ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശന മേളകളിൽ ഒന്നായ ജൈടെക്സ് ഗ്ലോബലിന് ദുബൈയിൽ ഉജ്ജ്വല തുടക്കം. നിർമിത ബുദ്ധി ഉൾപ്പെടെ പുതുതലമുറ സാങ്കേതികവിദ്യകളുടെ അത്ഭുത ലോകം കാണാൻ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും പതിനായിരങ്ങൾ ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്കൊഴുകുകയാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ മഹാമേളക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തവും പിന്തുണയും ഇത്തവണയും മേളക്ക് മാറ്റുകൂട്ടുന്നു. പ്രമുഖ ദേശീയ കമ്പനികളും മേളയുടെ ഭാഗമാണ്. ലോകത്തെ ഒന്നിപ്പിക്കാനും മാനവികതയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈയുടെ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ അദ്ദേഹത്തെ അനുഗമിച്ചു. ഉദ്ഘാടന ശേഷം വിവിധ പവിലിയനുകൾ ശൈഖ് മുഹമ്മദ് സന്ദർശിച്ചു.180 രാജ്യങ്ങളിൽ നിന്നായി 6000ലധികം സ്ഥാപനങ്ങൾ, 2000 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ തുടങ്ങിയവരാണ് 45ാമത് പതിപ്പിൽ പങ്കെടുക്കുന്നത്.
