ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു.
സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ ‘ശരിയെന്ന് തോന്നുന്ന’ പല ആശയരൂപകല്പനകളെയും, സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമാണ്. പുതിയ പ്രവർത്തന രീതിയിലൂടെ ഫൊക്കാന അമേരിക്കൻ മലയാളികൾക്കു പ്രിയ സംഘടന ആക്കി മാറ്റുവാൻ സജിമോൻ ആന്റണിയുടെ പ്രവർത്തന രീതിയിലൂടെ സാധ്യമായി.
2025ന്റെ തുടക്കത്തിൽ ഫൊക്കാന റീജണൽ ഉൽഘാടനങ്ങളുടെ ഭാഗമായി അമേരിക്കയിലെ പലഭാഗത്തും റീജണൽ ഉൽഘടനകൾ നടത്തുകയും അതിന്റെ ഭാഗമായി ഫ്ലോറിഡയിൽ അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ വാചകങ്ങൾ, സമൂഹത്തെ ഒന്നാകെ അദ്ദേഹത്തിന്റെ ചിന്തകളിലേക്കും ദർശനങ്ങളിലേക്കും ആകർഷിച്ച ഒന്നായിരുന്നു . അതിന്റെ ഫലമായി, ഫ്ലോറിഡയ്ക്കായി സമാനതകളില്ലാത്ത ഒരു ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത് — “ഫോക്കാന റീജിയൻ ഇനാഗുറേഷൻ .”
അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, ഒരു കല്യാണവീട്ടിലെ വിരുന്നിൽ അനുഭവപ്പെടുന്ന ആത്മബന്ധത്തിന്റെ പരമാവധി അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു.
അവിടെ രൂപംകൊണ്ട ജനസമ്പർക്കം, മറ്റേതൊരു മലയാളി സംഘടനയ്ക്കും ഫെഡറേഷനും മാതൃകയാക്കാവുന്ന ഔന്നിത്യത്തിലായിരുന്നു.“ഫോക്കാന മലയാളി സമൂഹത്തിനുള്ളതാണ്; സമൂഹസേവനമാണ് ലക്ഷ്യം” എന്ന സജിമോൻ ആന്റണിയുടെ സന്ദേശം, വ്യക്തിഗത താൽപര്യങ്ങൾക്കായി ജനങ്ങളുടെ ചെലവിൽ അവരുടെ മൗലിക അവകാശങ്ങൾ നിഷ്കരുണം അവഗണിക്കപ്പെടുന്ന പ്രവണതകളോട് ശക്തമായ മറുപടിയായിരുന്നു.
ഈ സന്ദേശത്തിലൂടെ, ജാതി–മത–ലിംഗ–പ്രായഭേദമന്യേ എല്ലാ സാമൂഹിക നേതാക്കളെയും ഗുരുസ്ഥാനത്ത് നിൽക്കുന്നവരെയും ഒരു സിംഫണി പോലെ ഒരുമിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സമൂഹത്തിൽ ഒരു വേറിട്ട കാഴ്ചയായി ചരിത്രത്തിന്റെ ഭാഗമായ ആ പ്രായോഗിക തലത്തിൽ നിന്ന് അദ്ദേഹം നൽകുന്ന സന്ദേശം, നോർത്ത് അമേരിക്കൻ മണ്ണിൽ ഫോക്കാനയുടെ പ്രസക്തി ശക്തമായി ഉദ്ബോധിപ്പിക്കുന്നു.
വളരെ ഊർജ്ജസ്വലനായി പ്രവർത്തിക്കുന്ന പ്രസിഡണ്ട് സജിമോൻ ആന്റണി, മെയിൻസ്ട്രീം മാധ്യമങ്ങളിൽ തന്റേതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. ചാനൽ ചർച്ചകളിലൂടെ തന്റെ പ്രവർത്തന മണ്ഡലത്തിൽ തിളങ്ങി നിൽക്കുബോൾ അദ്ദേഹത്തിന്റെ വാചാലതയെ ഞാൻ പ്രശംസിച്ചിരുന്നു.
വർഷങ്ങളായി ഏറ്റെടുത്ത വിവിധ ഉത്തരവാദിത്വങ്ങളിലൂടെ അദ്ദേഹം സമ്പാദിച്ച അനുഭവസമ്പത്ത് ഫോക്കാനയെ സമ്പുഷ്ടമാക്കുന്നതിനായി വിനിയോഗിക്കപ്പെടുമ്പോൾ, നിരവധി പദ്ധതികൾ ആവിഷ്കരിക്കുവാനും അവയുടെ തുടക്കക്കാരനാകുവാനും അദ്ദേഹത്തിന് സാധിച്ചു.
സമ്പന്നരും ദരിദ്രരും, ഭാഗ്യവാന്മാരും നിർഭാഗ്യവാന്മാരും, സ്ത്രീയും പുരുഷനും — എല്ലാവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന ദർശനത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അടിയുറച്ചിരിക്കുന്നത്. ഈ ദീർഘവീക്ഷണത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതികളിൽ പ്രത്യേകം എടുത്തുപറയേണ്ടവയാണ് ഫോക്കാന പ്രിവിലേജ് മെഡിക്കൽ കാർഡ്, ഫൊക്കാന മെഡിക്കൽ കാർഡ് , ഫൊക്കാന ഹെൽത്ത് ക്ലിനിക് പുതുതായി സ്ഥാപിച്ച മെൻസ് ഫോറം, കൂടാതെ നിലവിലുള്ള തുടർപ്രവർത്തനങ്ങൾ.
ഇവയെല്ലാം ഒരുമിച്ച് തെളിയിക്കുന്നത്, ഒരു മലയാളി ഫെഡറേഷന്റെ ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സജിമോൻ ആന്റണിക്ക് സാധിച്ചിരിക്കുന്നു എന്നതാണ്.
അദ്ദേഹം തുടക്കം കുറിച്ച പദ്ധതികൾ ദീർഘകാല ദർശനത്തോടെയുള്ളതായതിനാൽ, സമൂഹനന്മയ്ക്കായുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഫോക്കാനയ്ക്ക് കരുത്തുറ്റ, ഉത്തരവാദിത്തബോധമുള്ള ഭാരവാഹികളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലെ ഉജ്ജ്വലനായ വ്യക്തിത്വമാണ് സജിമോൻ ആന്റണി . നമ്മുടെ സമൂഹത്തിന് എന്നും ഒരു പ്രചോദനമാണ്. ചെറിയ ഒരു സമയത്തിനുള്ളിൽ കുറെ നല്ല നാളെകള്‍ സമ്മാനിച്ചുസമൂഹത്തില്‍ തന്‍റേതായ ഇടം സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. യുവാക്കളെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കുക ലക്ഷ്യത്തോടെ നടത്തിയ പല പ്രവർത്തനങ്ങളും ഭലം കണ്ടു കഴിഞ്ഞിരിക്കുന്നു.
ഓരോ വ്യക്തിക്കും പ്രത്യേകം കഴിവുകൾ ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ കഴിവ് സമൂഹത്തിന്റെ അഭിവൃദ്ധിക്കായും, സമൂഹ നന്മക്കായും, സാമൂഹ്യസേവനത്തിനായും പ്രവർത്തിക്കുബോൾ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എടുത്തു പറയേണ്ടുന്നതാണ് . അങ്ങനെ ഒരു വ്യക്തിത്വമാണ് സജിമോൻ ആന്റണിയുടേത് . കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തു അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരൻ ആവുകയാണ് സജിമോൻ ആന്റണി.