ്ങളെക്കുറിച്ചും ,ക്ലാസ്സിക് കഥാപാത്രങ്ങളെ സമകാലീന അവസ്ഥയിൽ സന്നിവേശിപ്പിച്ചും കവിതകൾ രചിക്കാൻ ശ്രമിച്ചിട്ടുണ്ട്. "പാലാഴിമഥനം", "പള്ളിമുറ്റത്തും" ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
എഴുത്തിൽ പാരമ്പര്യത്തിന്റെ അംശങ്ങളെ സ്വീകരിച്ച് പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അതിനൊപ്പം ഗദ്യ കവിതകൾക്കും, ഹൈക്കു കവിതകൾക്കും ചെറിയാൻ കെ. ചെറിയാന്റ കവിതകളിൽ ഇടമുണ്ടായി. മറവിയുടെ ഇക്കാലത്ത് ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക. ഇത് സാംസ്കാരികമായി വില മതിക്കാനാകാത്ത ഒരു കർത്തവ്യമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകിയ മനോഹർ തോമസിനെ അഭിനന്ദിക്കുകയുംഈ ചർച്ച സംഘടിപ്പിച്ച ലാന ഓർമ്മയെ നിലനിർത്തുക എന്ന സാംസ്കാരിക പ്രക്രിയുമാണ് സാധ്യമാക്കിയത് എന്നും പറഞ്ഞ്,കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം അവസാനിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ കവിയെയും പ്രഭാഷകനെയും പ്രസിദ്ധ കഥാകാരൻ, ശ്രീ മനോഹർ തോമസ് സദസ്യർക്ക് പരിചയപ്പെടുത്തി ചെറിയാൻ കെ ചെറിയാന്റെ കവിതകൾ എന്ന സമ്പൂർണ്ണ കവിത സമാഹാരം പ്രസിദ്ധീകരിക്കാൻ ഉണ്ടായ സാഹചര്യവും വിവരിച്ചു.
ശ്രീ. രാജു തോമസ് ശ്രീ.ജേക്കബ് തോമസ് ശ്രീമതി.മീനു എലിസബത്ത്, ശ്രീ. അനശ്വർ മാമ്പിള്ളി എന്നിവർ ചെറിയാൻ കെ ചെറിയാന്റെ കവിതകൾ ചൊല്ലുകയും, Dr. എം എൻ നമ്പൂതിരി, ശ്രീ.ജോസ് ചെരിപ്പുറം ശ്രീ.രാജു മൈലപ്ര എന്നിവർ കവിയോടുത്തുള്ള സൗഹൃദ സ്നേഹാനുഭവങ്ങളും പങ്കുവെച്ച് ആശംസകൾ നേർന്നു.
ലാന ജനറൽ സെക്രട്ടറി ശ്രീമതി. നിർമല ജോസഫ് സ്വാഗതവും ലാനാ പ്രസിഡണ്ട് ശ്രീ. സാമുവൽ യോഹന്നാൻ ഉപക്രമവും വൈസ് പ്രസിഡണ്ട് ശ്രീ. ഷിബു പിള്ള നന്ദിയും രേഖപ്പെടുത്തി. ശ്രീ.ഷാജു ജോൺ ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. ലാനയുടെ അംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന അമ്പതിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഈ മീറ്റിംഗ് നിറമാർന്നതായി. ശ്രീമതി. ഉമാ സജി എംസിയായി പ്രോഗ്രാം നിയന്ത്രിച്ചു.
