ഷോളി കുമ്പിളുവേലി | ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ്
എഡിസൺ, ന്യു ജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിനു അടുത്ത വ്യാഴാഴ്‌ച തുടക്കം കുറിക്കുമ്പോൾ അതിഥികളായെത്തുന്നവരിൽ പ്രസ് ക്ലബിന്റെ തന്നെ മാധ്യമ ശ്രീ അവാർഡ് മുൻപ് നേടിയിട്ടുള്ള ജോണി ലൂക്കോസുമുണ്ട്. 2006 മുതല്‍ മനോരമ ന്യൂസ് ചാനലില്‍ ന്യൂസ് ഡയറക്‌ടര്‍. കേരളത്തിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നവരിൽ ഒരാളെന്ന നിലയിൽ പ്രക്ഷേപണ ചരിത്രത്തോടൊപ്പം നടക്കുന്ന ഒരാൾ എന്ന് പറയാം.
മാധ്യമ സമ്മേളനം ന്യൂ ജേഴ്സിയിലെ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 9 മുതൽ 11 വരെയാണ് നടക്കുന്നത്. പ്രവേശനം പൂർണമായും സൗജ്യനമാണ്. രാവിലെ പ്രഭാതഭക്ഷണം മുതൽ വൈകിട്ട് വിഭവസമൃദ്ധമായ അത്താഴവിരുന്നുൾപ്പെടെ എല്ലാം നൽകുന്നതാണ്,
എഴുന്നൂറിലേറെ എപ്പിസോഡുകള്‍ പിന്നിട്ട നേരേചൊവ്വേ എന്ന അഭിമുഖപരിപാടി ജോണി ലൂക്കോസിന് മാത്രം കഴിയുന്ന അപൂർവ സൗമ്യത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കടന്നാക്രമണത്തിന്റെ ശൈലിക്ക് പകരം സൗമ്യമായ ചോദ്യങ്ങളിലൂടെ ആവശ്യമുള്ള വിവരങ്ങൾ ലഭ്യമാക്കുമ്പോൾ പ്രേക്ഷകന് സന്തോഷം, ഇന്റർവ്യൂവിനു 'ഇരയായ' വ്യക്തിക്കും സന്തോഷം.
കോട്ടയം ജില്ലയില്‍ അതിരമ്പുഴ പാറപ്പുറത്ത് ലൂക്കായുടെയും അന്നമ്മയുടെയും മകനായി ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ കോട്ടയം സി.എം.എസ്. കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു. സി.എം.എസ്. കോളേജ് യൂണിയന്‍ ചെയര്‍മാനായി. 1983 മുതല്‍ മലയാള മനോരമയില്‍. ജില്ലാ ലേഖകനായി കോട്ടയത്തും തൃശ്ശൂരും പ്രവര്‍ത്തിച്ചു. പിന്നീട് തിരുവനന്തപുരം യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍. മലയാള മനോരമയില്‍ ഒട്ടേറെ അഭിമുഖ ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി.
ജാഫ്ന മോചിപ്പിക്കാൻ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഭാഷാപോഷിണിക്കുവേണ്ടി മാർക്സിസ്റ്റ് ചിന്തകൻ പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ ഒരഭിമുഖത്തിലാണ് ഇ.എം.എസിനെ കുറിച്ച് ഗോവിന്ദപ്പിള്ള ചില പരാമർശങ്ങൾ നടത്തിയതും അതു പിന്നെ സി.പി.എമ്മിൽ നിന്ന് അദ്ദേഹം സസ്പെന്റു ചെയ്യപ്പെടാൻ കാരണമായതും. ഈ അഭിമുഖം പിന്നീട് ഗ്രന്ഥരൂപത്തിലും ഇറങ്ങി.
സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ അന്‍പതിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.