advertisement
Skip to content

കാശുകുടുക്ക (നർമം) ജോയ്‌സ് വര്ഗീസ് (കാനഡ)

ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്.
അതേ, ഈ ഞാൻ തന്നെ.

ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്.

അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടിൽ വരുന്നത് ചിട്ടി ഓഫീസിൽ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാൻ അടിച്ചുകൊണ്ടുപോയി എന്ന നിർഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത എഴുത്തുകൾ.

ഒരു വൈകുന്നേരം, പോസ്റ്റുമാന്റെ സൈക്കിൾ ബെൽ കിണി, കിണി ശബ്‍ദം കേട്ടപ്പോൾ ഒരു ഉത്സാഹവുമില്ലാതെ മുറ്റവും നീണ്ട നടപ്പാതയും കടന്നുചെന്നു. റോഡരികത്തു അക്ഷമനായി കാത്തുനിൽക്കുന്ന പോസ്റ്റുമാൻ കാർഡിലെ അഡ്രസ് കാണിച്ചു ചോദിച്ചു,
" ഇത്‌ കുട്ടിയല്ലേ?"
"ങേ...,ഞാൻ ഞെട്ടി, വീണ്ടും വീണ്ടും നോക്കി.
"അതെ", വിക്കി വിക്കി പറഞ്ഞു. ജീവിതത്തിൽ ആദ്യമായി എന്റെ പേരിൽ ഒരു കാർഡ്.
" ആരാണ് എനിക്കെഴുതാൻ?", മൊത്തം കൺഫ്യൂഷൻ. ആകെ ഒരു പുക, ഒന്നും പിടികിട്ടുന്നില്ല. അയാൾ തിരിച്ചു പോയതൊന്നും ഞാൻ കണ്ടില്ല. പട പട മിടിക്കുന്ന ഹൃദയത്തോടെ അക്ഷരപ്പിശകുള്ള കുറിമാനം ഞാൻ വായിച്ചു. തിരിച്ചുനടത്തത്തിൽ എത്ര പ്രാവശ്യം തട്ടിത്തടഞ്ഞു വീഴാൻ പോയെന്നു എണ്ണാൻ മറന്നു. കത്തിന്റെ ഉള്ളടക്കം, ഒരു പുണ്യാളന്റെ മഹത്വം ലോകത്തെ അറിയിക്കണം. ആയിക്കോട്ടെ, ഞാൻ സമ്മതിച്ചു. പക്ഷെ കുറച്ചൊന്നുമല്ല, പന്ത്രണ്ടുപേർക്ക്, അയ്യോ...അതു കുറച്ചു കടുപ്പം, ഒരു പത്തുവയസ്സുകാരിക്ക് പന്ത്രണ്ടു ഉപഭോക്താക്കളെ കണ്ടുപിടിക്കൽ അത്ര എളുപ്പമല്ല.

ഇനിയാണ് ഭീഷണി, ഇത്‌ ചെയ്തില്ലെങ്കിൽ വസൂരി മുതൽ ഇങ്ങേയറ്റം വയറിളക്കം വരെയുള്ള എല്ലാ അസുഖങ്ങളും ഉണ്ടാകും. കൈയും കാലും ഒടിയൽ മുതൽ ഗുരുതര കാറപകടം വരെ പ്രതീക്ഷിക്കാം. ചെറിയ വിറയൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അതായിരുന്നോ പേടിച്ചു വിറയൽ? ആ വിറയൽ ശരീരമാസകലം വ്യാപിപ്പിച്ചു അടുത്ത സാക്ഷ്യം, ഈ സന്ദേശം അവഗണിച്ച ഒരാൾ മലമ്പനി വന്നു മരിച്ചു, ഒരാൾക്ക് ഇടിവെട്ടു കൊണ്ടു. അയാളുടെ കാറ്റ് പോയിരിക്കും, എനിക്ക് അനുമാനിക്കാം. ഒരാളെ പേപ്പട്ടി കടിച്ചു. വേറെ കുടുംബം കാറപകടത്തിൽ മരിച്ചു. പിന്നെ ഒരാളെ മൂർഖൻ പാമ്പ് കടിച്ചു.

ഞാൻ ഉപ്പൂറ്റി പൊക്കി വെച്ചു ഓടി, ഇനി വല്ല മൂർഖനോ, അണലിയോ എന്നെ കണ്ണുവെക്കും എന്ന്‌ പേടിച്ചുവിറച്ചു.
കത്ത് വീണ്ടും വീണ്ടും വായിച്ചു മന:പാഠമായി. ഒരു രക്ഷയുമില്ല. എന്തായാലും പന്ത്രണ്ടു കത്തുകൾ അയക്കുക തന്നെ, ഉറച്ച തീരുമാനമെടുത്തു. പക്ഷെ അപ്പോളാണ് ടെക്നിക്കൽ പ്രോബ്ലെംസ് വരാൻ തുടങ്ങിയത്. പന്ത്രണ്ടു കാർഡ് കിട്ടണം, അത്രയും പേരുടെ അഡ്രസ്. ഇതൊക്കെ എങ്ങിനെ ഒപ്പിക്കും എന്ന്‌ ആലോചിച്ചു തല കുടഞ്ഞു.

പക്ഷെ പാറേമക്കാവ് അമ്പലത്തിനു മുമ്പിൽ ചളുങ്ങിയ അലൂമിനിയം പാത്രം കിലുക്കി ഭിക്ഷ യാചിക്കുന്ന ആളുടെ രൂപം പേടിപ്പെടുത്തി. വസൂരി ദീനം വന്നു കാഴ്ച നഷ്ടപ്പെട്ടയാൾ. അയാളെ കാണുമ്പോൾ തോന്നുന്ന സഹതാപം മെല്ലെ പേടിയായി കിടുങ്ങി.

ബസ് കണ്ടക്ടറുടെ കണ്ണു വെട്ടിച്ചു ബസ് ചാർജ് കൊടുക്കാതെ ആ പൈസ ഭിക്ഷക്കാരന്റെ അലൂമിനിയം പാത്രത്തിലിട്ടു ചാരിറ്റി ചെയ്യും ഞാനും എന്റെ കൂടെയുള്ള മദർ തേരസ മനസ്സുള്ള കസിനും. അയാളുടെ അസുഖം ആണ് പടിവാതിക്കലിൽ എത്തി നിൽക്കുന്നത്. എങ്ങനെ ഞാൻ പേടിക്കാതെയിരിക്കും? എങ്ങനെയെങ്കിലും പന്ത്രണ്ടുപേരിൽ ഈ സന്ദേശം എത്തിച്ചു ഈ മഹാരോഗത്തിൽ നിന്നും ഞാൻ കരകയറും എന്ന്‌ പ്രതിജ്ഞയെടുത്തു.

അമ്മ വളരെ നിസ്സാരമായി തള്ളി. "അതൊക്കെ വെറുതെ പറയുന്നതാ."

എന്താണിത്? ഒരു കുട്ടിയുടെ ജീവന് ഒരു വിലയും ഇല്ലേ? ഭൂമിയിൽ നിന്നും ആകാശത്തിൽ നിന്നും ഒക്കെ പാമ്പായും പട്ടിയായും മിന്നലായും എന്റെ ജീവനെടുക്കാൻ നിൽക്കുമ്പോൾ എങ്ങിനെ ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നു? ഞാൻ പേർത്തും പേർത്തും ആലോചിച്ചു.

എവിടെ ഒക്കെയോ കുഴപ്പമുണ്ട്, ഞാൻ മനസ്സിൽ അടിവരയിട്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തവർ, അല്ല പിന്നെ. ജീവനാണ്, എന്റെ ജീവൻ.

ഇനി ആകെ ഒരാശ്രയം, മണ്ണിന്റെ കാശുകുടുക്ക. പിഗി ബാങ്ക് ( piggy bank ) ന്റെ പഴയ വേർഷൻ. കുട്ടികളുടെ ഉള്ളങ്കയ്യിൽ കൊള്ളുന്ന മണ്ണിന്റെ ഒരു ഗോളാകൃതി. പണം ഉള്ളിലേക്കിടാൻ ഒരു നീളൻ തുള, തീർന്നു സംഭവം. പൂട്ടും താക്കോലും ഒന്നും ഇല്ല. എറിഞ്ഞുടച്ചു ഉള്ളിലെ നിക്ഷേപം പുറത്തെടുക്കണം.

