നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുന്ന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര മുതൽ വൻതുകയുടെ ആരോഗ്യ ഇൻഷുറൻസ് വരെ നീളുന്ന പ്രഖ്യാപനങ്ങൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ ഏകദേശ രൂപമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന അഞ്ച് വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഈ 'സൗജന്യങ്ങൾ' എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം മറുവശത്ത് ഉയരുകയാണ്.
പ്രധാന വാഗ്ദാനങ്ങൾ
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം, യുഡിഎഫ് ഭരണത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും എന്നതാണ്. കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസ് നടപ്പിലാക്കി വിജയിച്ച ഈ പദ്ധതി കേരളത്തിലും വലിയ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ളതാണ്.
ക്ഷേമ പെൻഷൻ 3000 രൂപയാക്കും:
നിലവിൽ 2000 രൂപയായ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നതിൽ തർക്കമില്ല.
ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മറ്റൊരു പ്രധാന കാര്യം. രാജസ്ഥാനിലെ ഗെലോട്ട് സർക്കാർ നടപ്പിലാക്കിയ 'ചിരഞ്ജീവി യോജന'യുടെ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക.
മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്
പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്ന കേരളത്തിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് എന്നത് സ്വീകാര്യത ലഭിച്ചേക്കാവുന്ന നീക്കമാണ്. ഇത് വെറും പ്രഖ്യാപനത്തിനപ്പുറം അവർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞാൽ ശ്രദ്ധേയമാകും