പ്രോ റെസ്‌ലിംഗ് ഇതിഹാസവും റിയാലിറ്റി ടിവി താരവുമായ ഹൾക്ക് ഹൊഗന്റെ മരണകാരണം അദ്ദേഹത്തിന്റെ 71-ാം വയസ്സിലെ വിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് (അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) അദ്ദേഹം അന്തരിച്ചതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, ഹൊഗന് രക്തത്തിലെയും മജ്ജയിലെയും ഒരുതരം കാൻസറായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL) ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 24-ന് ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. ഹൊഗന് ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
1980-കളിൽ പ്രൊഫഷണൽ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹൊഗൻ, സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. "ഹൊഗാൻ നോസ് ബെസ്റ്റ്" എന്ന റിയാലിറ്റി ടിവി പരമ്പര അദ്ദേഹത്തിന്റെ കുടുംബജീവിതം പ്രേക്ഷകരിലേക്ക് എത്തിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു.
