കിൻസ്റ്റൺ (നോർത്ത് കരോലിന): ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച പിതാവും പീഡനത്തിന് കൂട്ടുനിന്ന യുവതിയും അറസ്റ്റിലായി. 37 വയസ്സുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ആണ് പിടിയിലായത്. ഇയാളുടെ പങ്കാളി ആമി ഗോട്ടിയറും (40) അറസ്റ്റിലായിട്ടുണ്ട്.
കുട്ടിയുടെ ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു.
മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് മൂത്ത മകൻ പീഡന ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ കാണിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നതായും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ദമ്പതികളുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
പ്രതികളായ ജോഷ്വയെ 10 ലക്ഷം ഡോളർ ബോണ്ടിലും ആമിയെ ഒരു ലക്ഷം ഡോളർ ബോണ്ടിലും ജയിലിലടച്ചു. വധശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.