advertisement
Skip to content

മികച്ച പ്രതികരണത്തോടെ ഇന്ത്യയുടെ ഡിജിറ്റൽ കറൻസി

ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസിയെ ലോകം തന്നെ ഉറ്റുനോക്കുകയാണ്. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസികളെ പൂർണമായും നിരോധിക്കണമെന്ന ആവശ്യമാണ് ആർബിഐ സർക്കാരിനു മുന്നിൽ വയ്ക്കുന്നത്

രാജ്യത്ത് പരീക്ഷണം തുടരുന്ന ഡിജിറ്റൽ കറൻസിക്കു ലഭിക്കുന്നത് മികച്ച പ്രതികരണമെന്ന് ആർബിഐ. വളരെ ചുരുങ്ങിയ സമയം കൊണ്ട് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പൈലറ്റിന് 50,000 ഉപയോക്താക്കളെയും 5,000 വ്യാപാരികളെയും നേടാനായെന്ന് റിസർവ് ബാങ്ക്. കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസി മൊത്തവിപണിയിൽ ടെസ്റ്റിംഗ് ആരംഭിച്ചത്. തുടർന്നു ഡിസംബറിൽ തന്നെ റീട്ടെയിൽ വിപണിയിലും പൈലറ്റ് ലോഞ്ച് ചെയ്തു.

ഡിജിറ്റൽ കറൻസിയുടെ കാര്യത്തിൽ ആർബിഐയ്ക്കു തിടുക്കമൊന്നും ഇല്ലെന്നും, അതിന്റെ പ്രക്രിയകൾ ക്രമേണയും സാവധാനത്തിലും നടക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ ധനനയത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഉപയോക്താക്കളുടെ കാര്യത്തിലും വ്യാപാരികളുടെ കാര്യത്തിലും തങ്ങൾക്ക് ലക്ഷ്യങ്ങളുണ്ട്. എന്നാൽ പതുക്കെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിടുക്കം കാട്ടി തെറ്റുകൾ വരുത്താൻ ആർബിഐ ആഗ്രഹിക്കുന്നില്ല. നിലവിൽ എട്ട് ബാങ്കുകളിലൂടെ 50,000 ഉപയോക്താക്കളും 5,000 വ്യാപാരികളും ഇടപാട് നടത്തുന്നുണ്ടെന്നും, അഞ്ച് ബാങ്കുകൾ കൂടി ഉടൻ സിബിഡിസി ടെസ്റ്റിംഗിൽ പങ്കുചേരുമെന്നും ശങ്കർ പറഞ്ഞു. ഡിസംബർ ഒന്നിന് ആരംഭിച്ച റീട്ടെയിൽ പൈലറ്റ് പ്രോജക്ടിൽ 7.70 ലക്ഷം ഇടപാടുകൾ നടന്നു കഴിഞ്ഞു. ഇപ്പോൾ അഞ്ച് നഗരങ്ങളിൽ കൂടി ഇത് നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒമ്പത് നഗരങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ശങ്കർ പറഞ്ഞു. ഇത് ഘട്ടംഘട്ടമായി മാത്രമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിയറ്റ് കറൻസികളുടെ ഡിജിറ്റൽ പതിപ്പുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന നൂറോളം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മൊത്ത വിപണിയിലും, റീട്ടെയിൽ വിപണിയിലും ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസിക്കു നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

കൊച്ചിയടക്കമുള്ള നഗരങ്ങൾ പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുമെന്ന് ആർബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കു പുറമേ അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കും. പദ്ധതി പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ബാങ്കുകളെയും നഗരങ്ങളെയും ഉൾപ്പെടുത്തും.

ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസിയെ ലോകം തന്നെ ഉറ്റുനോക്കുകയാണ്. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസികളെ പൂർണമായും നിരോധിക്കണമെന്ന ആവശ്യമാണ് ആർബിഐ സർക്കാരിനു മുന്നിൽ വയ്ക്കുന്നത്. സിബിഡിസി സാധാരണക്കാരന്റെ കൈയ്യിൽ എത്തുന്നതോടെ ഇന്ത്യയുടെ ക്രിപ്‌റ്റോ ബില്ലും അവതരിപ്പിക്കപ്പെട്ടേക്കും. ആനന്ദ് മഹീന്ദ്ര അടക്കമുള്ള ചില പ്രമുഖർ സിബിഡിസി വഴി സാധനങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

യുപിഐയിൽ നിന്നു വ്യത്യസ്തമായി ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആർബിഐ ആണ്. വാണിജ്യ ബാങ്കുകൾ പരിപാലിക്കുന്ന രണ്ട് ബാങ്ക് അക്കൗണ്ട് തമ്മിലുള്ള ഇടപാടാണ് യുപിഐയിൽ സംഭവിക്കുന്നത്. സിബിഡിസിയിൽ ബാങ്കുകൾക്ക് സ്ഥാനമില്ല. ഒരു ഡിജിറ്റൽ റുപ്പി വാലറ്റിൽ നിന്നു മറ്റൊരു ഡിജിറ്റൽ റുപ്പി വാലറ്റിലേക്കാണ് ഇടപാടുകൾ സാധ്യമാകുന്നത്. ഡിജിറ്റൽ റുപ്പി വാലറ്റിലേക്ക് ടോക്കൺ ആഡ് ചെയ്യുന്നതോടെ ബാങ്കുകളുടെ ഇടപെടൽ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest