മഹാപുരോഹിതന്റെ തലയില്‍ കിരീടവും കൈയില്‍ ചെങ്കോലുമുണ്ടായിരുന്നു. കിരീടത്തില്‍ രത്‌നങ്ങള്‍ പതിപ്പിച്ചിരുന്നു. ചെങ്കോലില്‍ സ്വര്‍ണ്ണം ചുറ്റിയിരുന്നു.
ത്യാഗിയായ അങ്ങേക്കെന്തിനാണിതെല്ലാം? എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ ചോദിച്ചു.
ആ കണ്ണുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറച്ചു.
'എന്റെ മഹത്വത്തെ വിളച്ചറിയിക്കുവാന്‍, എന്റെ അധികാരത്തെ കാണിക്കുവാന്‍. എന്റെ പദവി രാജാവിനു തുല്യം, എന്റെ ശക്തി ദൈവത്തിനു തുല്യം'.

മരിച്ചുയര്‍ത്ത് അന്ത്യവിധിക്കായി ഞാന്‍ ദൈവത്തിന്റെ മുന്നില്‍ ചെന്നു.
മഹാപുരോഹിതന്‍ എന്റെ തൊട്ടുമുന്നില്‍.
അദ്ദേഹത്തിനു ദൈവം കൊടുത്തത് നരകം.
ഞാന്‍ പേടിച്ചു വിറച്ചു.
മഹാപുരോഹിതനുള്ള ശിക്ഷ ഇതാണെങ്കില്‍ മഹാപാപിയായ എനിക്കുള്ള ശിക്ഷ എന്തായിരിക്കും?
'പേടിക്കാതെ കുഞ്ഞേ!' വെള്ളിത്താടി തടവിക്കൊണ്ട് ദൈവം എന്നെ ആശ്വസിച്ചു.
അങ്ങേരു രാജാവാണെന്നാണ് പറഞ്ഞത്.
ആയിക്കൊള്ളട്ടെ! പക്ഷെ സ്വര്‍ഗ്ഗത്തില്‍ ഒരു രാജാവേയുള്ളൂ. അതു ഞാനാ!
ദൈവം ചിരിച്ചു.
ഞാനും.
 
    
        
     
         
       
     
     
      
 
         
             
     
     
     
     
             
     
    