advertisement
Skip to content

പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി

തിരുവനന്തപുരം: കാലവർഷം പോലും ഫോമായുടെ 'സമ്മർ ടു കേരള 2025'യ്ക്ക് തടസ്സം സൃഷ്ടിക്കാതെ രണ്ടുദിവസം മാറിനിന്നു. വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തത് കോ-ഓർഡിനേറ്റിംഗ് ടീമിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും പിന്നീട് എല്ലാ വിഘ്നങ്ങളും അകന്ന് അവിശ്വസനീയമായ വിജയമായി സമ്മർ ടു കേരള മാറി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രക്ഷകര്താക്കളുടെയും കുട്ടികളുടെയും കണ്ണുകളിൽ തെളിഞ്ഞ സംതൃപ്തിയാണ് അതിന്റെ തെളിവ്.

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള മലയാളി കുട്ടികളുടെ വലിയൊരു സംഘത്തെ ഉദ്ദേശിച്ചാണ് ആദ്യം പരിപാടി തയ്യാറാക്കിയതെങ്കിലും, പെട്ടെന്നുള്ള വിമാന റദ്ദാക്കലുകളും വഴിതിരിച്ചുവിടലും ദോഹ വിമാനത്താവളത്തിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടന്നതും മഴയും കാരണം വിചാരിച്ചത്ര കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കാത്തത് തെല്ല് സങ്കടമുണ്ടാക്കി. കൃത്യമായി ഏകോപിപ്പിച്ച ബാക്കപ്പ് പ്ലാനുകളുടെയും നാട്ടിലെയും അമേരിക്കയിലെയും നിരവധി ആളുകളുടെ പിന്തുണയും സഹായവും കൊണ്ടാണ് പരിപാടി വിജയകരമായി പര്യവസിപ്പിക്കാൻ സാധിച്ചതെന്ന് പ്രോഗ്രാം ചെയർ അനു സ്‌കറിയ അഭിപ്രായപ്പെട്ടു. സാംസ്കാരികമായി സമ്പന്നവും വൈകാരികമായി അർത്ഥവത്തായതും വിദ്യാഭ്യാസപരവുമായ അനുഭവമാണ് ഈ പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ലഭിച്ചത്.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ മുൻ വനംവകുപ്പ് മന്ത്രിയും സിപിഐയുടെ മുതിർന്ന ദേശീയ നേതാവുമായ ബിനോയ് വിശ്വം, അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ഷിബു മണലേൽ എന്നീ വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കയിൽ വളരുന്ന മലയാളി കുട്ടികൾക്ക് നമ്മുടെ പൈതൃകവും പാരമ്പര്യവും, മുൻഗാമികളുടെ ത്യാഗങ്ങളും പഠിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഹൃദയംഗമമായ സന്ദേശമാണ് ബിനോയ് വിശ്വം തന്റെ പ്രസംഗത്തിലൂടെ പങ്കുവച്ചത്. ചരിത്ര സ്മാരകമെന്ന നിലയിൽ രക്ത സാക്ഷി മണ്ഡപത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

വിദേശത്ത് വളരുന്ന കുട്ടികൾക്ക് സാംസ്കാരിക അടിത്തറയുടെ മൂല്യവും കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ അവർക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അഡ്വ. ഷിബു മണലേൽ തന്റെ പ്രസംഗത്തിൽ അടിവരയിട്ടു. ലോകമെമ്പാടും കേരള സംസ്കാരത്തിന്റെ അംബാസഡർമാരാകാൻ പുതുതലമുറയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഈ സംരംഭം ഏറ്റെടുത്തതിന് ഫോമയെ ഇരുവരും അഭിനന്ദിച്ചു.

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചുള്ള അപൂർവവും പ്രചോദനാത്മകവുമായ കാഴ്ച കുട്ടികൾക്ക് നൽകിയ ഐ.എസ്.ആർ.ഒ സന്ദർശനമായിരുന്നു ടൂറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇന്ത്യയുടെ സമീപകാല ബഹിരാകാശ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏറെ പ്രസക്തമാണ്.

കുതിരമാളിക കൊട്ടാരം സന്ദർശിക്കൽ, മസ്കറ്റ് ഹോട്ടലിൽ നടന്ന പത്രസമ്മേളനം, ഒന്നിച്ചുള്ള അത്താഴം എന്നിവയും കുട്ടികൾക്ക് വേറിട്ട അനുഭവം പകർന്നു, വിശിഷ്ട വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള അപൂർവ അവസരമായി ഇത് മാറി.

തിരക്കേറിയ പരിപാടി ഉണ്ടായിരുന്നിട്ടും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളെ കാണാനും അവരുമായി സംവദിക്കാനും കുറച്ചുസമയം കണ്ടെത്തി. പരിപാടിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യത്തെക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി സംഘാടകരെ അഭിനന്ദിച്ചു.

രണ്ടാം ദിവസം, സംഘം കേരള സെക്രട്ടേറിയറ്റ് സന്ദർശിച്ചു. തുടർന്ന് ഡിഫറന്റ് മജീഷ്യൻ മുതുകാടിന്റെ ഡിഫറൻറ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും അവരുടെ പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെയാണ് ടൂർ അവസാനിച്ചത്.

രണ്ട് ദിവസത്തെ യാത്രാ പരിപാടി കൃത്യതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്ത ജൂബി വള്ളിക്കളത്തെ അനു സ്‌കറിയ അഭിനന്ദിച്ചു.
ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സംഘടനയുടെ വരാനിരിക്കുന്ന സംരംഭങ്ങളെക്കുറിച്ചുള്ള വിവരണം നൽകി. ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ ഈ കാലയളവിലേക്ക് ആസൂത്രണം ചെയ്തിട്ടുള്ള യുവജന കേന്ദ്രീകൃത പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

യുഎസിലെയും കാനഡയിലെയും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിൽ കോർ ടീമിലെ രാജേഷ് പുഷ്പരാജ് നിർണായക പങ്ക് വഹിച്ചു. യൂത്ത് കോർഡിനേറ്റർമാരായ എബിൻ തോമസ്, ആഗ്നസ് ബിജു, സിദ്ധാർത്ഥ് ശ്രീധർ, ആൽബർട്ട് പാലത്തിങ്കൽ എന്നിവർ എല്ലാ രംഗത്തും പിന്തുണ നൽകി. പ്രോഗ്രാം ഫ്ലയറുകളും സർട്ടിഫിക്കറ്റുകളും രൂപകൽപ്പന ചെയ്തതിന് എബിൻ തോമസിനും, സർട്ടിഫിക്കറ്റ് തയ്യാറെടുപ്പുകളിലും ഔദ്യോഗിക പ്രോഗ്രാം ബുക്ക്‌ലെറ്റിലും നടത്തിയ സൂക്ഷ്മമായ പ്രവർത്തനത്തിന് ആഗ്നസ് ബിജുവിനും പ്രത്യേക അംഗീകാരം ലഭിച്ചു.

ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും ടീമുകൾ തമ്മിലുള്ള കോർഡിനേഷൻ , യാത്രാ പദ്ധതി ഘടന, ആശയവിനിമയം ഏകോപിപ്പിക്കൽ എന്നിവയിൽ കോർഡിനേറ്റർ രേഷ്മ രഞ്ജൻ ഗണ്യമായ സംഭാവന നൽകി.

സുഗമമായ നടത്തിപ്പ് ഉറപ്പാക്കിയ മറ്റ് പ്രധാന നേതാക്കൾ: വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് വിശിഷ്ട വ്യക്തികളുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തെ പ്രധാന സർക്കാർ വകുപ്പുകളുമായി മുൻ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് ഏകോപിപ്പിച്ചു. പ്രവർത്തനങ്ങൾ ഉടനീളം പിന്തുണച്ച മുൻ ജുഡീഷ്യൽ സെക്രട്ടറി സുനിൽ വർഗീസ്, സുഗമമായ ലോജിസ്റ്റിക്സും സാംസ്കാരിക പ്രവേശനവും ഉറപ്പാക്കാൻ ആദ്യ ദിവസം മുതൽ പ്രവർത്തിച്ച കവടിയാർ പാലസിലെ പ്രദീപ് കുമാർ, ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളം എന്നിവർക്ക് പ്രോഗ്രാം ചെയർ അകമഴിഞ്ഞ നന്ദി അറിയിച്ചു.

ടീമിന്റെ താമസവും വിരുന്ന് ക്രമീകരണങ്ങളും സുഗമമായി നടന്നുവെന്ന് ഉറപ്പാക്കിയ കെടിഡിസി മാസ്കറ്റ് ഹോട്ടൽ ജീവനക്കാർ, പ്രത്യേകിച്ച് അജിത് കുമാർ, അജിത് ഉണ്ണികൃഷ്ണൻ എന്നിവരെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ ജോസ് എന്നിവരുടെ അചഞ്ചലമായ പിന്തുണയാണ് ഈ സംരംഭത്തിന്റെ വിജയത്തിന് കൂടുതൽ കരുത്തു പകർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest