advertisement
Skip to content

കാൻസറിന് സാധ്യതയുള്ള വിഷാംശം; ആയിരക്കണക്കിന് പാചക പാത്രങ്ങൾ തിരിച്ചുവിളിച്ച് എഫ്.ഡി.എ.

വാഷിംഗ്ടൺ ഡി.സി.: കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ "ശ്രദ്ധേയമായ" അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ (cookware) അടിയന്തരമായി തിരിച്ചുവിളിക്കാൻ (Recall) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) ഉത്തരവിട്ടു.

 2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പല യു.എസ്. പലചരക്ക് കടകളിലായി വിറ്റ അലുമിനിയം, ബ്രാസ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഇറക്കുമതി പാത്രങ്ങളിലാണ് സുരക്ഷാ ആശങ്കകൾ കണ്ടെത്തിയത്. പരിശോധനയിൽ ഈ പാചക പാത്രങ്ങളിൽ അപകടകരമായ അളവിൽ 'ഈയം' (Lead) അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.

 ഈയം ചേർന്ന പാത്രങ്ങളിലെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിൽ ഈയം എത്തുകയും ഇത് കുട്ടികളിൽ പഠന വൈകല്യങ്ങൾ, കുറഞ്ഞ IQ, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (ASD), കൂടാതെ കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

 Sonex, Silver Horse, Chef, Dolphin, Royal Kitchen, Tiger White തുടങ്ങി വിവിധ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ഇവ നിർമ്മിച്ച് ഇറക്കുമതി ചെയ്തിരിക്കുന്നത്.

 ഇത്തരം ഉൽപ്പന്നങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടൻ തന്നെ കളയണമെന്ന് ഉപഭോക്താക്കൾക്ക് FDA മുന്നറിയിപ്പ് നൽകി. നിലവിൽ ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭക്ഷണവുമായി സമ്പർക്കത്തിൽ വരുന്ന ഉൽപ്പന്നങ്ങളിൽ ഈയം ഉപയോഗിക്കുന്നത് FDA നിരോധിച്ചിട്ടുണ്ട്. 2026 ജനുവരി 1 മുതൽ, അഞ്ച് പിപിഎമ്മിൽ (ppm) കൂടുതൽ ഈയം അടങ്ങിയ പാചക പാത്രങ്ങളുടെ വിൽപ്പനയും നിർമ്മാണവും നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി വാഷിംഗ്ടൺ മാറും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest