advertisement
Skip to content

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ 6-റാം വാര്‍ഷികാഘോഷത്തിന് ആവേശമായി ലെറ്റ്‌സ് ഡാന്‍സ് അമേരിക്ക ഫിനാലെ

എ.എസ് ശ്രീകുമാര്‍

ഷിക്കാഗോ: അവിസ്മരണീയമായ ദൃശ്യവിരുന്നിലൂടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള അവാര്‍ഡ് നൈറ്റിന്റെയും മെഗാസ്റ്റാര്‍ ഷോയുടെയും വേദി കീഴടക്കാന്‍ 'ലെറ്റ്‌സ് ഡാന്‍സ് അമേരിക്ക' ഫിനാലെയും അരങ്ങേറുകയാണ്.

ഭാവ-രാഗ-താള-ലയങ്ങള്‍ സമ്മോഹനമായി, ഇഷ്ട സംഗീതത്തോടൊപ്പം സമ്മേളിക്കുമ്പോള്‍ നൃത്ത പ്രതിഭകളുടെ മിഴിയഴകും അംഗചലനങ്ങളും ലാസ്യ രസ ഭാവങ്ങളും അനുപമമായ മോഹചുവടുകളും ചേര്‍ന്ന് നടനവിസ്മയം തീര്‍ക്കുന്നതാണ് ലെറ്റ്‌സ് ഡാന്‍സ് അമേരിക്ക ഫിനാലെ.

കഴിഞ്ഞ രണ്ടു വര്‍ഷമായി നോര്‍ത്ത് അമേരിക്കയില്‍ നൃത്തപ്രതിഭകള്‍ക്കായി ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ നടത്തിവന്നിരുന്ന ലെറ്റ്‌സ് ഡാന്‍സ് അമേരിക്കയുടെ ഗ്രാന്റ് ഫിനാലെ ഷിക്കാഗോയില്‍ നടക്കുമ്പോള്‍ ആ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാനായി ഏവരും കാത്തിരിക്കുന്നു.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം ഗ്രൂപ്പ് ഡാന്‍സ് ടീമുകളില്‍ നിന്നും ഓഡിഷനും സെമി ഫൈനലും കഴിഞ്ഞ് എത്തുന്ന Bhadra (Los Angeles), Cosmic Beatz (San Diego), Dancing Divas (Chicago), Dfunky (Canada), Emerald Rhythms (Seattle), Gulaabi (Texas), Kalahearts (New York), Mandharam (California), Mathangi Dance (Detroit), MN Rangila (Minnesotta), Natya Rasa (North Carolina), Nritya Shakthi (Seattle), Pranaah Dance (Seattle), Samarpana (California), Thakadhimi (Seattle), Thalaivis SSR (Chicago) എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കുന്നത്.

ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതലാണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറുന്നത്.

സെപ്റ്റംബര്‍ 27-ാം തീയതി ബുധനാഴ്ച മുതല്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡാന്‍സ് ടീമുകള്‍ ഷിക്കാഗോയില്‍ എത്തും. തുടര്‍ന്ന് വ്യാഴം വെള്ളി ദിവസങ്ങളില്‍ സ്റ്റേജ് റിഹേഴ്‌സല്‍ ആണ്. ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ ആയിരിക്കും ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

അന്നേ ദിവസം വൈകുന്നേരം നടക്കുന്ന അത്യാവേശകരമായ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും കമ്മ്യൂണിറ്റി അവാര്‍ഡ് സമര്‍പ്പണത്തിനും മെഗാസ്റ്റാര്‍ ഷോയ്ക്കുമൊപ്പം ലെറ്റസ് ഡാന്‍സ് അമേരിക്കയുടെ വിജയികള്‍ക്ക് അംഗീകാര പുരസ്‌കാരം സമ്മാനിക്കും.

ഏറെ ആവേശത്തോടെയാണ് നോര്‍ത്ത് അമേരിക്കയിലെ നര്‍ത്തകരും കലാ പ്രതിഭകളും മലയാളി സമൂഹവും ഈ നൃത്ത വിസ്മയ വിരുന്നിന്റെ പരിസമാപ്തിക്കായി കാത്തിരിക്കുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കൊച്ചുകുട്ടികള്‍ക്കൊപ്പം യുവതീയുവാക്കളും ലെറ്റസ് ഡാന്‍സ് അമേരിക്കയുടെ അഭിമാന ചുവടുകളിലുണ്ട്.

അടുത്ത കാലത്ത് അമേരിക്കയിലെത്തിയ യുവ പ്രതിഭകള്‍ക്ക് നാട്ടില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പറ്റാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അവസരമാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ കര്‍മഭൂമിയില്‍ ഒരുക്കുന്നത്. അതുകൊണ്ടു തന്നെ നത്തനൃത്യങ്ങള്‍ ആവേശക്കൊടുമുടിയില്‍ എത്തുമ്പോള്‍ ഈ ആഘോഷ രാവ് അവിസ്മരണീയമായി മാറുക തന്നെ ചെയ്യും.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ 6-ാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്നുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തുന്നു.

ഈ താരനിശയില്‍ സെലിബ്രിറ്റി ഗസ്റ്റുകളായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും രഞ്ജിനി ഹരിദാസും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും വേദി അലങ്കരിക്കും. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 847 630 6462

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest