ന്യൂ യോർക്ക് : ഫൊക്കാനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും, ജനകിയമാക്കുന്നതിലും ശ്രീ അനിരുദ്ധൻ വഹിച്ച പങ്ക് വളരെ വലുതാണ്. 1983 ൽ ആദ്യ പ്രസിഡന്റ് ആയ ഡോ. എം അനിരുദ്ധൻ അന്നുമുതൽ മുതൽ 2024 സജിമോൻ ആന്റണി പ്രസിഡന്റ് ആയി നേതൃത്വം ഏൽക്കുബോഴും ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക് എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു .
പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ .അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട് .യു.എസ്.എ.യിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ മികച്ച ആർ. ആൻഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരവും , പ്രവാസി ഭാരതീയ പുരസ്കാരം നൽകി കേന്ദ്ര സർക്കാരും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് . നോർക്ക ഡയറക്റാർ ബോർഡ് അംഗം , മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെയും കേരളത്തിലെയും അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയാണ്.ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയാണ് ഡോ. അനിരുദ്ധൻ.
ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിൻ്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമായിരുന്നു.അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റെ (എഫ്.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു.
അമേരിക്കയില്‍ പലസ്ഥലത്തായി രൂപംകൊണ്ട സാംസ്കാരിക സംഘടനകളെ ഒരു നൂലിഴയില്‍ കോര്‍ത്ത് മനോഹരമായ മാല തീര്‍ക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ഡോ. എം അനിരുദ്ധനാണ്. അന്നത്തെ ഇന്‍ഡ്യന്‍ അംബാസഡര്‍ കെ.ആര്‍.നാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഫൊക്കാന(ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) എന്ന സംഘടന സ്ഥാപിതമായി. അന്നുമുതൽ ഫൊക്കാനയുടെ തേരാളിയായി അദ്ദേഹം നിലകൊണ്ടു.
ഫൊക്കാന അമേരിക്കയിൽ മാത്രമല്ല കേരളത്തിലും ഒരു ശക്തിയായി വളരണമെന്നും അവിടെത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ഫൊക്കാന എന്താണ് എന്ന് അറിയണമെന്നും അതുപോലെ അവിടെത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനും വേണ്ടി ഫൊക്കാനയെ കേരളത്തിൽ അവതരിപ്പിച്ച് " ഫൊക്കാന കേരള പ്രവേശം " 2001 ൽ ആദ്യമായി കേരളാ കൺവൻഷൻ സംഘടിപ്പിചതും ശ്രീ അനിരുദ്ധനാണ്. അദ്ദേത്തിന്റെ കഴിവും പ്രരിശ്രമവുമാണ് ഫൊക്കാനയെ ലോത്തിലേക്കും ഏറ്റവും വലിയ പ്രവാസി സംഘടനയാക്കി മാറ്റിയെടുത്തത്.
ഡോ. എം അനിരുദ്ധൻ ഫൊക്കാനക്ക് നൽകി സംഭാവനകൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല. നാല്പത്തിരണ്ടു വർഷക്കാലം ഞങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും , ഞങ്ങൾക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തന്നു പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണം വിശ്വസിക്കാൻ കഴിയുന്നില്ലന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവിന് വേണ്ടി പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഫൊക്കാന മുൻ പ്രസിഡന്റുമാരായ മന്മഥൻ നായർ, പാർത്ഥസാരഥി പിള്ള, പോൾ കറുകപ്പള്ളിൽ , ജി കെ പിള്ള , ജോൺ പി ജോൺ, തമ്പി ചാക്കോ, മാധവൻ നായർ , ജോർജി വർഗീസ് , ബാബു സ്റ്റീഫൻ എന്നിവരും ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഹപ്പെടുത്തി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.
