ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാലസിലെ ഇർവിങ്ങിലുള്ള 'ഔർ പ്ലേസ് ഇന്ത്യൻ റെസ്റ്റോറന്റി'ൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഐ.ഒ.സി. കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമ്മിപ്പിച്ചുകൊണ്ടും സംസാരിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
ഐ.ഒ.സി. കേരള ഘടകം ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, ചെയർമാൻ സാക്ക് തോമസ്, വൈസ് ചെയർമാൻ സന്തോഷ് കാപ്പിൽ, വൈസ് പ്രസിഡന്റും മുൻ നാവിക ഉദ്യോഗസ്ഥനുമായ ജോജി ജോർജ്, മീഡിയ കോർഡിനേറ്റർ പ്രിയ വെസ്ലി, യൂത്ത് കോർഡിനേറ്റർ ജോഫി ജേക്കബ് എന്നിവർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാണെന്ന് ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഐ.ഒ.സി. കേരള ഘടകം ട്രഷറർ ബിനോയ് ഫിലിപ്പ് നന്ദി പറഞ്ഞു.
ബാബു പി സൈമൺ, ഡാളസ്
