advertisement
Skip to content

കേരളം 'പകപോക്കി രാഷ്ട്രീയ'ത്തിന്റെ പിടിയിൽ, ആരോപണത്തിന് മറുപടിയില്ല.... ഉന്മൂലനം പ്രഖ്യാപിത ലക്ഷ്യം

രാജേഷ് തില്ലങ്കേരി

കേരള രാഷ്ട്രീയം കലങ്ങി മറിയേണ്ട നാളുകളിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. ഭാഗ്യവശാൽ കേരളത്തിലെ തെരുവുകളെല്ലാം ശാന്തമാണ്. അക്കാര്യത്തിൽ നമുക്ക് സമാധാനിക്കാം. കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴലഭിക്കുന്നതാണ് പതിവ്. ഇത്തവണ അതുണ്ടായില്ല. ചെറിയ ചെറിയ മഴ ചിലയിടങ്ങളിലൊക്കെ ഉണ്ടാവുന്നുണ്ടെന്നതൊഴിച്ചാൽ പൊതുവെ കാലാവസ്ഥ അത്ര ശുഭകരമല്ല.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും അത്ര ശുഭകരമല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടി വിവാദ വ്യവസായി ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്നും മാസം തോറും പണം കൈപ്പറ്റിയെന്ന കണ്ടെത്തലും വെളിപ്പെടുത്തലുമാണ് കഴിഞ്ഞയാഴ്ചത്തെ പ്രധാന സംഭവം. പ്രതിപക്ഷം ആഞ്ഞടിക്കേണ്ടിയിരുന്ന വലിയൊരു അഴിമതിക്കഥയാണ് പുറത്തുവന്നിരുന്നത്,. എന്നാൽ അതൊരു രാഷ്ട്രീയ വിവാദമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിലെ പലനേതാക്കളും തയ്യാറായില്ല. തയ്യാറായി വന്ന മാത്യു കുഴൽനാടൻ എന്ന എം എൽ എയെ എല്ലാ രീതിയിലും വളഞ്ഞിട്ട് അക്രമിക്കുകയാണ് സർക്കാരും സി പിഎമ്മും ചെയ്യുന്നത്.

മാത്യു കുഴൽനാടനെതിരെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തുവന്നതും. ഇടുക്കിയിൽ ഭൂമിയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണവുമായാണ് സി എൻ മോഹനൻ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണാ വിജയന്റെ മകൾ നികുതി വെട്ടിച്ചു എന്നല്ല കുഴൽനാടൻ ഉന്നയിച്ചിരിക്കുന്ന ആരോപണം. വിവാദ കരിമണൽ വ്യവസായിയുടെ കമ്പനിയുമായി ധാരണയുണ്ടാക്കി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് എന്ന കമ്പനിയിലേക്ക് യാതൊരു തരത്തിലുള്ള സേവനവും ലഭ്യമാവാതെ ലക്ഷങ്ങൾ വാങ്ങിച്ചു എന്നതാണ് ഉന്നയിക്കപ്പെട്ട ആരോപണം. ഇതാണ് എ കെ ബാലൻ സ്വയം മറന്നുകൊണ്ട് മാത്യു കുഴൽനാടനെ വെല്ലുവിളിക്കുന്നത്. വീണയുടെ കമ്പനി ജി എസ് ടി അടച്ചുവെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ എന്നാണ് എ കെ ബാലൻ ചോദിക്കുന്നത്. പലപ്പോഴും സി പി എമ്മിന്റെ തലമുതിർന്ന നേതായ എ കെ ബാലൻ ബാലനായിത്തന്നെ ഇരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

പാവപ്പെട്ട ഒരു പെൺകുട്ടിയെ എന്തിനാണ് ഇങ്ങനെ പിന്തുടർന്ന് അക്രമിക്കുന്നതെന്ന ഇ പി ജയരാജന്റെ ചോദ്യം പോലെ അത്ര നിഷ്‌ക്കളങ്കമല്ല ബാലന്റെ വെല്ലുവിളി.
ഒരു മാന്ത്രികൻ എല്ലാവരെയും കൺകെട്ടിലൂടെ അതിശയിപ്പിക്കാൻ ശ്രമിച്ച ഒരു കഥയാണ് ഇവിടെ ഓർമ്മവരുന്നത്. കൺകെട്ടിലൂടെ പ്രളയം സൃഷ്ടിച്ചപ്പോൾ തെങ്ങിൻ മുകളിലിരിക്കയായിരുന്ന ഒരാൾ വിളിച്ചുപറഞ്ഞു, നിങ്ങൾ ഒന്നും വിശ്വസിക്കരുത്.. വെള്ളവുമില്ല പ്രളയവുമില്ല എന്ന്..

മാന്ത്രികൻ തുടർന്ന് തെങ്ങിൻ മുകളിലിരിക്കുന്നയാളെയും തന്റെ മാന്ത്രികവലയത്തിലാക്കി. തെങ്ങിന്റെ മുകളിലേക്കും വെള്ളം കയറുന്നതായി അനുഭവപ്പെട്ടു. അങ്ങി അയാൾ തെങ്ങിൻ മുകളിൽ നിന്നും ചാടി... വെള്ളത്തിലേക്കാണെന്നും ധരിച്ചു താഴേക്കു ചായി ആൾ മരിച്ചു പോയി.

ഇവിടെ എല്ലാവരെയും കൺകെട്ടിയാണ് ഈ സർക്കാർ മുന്നോട്ടു കൊണ്ടുപോവുന്നത്. ആരെങ്കിലും ഇത് തിരിച്ചറിഞ്ഞ് സത്യം വെളിപ്പെടുത്തിയാൽ അയാളെയും മാന്ത്രിക ലോകത്തേക്ക് എത്തിക്കുന്നതാണ് സർക്കാരിന്റെ പദ്ധതി. സി പി എം നേതാക്കൾ ആരും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ കുടുംബം ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം. എന്നിട്ടും വന്നിരിക്കുന്ന ആരോപണങ്ങളിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയോ മകളോ മറുപടി പറയാത്തത് എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു.

പ്രതിപക്ഷത്തിരിക്കുന്ന നേതാക്കളെല്ലാം സൗകര്യപൂർവ്വം മറച്ചുവെക്കാൻ ശ്രമിച്ച മാസപ്പടി വിവാദം മാധ്യമങ്ങളുമായി പങ്കുവച്ചതോടെ കുഴൽനാടന്റെ കഷ്ടകാലം ആരംഭിച്ചു. ഒറ്റ ദിവസംകൊണ്ട് ഒരു പരാതിയെഴുതിവാങ്ങി റവന്യൂ വകുപ്പ് ചിന്നക്കനാലിലെ കുഴൽനാടന്റെ ഭൂമിയിൽ പറന്നെത്തി. ഒരു പരാതിയുന്നയിച്ചാൽ ഒച്ചിനെപ്പോലും നാണിപ്പിക്കുന്ന റവന്യൂവപുക്ക് വന്ദേഭാരതിന്റെ വേഗതയിലാണ് നടപടികൾ ആരംഭിച്ചത്.

19 ഏക്കരിൽ കൂടുതൽ മിച്ചഭൂമി കൈവശം വച്ചിരിക്കുന്ന നിലമ്പൂരിലെ പുലിയായ പി വി അൻവറിനെതിരെയുള്ള കോടതി വിധിപോലും നടപ്പിലാക്കാൻ പറ്റാതെപോയ അതേ റവന്യൂവകുപ്പാണ് അതിവേഗം ബഹുദൂരം പദ്ധതി നടപ്പാക്കാനായി ഓടിയെത്തിയത് എന്നതാണ് കൗതകരം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കർക്കിടമഴ പാടേ മാറി നിൽക്കുന്നതിനാൽ ചൂട് കുറച്ചധികമുണ്ട് കേരളത്തിൽ. പുതുപ്പള്ളിയിൽ പ്രത്യേകിച്ചും നല്ല ചൂടാണ്. ഓരോ ദിവസവും തെരഞ്ഞെടുപ്പ് ചൂട് അധികരിച്ചുവരുന്നുണ്ടെങ്കിലും ഇടപക്ഷത്തിന് എന്തോ അത്രയങ്ങോട്ട് ആവേശം പോരെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വരാനിരിക്കുന്ന കാലം കേരളത്തിലും ബി ജെ പി അധികാരത്തിൽ എത്തുമെന്ന ബി ജെ പി ദേശീയ നേതാവ് അനിൽ ആന്റെണിയുടെ പ്രസംഗം കേട്ടും അദ്ദേഹത്തിന്റെ അന്താളിപ്പുകണ്ടും ചിരിയടക്കാൻ കഴിയാതിരിക്കയാണ് മലയാളികൾ. ഇതിലും വലിയ എന്തോ ദുരന്തം ബി ജെ പിക്ക് വരാനിരുന്നതാണെന്നും അനിൽ ആന്റണിയിലൂടെ അത് പരിഹരിക്കപ്പെട്ടു എന്നുമാണ് ട്രോളുകൾ. അച്ഛൻ കോൺഗ്രസിന്റെ പ്രവർത്തകസമിതിയിലും മകൻ ബി ജെ പിയുടെ പ്രവർത്തക സമിതിയിലും നീണാൾ വാഴട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest