advertisement
Skip to content

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥന് 32 വർഷം തടവ്

പി പി ചെറിയാൻ

ഫ്ലോറിഡ: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോഷ്വ റൂലോഫ്‌സിന് (37) കോടതി ഇന്ന് (മാർച്ച് 16നു) 32 വർഷം തടവുശിക്ഷ വിധിച്ചു. ഫ്ലോറിഡയിലെ ടാമ്പയിലാണ് വിധി പ്രസ്താവിച്ചത്.

2022 ഏപ്രിലിൽ ഫ്ലോറിഡയിലെ കോർട്ട്നി കാംബെൽ കോസ്‌വേയിലാണ് സംഭവം നടന്നത്. റൂലോഫ്‌സ് ഓടിച്ചിരുന്ന സ്പോർട്സ് കാർ ഒരു എസ്‌യുവിക്ക് പിന്നിലിടിക്കുകയും, എസ്‌യുവിയിലുണ്ടായിരുന്ന ക്രിസ് കൊറോളി, റിക്കി ഗോംഗോറ എന്നിവർ മരിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടസമയത്ത് റൂലോഫ്‌സ് മണിക്കൂറിൽ 100 മൈലിലധികം വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും ഇരട്ടിയിലധികമായിരുന്നു.

കേസിന്റെ വിചാരണ നടക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ റൂലോഫ്‌സ് കൊളംബിയയിലേക്ക് കടന്നുകളഞ്ഞു. പിന്നീട് യുഎസ് മാർഷൽസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടി തിരികെ എത്തിച്ചത്.

ഹിൽസ്‌ബറോ സർക്യൂട്ട് ജഡ്ജി ജി. ഗ്രിഗറി ഗ്രീൻ ആണ് ശിക്ഷ വിധിച്ചത്. പ്രതി ഒരു മുൻ നിയമപാലകനായതിനാൽ ജയിലിൽ കഠിനമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിച്ചു. താൻ മദ്യപിച്ചിരുന്നില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്നും റൂലോഫ്‌സ് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

"നിങ്ങൾ ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു വൃദ്ധനായിരിക്കും. ഇനിയൊരിക്കലും ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - ജഡ്ജി ജി. ഗ്രിഗറി ഗ്രീൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest