advertisement
Skip to content

പത്രപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ രാജ്യദ്രോഹിയോ?

കാരൂര്‍ സോമന്‍, ചാരുംമൂടന്‍

മനുഷ്യരുടെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് മാധ്യമ രംഗത്തുള്ളവര്‍. അവരില്‍ പലരുടേയും മൂല്യാധിഷ്ഠ സത്യമിഥ്യാ ബോധം കാലങ്ങളായി കേരളം കാണുന്നുണ്ട്.ഇവര്‍ ആരുമായും സമവായമൊരുക്കുന്നവരോ ഭാവനാത്മകമായ വാര്‍ത്തകള്‍ കടെഞ്ഞെടുക്കുന്നവരോ അല്ല. ഈ അവസരം ഓര്‍മ്മ വരുന്നത് ബ്രിട്ടീഷ് ഭരണകാലം ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനാ യിരുന്ന വില്യം ബോള്‍ട്ട്സ് കമ്പനിയിലെ ഉയര്‍ന്ന പദവിയിലുള്ളവരുടെ കപട -ദുഷ്ട- വഞ്ചനകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജോലി രാജി വെച്ച് ഇവരുടെ തൊലിയുരിച്ചു് കാണിക്കാന്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഉന്നതര്‍ അദ്ദേഹത്തെ ബ്രിട്ടനിലേക്ക് കപ്പല്‍ കയറ്റി അയച്ചു പ്രതികാരം തീര്‍ത്ത ചരിത്രം ഭാരതത്തിലുണ്ട്. ഇതുപോലെ ദിവാന്‍ ഭരണകാലത്തു് കേസരി ബാലകൃഷ്ണപിള്ളയെയും നാട് കടത്തി, പൊന്‍കുന്നം വര്‍ക്കിയെ ജയിലിലിട്ടു. മലയാളക്കരയില്‍ വാഴപ്പിണ്ടി നട്ടെല്ലുള്ളവര്‍ എല്ലാം രംഗത്തും കാണാറുണ്ട്. അവരുടെ മധ്യത്തില്‍ ചങ്കുറപ്പും നട്ടെല്ലുള്ളവരുമുണ്ട്. അവര്‍ ജാതി മത വര്‍ഗ്ഗീയ രാഷ്ട്രീയക്കാരുടെ മുന്നില്‍ വഴങ്ങുന്നവരല്ല. പ്രബുദ്ധ കേരളത്തില്‍ മത രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാത്തവരെ ഗുണ്ടകളെയിറക്കി ആക്രമിക്കുന്നത് സാംസ്കാരിക പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. മാനവപുരോഗതി ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ചൂഷകര്‍ക്കെതിരെ, അനീതിക്കെതിരെ തുറന്നുപറഞ്ഞാല്‍ ആ വ്യക്തി എങ്ങനെയാണ് പിന്തിരിപ്പനാകു ന്നത്? തെരുവില്‍ ആഹാരത്തിനായി നായ്ക്കള്‍ കടിപിടി കൂടുന്നതുപോലെ മനുഷ്യരെ കടിച്ചുകൊല്ലാന്‍ സംസ്കാര ശൂന്യരായ ഈ തെരുവ് ഗുണ്ടകളെ തീറ്റിപ്പോറ്റുന്നത് ആരാണ്? ഒരാള്‍ അസത്യം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുവെങ്കില്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണോ മധുര പ്രതികാരം? മത രാഷ്ട്രീയ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഈ ഗുണ്ടകള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള തൊഴില്‍ കൊടുത്താല്‍ മനുഷ്യര്‍ക്ക് നാട്ടുകാരെ കടിച്ചുകീറുന്ന നായ്ക്കളില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുമായിരിന്നു. ജനങ്ങളെ വിഡ്ഢികളാക്കി ഏറ്റവും കൂടുതല്‍ ആദായം കൊയ്യുന്നത് ആരാണ്?

ഷാജന്‍ സ്കറിയ വസ്തുതാപരമായി ഒരു വിഷയം തുറന്നുകാട്ടുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്‍റെ ബോധ്യമാണ്.അതില്‍ കപടതയുണ്ടെങ്കില്‍ അത് തുറന്നുകാട്ടുകയല്ലേ വേണ്ടത്? വാക്കുകളെ വാക്കുകള്‍ കൊണ്ടല്ലേ നേരിടേണ്ടത്? ഒരു പൗരന്‍റെ ഭരണഘടനാപരമായ പത്തൊന്‍പത്, ഇരുപത്തിയഞ്ചാം വകുപ്പില്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് എഴുതുക, പ്രസംഗിക്കുക, പ്രതികരിക്കുക, വിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക. ഓരോരുത്തര്‍ ഓരോരോ തൊഴില്‍ ചെയ്യുന്നു. കള്ളന്‍ മോഷ്ടിക്കുന്നു. കള്ളനെ പോലീസ് പിടിക്കുന്നു.മറ്റൊരു കൂട്ടര്‍ അനീതിക്കെതിരെ, നിരാലംബരുടെ, നിസ്സഹായരുടെ, സാമൂഹ്യവൈകൃതങ്ങള്‍ക്കെ തിരെയുള്ള പോരാട്ടങ്ങള്‍ നടത്തുന്നു.അത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വിശ്വകര്‍മ്മസൂക്തങ്ങ ളൊന്നുമല്ല. മത രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുപോലെ പൗരബോധമുള്ള മാധ്യമങ്ങള്‍ സമൂഹത്തില്‍ ഭിന്നതയും ഭയവും വളര്‍ത്തുന്നില്ല. വര്‍ഗ്ഗിയതയും മത വൈരങ്ങളും എഴുത്തുകാര്‍, മാധ്യമങ്ങള്‍ നടത്തുന്നുണ്ടോ? ഒരാള്‍ അസത്യം പറയുന്നുവെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ എന്തിനാണ് തെമ്മാടിക്കൂട്ടങ്ങളെ യിറക്കുന്നത്? മറ്റുള്ളവരില്‍ ഭയം ഭീതി വളര്‍ത്തി നിശ്ശബ്ദരാക്കാനോ? ഇവര്‍ മനസ്സിലാക്കേണ്ടത് ഇരിക്കുന്ന മരം മുറിച്ചാല്‍ താനടിയിലും മരം മുകളിലുമായിരിക്കും. സാമൂഹ്യ ജീര്‍ണ്ണതകളെ തുറന്നുകാട്ടുന്ന സാഹിത്യ കാരനായാലും പത്രപ്രവര്‍ത്തകനായാലും അവര്‍ ഇരുളിനെ വകഞ്ഞു മാറ്റുന്ന ഇടിമിന്നലുകളാണ്. ഒരാളെ കൊല്ലാന്‍ എളുപ്പമാണ് പക്ഷെ തോല്‍പ്പിക്കാനാവില്ല. ഒരാളില്‍ നിന്ന് ഒരായിരം പേരു് ഉയര്‍ത്തെഴുന്നേ ല്‍ക്കും. ഇത് കാലില്‍ പിടിച്ചു് തോളില്‍ കയറുന്നവരും കാല്‍ വിദ്യയും ഗുണ്ടകളെ കാവല്‍ക്കാരായി കൊണ്ടു നടക്കുന്ന മുക്കാല്‍ തട്ടിപ്പുകാരും മനസ്സിലാക്കണം. സത്യം പറയുന്നവരോട് കാലുഷ്യം എന്തിനാണ്? വായ നക്കാരനെ തുലാസില്‍ നിര്‍ത്തി നടത്തുന്ന മാധ്യമ വിപണന തന്ത്രങ്ങള്‍ എത്ര നാള്‍ നിലനില്‍ക്കും?

പല മാധ്യമങ്ങളും മത രാഷ്ട്രീയക്കാരുടെ മൂലധന നിക്ഷേപകരായി മാറിയപ്പോഴാണ് നവോദ്ധാന മാധ്യമ രംഗത്ത് യു ട്യൂബ് അടക്കമുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്. ഇവരും മറ്റുള്ളവരെപ്പോലെ ഭരണപക്ഷ പ്രതിപക്ഷമായി നിലപാടുകളെടുക്കുന്നു. അതില്‍ വ്യക്തിഹത്യയും കാണാറുണ്ട്. 1930-ല്‍ ശ്രീമൂലം തിരുനാളില്‍ നിന്ന് രാജമുദ്ര വാങ്ങിയ മലയാള മനോരമ അന്നത്തെ ദിവാന്‍ ഭരണത്തിനെതിരെ നിലപാടെടുത്തതിന് ശിക്ഷിക്കപ്പെട്ടതും ചരിത്രം. അന്നത്തെ ആദര്‍ശാത്മക മാധ്യമ പ്രവര്‍ത്തനം ഇന്ന് അധികാര മുതലാളിത്വ മാര്‍ഗ്ഗത്തിലേക്ക് മാറിയിരിക്കുന്നു. സ്വാദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയത് 'പത്രക്കാരന്‍ എന്ന പദത്തെ പാപ്പര് എന്ന് വിളിക്കണം' അന്ന് ജനങ്ങള്‍ക്ക് വേണ്ടി പട്ടിണിയും ത്യാഗങ്ങളും സഹിച്ച പ്രതിഭാശാലികളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, സഹോദരന്‍ അയ്യപ്പന്‍, വി.സി.ബാലകൃഷ്ണ പണിക്കര്‍, കുമാരനാശാന്‍ തുടങ്ങി പല പ്രമു ഖരും രാജഭരണത്തിനെതിരെ പോരാട്ടങ്ങള്‍ നടത്തിയവരും ജയില്‍വാസം അനുഭവിച്ചവരുമാണ്. അന്നത്തെ പത്രപ്രവര്‍ത്തകര്‍, സാഹിത്യ പ്രതിഭകള്‍ കൊടികളുടെ നിറമാര്‍ന്ന അപ്പക്കഷണത്തിനായി കാത്തുനിന്നവര ല്ലായിരുന്നു. മലയാളത്തില്‍ ആദ്യമായി കെ.ബാലകൃഷ്ണപിള്ള ജനത്തെ അറിയിച്ചത് 'ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍. അധികാരത്തിലുള്ളവര്‍ ജനങ്ങളുടെ ദാസന്മാര്‍ മാത്രമാണ്'. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലെങ്കില്‍ ജനാധിപത്യബോധം നമ്മെ എത്തിച്ചിരിക്കുന്നത് ആനപ്പുറത്തിരിക്കുന്ന അധികാരികളിലാണ്. അധികാരത്തില്‍ വരുന്നവരൊക്കെ നിയമങ്ങളെ നിര്‍ദ്ദയമായി തച്ചുതകര്‍ത്തു വാഴ്ത്തുപാട്ടുകാരെ, അടി മകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ അടിമകളെ ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാംസ്കാരിക മേഖലകളിലും കാണാറുണ്ട്. സമൂഹത്തില്‍ കാണുന്ന അധികാരദുര്‍വിനിയോഗം തൊള്ള തൊടാതെ വീഴു ങ്ങുന്ന മാധ്യമങ്ങളുണ്ടെങ്കിലും സോഷ്യല്‍ മീഡിയ അത് പുറത്തുകൊണ്ടുവരാറുണ്ട്. മനഃസാക്ഷി മരവിച്ചതു കൊണ്ടും ധാര്‍മ്മികതയുടെ അടിവേരുകള്‍ അറുത്തതുകൊണ്ടുമാണല്ലോ കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് വാങ്ങി യവര്‍ക്ക് തൊഴില്‍ ലഭിക്കാത്തത്?

സമകാലീന സാമൂഹ്യജീവിതത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. മത രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളതുപോലെ ഇവിടെയും തൊഴുതു നില്‍ക്കുന്നവര്‍ ധാരാളമാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് വാശിയേറിയ മത്സരമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയെന്ന് പറയു മ്പോഴും ധര്‍മ്മ സങ്കടങ്ങള്‍ അനുഭവിക്കുന്നവരുടെ, നീതി നിഷേധിക്കപ്പെടുന്നവരുടെ പിറകെ എത്ര മാധ്യ മങ്ങള്‍ സഞ്ചരിക്കുന്നു? മലയാള ഭാഷയെ എത്ര വികൃതവും അപഹാസ്യമാക്കുന്നവോ അതുപോലെയാണ് ക്ഷണിച്ചു് വരുത്തുന്ന സ്ത്രീ പുരുഷ ലൈംഗീക കാഴ്ചകള്‍ വാര്‍ത്തകളായി കെട്ടിഘോഷിക്കപ്പെടുന്നത്. ഇവര്‍ക്കാണ് കൂടുതല്‍ കാഴ്ചക്കാരുള്ളത്. ചില കച്ചവട സിനിമകള്‍ സ്ത്രീകളുടെ നഗ്നത കാട്ടി അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി പള്ളവീര്‍പ്പിക്കുന്നതുപോലെ ചാനലുകള്‍, സോഷ്യല്‍ മീഡിയയടക്കം വ്യഭിചാരവേല നടത്തി വരുമാനമാര്‍ഗ്ഗമുണ്ടാക്കുന്നു. മനുഷ്യര്‍ക്കുള്ള സംസാര സ്വാതന്ത്ര്യം പോലെയാണ് ലൈംഗിക സ്വാതന്ത്ര്യം. അതിനെ കാമക്കൂത്തിലേക്ക് വഴി നടത്തി കാഴ്ചക്കാരുടെ എണ്ണം കൂട്ടി ലൈംഗിക ചൂഷണങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ സമൂഹത്തില്‍ മാധ്യമ ചര്‍ച്ചകള്‍ നടത്തി മഹതിക ളെയും മഹാന്മാരെയും സൃഷ്ടിക്കുന്നു. ഇത് ഏത് വകുപ്പില്‍ വരുന്ന മാധ്യമ ധര്‍മ്മമാണ്?

