ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫൊക്കാന കേരള കൺവൻഷൻ. ഫൊക്കാനയുടെ ശക്തമായ ഫോറങ്ങളിൽ ഒന്നാണു ഫൊക്കാനയുടെ വനിതാ ഫോറം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ളയെ പ്രസിദ്ധ സിനിമാതാരം ദിനേശ് പണിക്കർ ആദരിക്കുകയും ചെയ്തു.
250 വനിതാ അംഗങ്ങളാണ് 10 റീജിയനുകളിലായി ഫൊക്കാനയുടെ വിമൻസ് ഫോറത്തിലുള്ളത്. വിദ്യാർത്ഥികളുടെ ജീവിതത്തിന് അടിത്തറ നൽകുന്ന സ്‌കോളർഷിപ്പ് വിതരണത്തെ വിമൻസ് ഫോറം സെമിനാര് ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം ദിനേശ് പണിക്കർ അഭിനന്ദിച്ചു.അടുത്ത തലമുറയിലും ഇത്തരം താല്പര്യങ്ങൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പത്നി ഷീന സജിമോനെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അഭിനന്ദിച്ചു . ഭർത്താക്കന്മാർ സംഘടനാ പ്രവർത്തനം നടത്തുമ്പോൾ ഭാര്യമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മന്ത്രി എടുത്ത് പറയുക ഉണ്ടായി .മുൻ പ്രസിഡന്റ് ജോജി വർഗീസിന്റെ പത്നി ഷീല വർഗീസിനേയും മന്ത്രി കെ എൻ ബാലഗോപാൽ പൊന്നാട അണിയിച്ചു. ട്രഷർ തോമസ് തോമസിന്റെ പത്നി ഡെയ്‌സി തോമസിനെ ആദരിച്ചതും വേറിട്ട കാഴ്ചയായി. മുഴുവൻ സമയ സംഘടനാ പ്രവർത്തനത്തിൽ അവർ വ്യാപൃതരാകുമ്പോൾ, ഭാര്യമാർ സഹിക്കുന്ന ത്യാഗങ്ങൾ കൂടി സംഘടന കണക്കിലെടുത്തു എന്നതും വനിതകൾക്ക് നൽകുന്ന പ്രാധാന്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ 50 സെന്റ് സ്ഥലംപത്തനംതിട്ട ചിറ്റാറിൽ ഫൊക്കാന വില്ലേജ് പദ്ധതിക്കായി നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ഉഷ ഉണ്ണിത്താന്റെ സ്മരണാർത്ഥമാണ്. ജീവിച്ചിരിക്കുന്നതും മരണപ്പെട്ടതുമായ എല്ലാ സ്ത്രീകളെയും ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കാരം അഭിനന്ദനാർഹമാണ്. സൊലസ് ഫൗണ്ടർ ഷീബാ ആമിറിനെയും ആദരിക്കുകയുണ്ടായി .
ഫൊക്കാനയുടെ ചരിത്രത്തിലെ ഏക വനിതാ പ്രസിഡന്റ് എന്ന നിലയിൽ മൂന്ന് വർഷം മുൻപ് മണ്മറഞ്ഞ മറിയാമ്മപിള്ളയെയും കൺവൻഷൻ വേദിയിൽ ഓർമ്മിച്ചു.മറിയാമ്മ പിള്ളയുടെ പ്രവർത്തനങ്ങൾക്ക് മുൻപിൽ ഒരുനിമിഷത്തെ മൗനപ്രാർത്ഥനയും നടത്തി.
സ്ത്രികൾ കുടുംബത്തിൽ മാത്രമല്ല സംഘടനകളിലും സമൂഹത്തിലും അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്.