പക്ഷെ ഈ ഇത്തിരി കുഞ്ഞൻ ഒത്തിരി സ്വപ്‌നങ്ങൾ ആയിരുന്നു. അതിലെ നാണയക്കിലുക്കം ഉതിർക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ. വല്ലപ്പോഴും കിട്ടുന്ന ഇരുപത്തിയഞ്ചു പൈസത്തുട്ടുകൾ, അല്ലെങ്കിൽ അമ്പത് ഇതൊക്കെയാണ് അവിടത്തെ വിഐപി പ്രജകൾ. പിന്നെ കൂട്ടിനായി അഞ്ചും, പത്തും പൈസകൾ. എല്ലാം കൂടി ഒരു വർഷം തികയുമ്പോൾ, ഏകദേശം അഞ്ച് അഞ്ചര രൂപ എത്തും.എങ്കിലും അതു പൊട്ടിക്കുന്ന നേരത്തേക്ക്, ഒരു അഞ്ഞൂറ് രൂപയുടെ പദ്ധതി ഇട്ടിരിക്കും.
മോഹിക്കാനിപ്പോ എന്താ തടസ്സം? ഒരു ചിലവും ഇല്ലാത്ത കാര്യം.

ആ കാശുകുടുക്ക പൊളിച്ചു കിട്ടുന്ന പൈസക്കൊണ്ട് കാർഡ് വാങ്ങുക. സാധാരണ വർഷത്തിൽ ഒരു പ്രാവശ്യം ആണ് കുടുക്ക പൊട്ടിക്കുന്നത്. പ്രായപൂർത്തി ആവാത്ത ഈ കുടുക്ക പൊട്ടിക്കാൻ സങ്കടമുണ്ട്. എന്തു ചെയ്യാം? മരിക്കുന്നതിനേക്കാൾ ഭേദം അത് തന്നെ.

ഒരു ഞായറാഴ്ച അവധി ദിവസത്തിന്റെ നേർത്ത ഉച്ചമയക്കം കണ്ണിൽ തഴുകുന്നുണ്ട്. തള്ളക്കോഴി മുറ്റത്തു കുഞ്ഞുങ്ങളെ ചിറകിന്റെ തണലിൽ ഒളിപ്പിച്ചിരുത്തി വെയിൽ ചാഞ്ഞിരിക്കുന്നു. പുറത്തെ കത്തുന്ന വെയിൽ എല്ലാവരെയും അകത്തു പിടിച്ചിട്ടിരിക്കുന്നു. ഞാൻ ഉമ്മറത്ത് ഒരു മൂല ലക്ഷ്യം വെച്ചു. ജീവന്റെ ജീവനായ കാശുകുടുക്കയെ കിലുക്കി, കാതുചേർത്തു. ആ കിലുക്കം അവസാനമായി ആസ്വദിച്ചു.

ക്ണീം, ക്ണീം.. കുടുക്ക എറിഞ്ഞുടച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടി ഉമ്മറത്തെത്തി. തള്ളക്കോഴി കുഞ്ഞുങ്ങൾക്ക്‌, പ്രത്യേക സ്വരത്തിൽ കൊക്കി, അപകടസൂചന കൊടുത്തു, അവരേയും കൊണ്ടു ശീഘ്രം ഓടിപ്പോയി. നാണയങ്ങൾ ഒച്ചവെച്ചു ഉരുണ്ടുനീങ്ങി, വശങ്ങളിൽ താളമിട്ടു മെല്ലെ കറങ്ങി, ശക്തികുറഞ്ഞു നിശ്ചലമായി.