സമൂഹത്തില്‍ ചാലകശക്തിയായി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ സാമൂഹ്യ തിന്മകളോട് ഏറ്റുമുട്ടാതെ ലൈംഗികതയുടെ മുഖം അനാവരണം ചെയ്യുന്ന തിരക്കിലാണ്. ഈ കൂട്ടര്‍ അധികാര അരമനകളില്‍ നട ക്കുന്ന സ്ത്രീ പീഡന കഥകള്‍ കണ്മിഴിച്ചു നോക്കി നില്‍ക്കുകയല്ലാതെ അവരുടെ മുഖംമൂടി അഴിച്ചെടു ക്കാന്‍ തയ്യാറല്ല. എല്ലാം മാധ്യമങ്ങള്‍ക്കും നയമുണ്ട്, താല്പര്യങ്ങളുണ്ട്. എന്നാല്‍ സാമൂഹ്യ നന്മകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഒറ്റക്കെ ട്ടായി അതിനെ എതിര്‍ക്കാത്തത്? കുത്തക മുതലാളിമാരും അധികാരികളും വാണിജ്യവല്‍ക്കരണം നടത്തു ന്നതിന്‍റെ അനന്തരഫലങ്ങളാണോ സാംസ്കാരിക കേരളം അനുഭവിക്കുന്നത്? പരസ്യ വരുമാനത്തുക വര്‍ദ്ധിപ്പിക്കാന്‍ ഞരമ്പുരോഗ കഥകള്‍ പ്രചരിപ്പിക്കുക, സത്യം പറയുന്നവനെ ആക്രമിക്കുമ്പോള്‍ കണ്ട് രസിക്കുക, മത രാഷ്ട്രീയ വര്‍ഗ്ഗീയതയ്ക്ക് കുടപിടിക്കുക ഇതൊന്നും മാധ്യമ പ്രവര്‍ത്തനമല്ല സാമൂഹ്യ വേട്ടയാടലാണ്. സമൂഹത്തില്‍ നീറിപ്പുകയുന്ന പ്രശ്നങ്ങള്‍ കത്തുകതന്നെ ചെയ്യും.തീ കായുന്നവന്‍ പുക കുറെ സഹിക്കണമെന്നപോലെ തീ കെടുവോളം ഷാജന്‍ സ്കറിയെപോലുള്ളവര്‍ കാത്തുനില്‍ക്കുക. വര്‍ഷ ങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പരിപാടിയില്‍ അവരുടെ വാര്‍ഷിക മാസിക പ്രകാശനം ചെയ്യാന്‍ ചെന്നപ്പോഴാണ് ഷാജനെ പരിചയപ്പെട്ടത്. തൊഴുതുണ്ണുന്ന ചോറിനേക്കാള്‍ രുചി, ഉഴുതുണ്ണുന്ന ചോറിനെന്ന് കൃഷിക്കാരനായ ഷാജന്‍ തിരിച്ചറിയുക. കലാസാഹിത്യ മാധ്യമ പ്രവര്‍ത്ത നങ്ങള്‍ ജനസേവനമാണ്. അത് ആഡംബര സുഖവാസ ജീവിതമല്ല. ഷാജനെ ക്രൂരമായി ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ കൊടുംകുറ്റവാളികളെ വളര്‍ത്തുന്ന കേരളമെന്ന് അറിയപ്പെടും. കേര ളത്തില്‍ ഭീഷണി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. അവര്‍ രാജ്യദ്രോഹികളല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest