സിഡ്നി: സിഡ്‌നിയിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ബോണ്ടി കടൽതീരത്ത് ജൂതവിഭാഗത്തിന്റെ ഹനുക്ക ആഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികളിലൊരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തെ തീവ്രവാദ ആക്രമണമായി പരിഗണിച്ചെന്ന് പൊലീസ് പറഞ്ഞു.
അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സംഭവസ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 50 വയസ്സുള്ള ആൾ പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലാൻയോൺ പറഞ്ഞു. അതേസമയം 24 വയസ്സുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്പ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.
മരിച്ച 50 വയസ്സുകാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ലാൻയോൺ പറഞ്ഞു. വെടിവെപ്പിൽ ഉൾപ്പെട്ട തോക്കുധാരികളിൽ ഒരാൾ 24 കാരനായ നവീദ് അക്രം ആണെന്ന് തിരിച്ചറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നിൽ ഏതെങ്കിലും ഭീകര സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതിലും പൊലീസ് വിശദീകരണം നടത്തിയിട്ടില്ല.