എല്ലാം പെറുക്കിക്കൂട്ടാനുള്ള എന്റെ തത്രപ്പാടിൽ ചോദ്യങ്ങൾ പാഞ്ഞുവരുന്നുണ്ടായിരുന്നു.
"എന്തിനാ ഇപ്പൊ അതു പൊട്ടിച്ചേ?", അച്ഛൻ അവധി ദിവസം ആയതുകൊണ്ട് വീട്ടിലുണ്ട്.
ചോദ്യം ന്യായം.
എന്നെ നോക്കിചിരിക്കുന്ന മൂന്നുനാല് ജോഡി കണ്ണുകൾ വേറേയും.
കദനകഥ പകുതി വിക്കിയും, പകുതി കണ്ണീരായും പുറത്തുവന്നു.
"ഓ... അത്രേ ഉള്ളൂ.."
അച്ഛൻ എന്നെ ചേർത്തു പിടിച്ചു.
"അതൊക്കെ ആളോള് വെറുതെ പറയുന്നതല്ലേ, അങ്ങനെയൊന്നും ഉണ്ടാവില്ല", അച്ഛൻ പറഞ്ഞു. 'ഓർമ്മിക്കാൻ സ്നേഹം മാത്രം തന്നയാൾ'. ആ സുപ്രീം കോടതിയിൽ വിധി പറഞ്ഞാൽ എനിക്ക് വിശ്വാസമാകും.
നമ്മൾ ആരേയും വേദനിപ്പിക്കാതിരിക്കുക, പറ്റുന്ന സഹായങ്ങൾ ചെയ്യുക. അല്ലാതെ ഈ മണ്ടത്തരത്തിനു പുറകെ ഒന്നും പോകരുത് എന്ന്‌ എന്നെ ഉപദേശ്ശിക്കാനും അച്ഛൻ മറന്നില്ല.
"കോശോൻ (കുശവൻ ) പാത്രം വിൽക്കാൻ വരുമ്പോൾ പുതിയ കാശുകുടുക്ക വാങ്ങി തരാം " അമ്മ ആ ഉറപ്പുകൂടി തന്നപ്പോൾ ആകെ ഒരു സമാധാനമായി, ഉള്ളു തണുത്തു.

മെല്ലെ മെല്ലെ ഞാൻ അതെല്ലാം മറന്നു തുടങ്ങിയിരുന്നു. സ്കൂൾ ഇന്റർവെൽ, പുറകിലെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് എന്നോട് എന്തോ ചോദിക്കാനുള്ള പോലെ തോന്നി.

ഉം... എന്താ..?
കൈമലർത്തി ആഗ്യം കാണിച്ചു. ഒരു ഭീകരരഹസ്യം കെട്ടഴിയുന്ന ഭയം അവളുടെ കണ്ണിൽ ഇരച്ചുകയറി.
"പന്ത്രണ്ടുപേർക്ക് എഴുതി അയച്ചോ? " എന്റെ കാശുകുടുക്ക പൊട്ടിക്കാനുള്ള അബദ്ധം എന്നെകൊണ്ട് ചെയ്യിച്ച കക്ഷിയെ ഞാൻ ഒട്ടും മയമില്ലാതെ നോക്കി.
"ഇല്ല "

" ഇല്ലേ?", അവളുടെ മുഖത്ത് പേടി കൂടുകെട്ടി.
"ഒന്നും ഉണ്ടാവില്ല, ഒക്കെ വെറുതെ, എന്റെ വീട്ടില് അങ്ങനെ പറഞ്ഞൂലോ "
മറുപടി പറഞ്ഞു ഞാൻ തിരിഞ്ഞുനടന്നു.

പക്ഷെ മറ്റൊരു പത്തുവയസ്സുകാരിയുടെ പേടി മുളയോടെ നുള്ളാൻ എനിക്ക് കഴിഞ്ഞില്ല. പിന്തിരിഞ്ഞു നോക്കിയപ്പോൾ, എന്റെ മരണം ഉറപ്പിച്ച മട്ടിൽ എന്നെ ദയയോടെ നോക്കി തറഞ്ഞു നിൽക്കുന്ന ആ കുട്ടിയെ ഞാൻ കണ്ടു.

വർഷങ്ങൾക്കിപ്പുറം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കറങ്ങി നടക്കുന്ന ഇമ്മാതിരി ചില സന്ദേശങ്ങൾ. ഇത്‌ പന്ത്രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുക. അല്ലെങ്കിൽ വരുന്ന രോഗങ്ങളുടെ പേര് മാത്രം മാറിയിട്ടുണ്ട്. കുറച്ചു മൂന്നാം തലമുറ രോഗങ്ങളും, കാർ അപകടവും നിശ്ചയം.

ഉം...ഉം... ഞാൻ ഇമ്മിണി ഫോർവേഡ് ചെയ്യ്തത് തന്നെ....തട്ടിപ്പ്.

'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ'.
( ചില പഴഞ്ചൊല്ല് തിരിച്ചുപറഞ്ഞാലും ഏൽക്കും,ല്ലേ?)🤭

എങ്കിലും ആ നിഷ്കളങ്കബാല്യവും പിണഞ്ഞ അബദ്ധവും എന്റെ അച്ഛനും നിറയുന്ന ഓർമ്മകൾ ഇന്നും എനിക്കിഷ്ടം.
വെറുതെ ഒരിഷ്ടം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest