advertisement
Skip to content

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാനഡ ഒരുങ്ങി

കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും. "ഇതാ! അവിടുന്ന് വാതിൽക്കൽ" എന്നുള്ളതാണ് കോൺഫറൻസ് ചിന്താവിഷയം.

വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങൾ സമ്മാനിക്കാൻ പാസ്റ്റർമാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു. കാനഡയിൽ വച്ച് ആദ്യമായി നടത്തപ്പെടുന്ന കോൺഫ്രൻസ് ചരിത്രമുഹൂർത്തമാക്കുവാനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടന്നുവരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാനും നാഷണൽ - ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങൾ ആലപിക്കാൻ
ബ്രദർ ഷെൽഡൻ ബംഗാരയുടെ നേത്യത്വത്തിൽ മികച്ച ഗായക സംഘം സംഗീത ശുശ്രൂഷകൾക്കായി എത്തിച്ചേരും. നാഷണൽ ക്വയർ ലീഡേഴ്‌സായ ലിജോ മാത്യു, ജോൺസ് ഉമ്മൻ എന്നിവരുടെ നേതൃതത്തിൽ സ്റ്റെഫിൻ, ഫിജോ, ജിനു, റെനി, സനീഷ്, ബിനോ, അനു എന്നിവർ ഗാന ശുശ്രുഷകൾക്കു നേതൃതം നൽകുകയും സോണി വർഗീസിന്റെ നേതൃതത്തിലുള്ള സംഗീതജ്ഞർ ഗാന ശുശ്രൂഷയിൽ സഹായിക്കുന്നതുമായിരിക്കും. മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളിലേക്ക് കൈ പിടിച്ചുയർത്തുവാൻ ഉതകുന്ന ശുശ്രൂഷകളുമാണ് പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കും.

അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആൽബെർട്ടയിൽ, ഗാംഭീര്യമുള്ള റോക്കി പാറക്കെട്ടുകൾ മുതൽ ബാൻസ് നാഷണൽ പാർക്ക്, ജാസ്പർ, ലേക്ക് ലൂയിസ് എന്നി പ്രദേശങ്ങളുടെ ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ വരെ ആസ്വദിക്കുവാൻ കഴിയുന്ന സ്ഥലത്താണ് കോൺഫ്രൻസ് നടത്തപ്പെടുന്നത് എന്നുള്ളത് പ്രത്യേകതയാണ്.

ഐപിസി ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം സമ്മേളനത്തിൽ നിർവഹിക്കും. ചീഫ് എഡിറ്റർ രാജൻ ആര്യപള്ളിൽ അധ്യക്ഷത വഹിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്‌ട് വിതരണവും ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്.

അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഐപിസി സമ്മേളനം കൂടിയാണ്. ദൈവസ്‌നേഹത്തിന്റെയും സത്യസുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവ ജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ കോൺഫറൻസ് അനുഗ്രഹമായിതീരും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകർ.

വാർത്ത: നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest