ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഏകകണ്‌ഠമായാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തത്. 2026-ലെ പ്രസിഡന്റായി ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോ, ട്രഷററായി വിനോദ് കെആർക്കേ, വൈസ് പ്രസിഡന്റായി ഷാജി വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജോസി സ്‌കറിയ, ജോയിന്റ് ട്രഷററായി മാമ്മൻ എബ്രഹാം എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഒൻപത് കമ്മറ്റി അംഗങ്ങളും രണ്ട് ഓഡിറ്റർമാരും പുതിയ ഒരു ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും തെരഞ്ഞെടുക്കപ്പെട്ടു.





കമ്മറ്റി അംഗങ്ങളായി ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുകുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ എന്നിവരും ഓഡിറ്റർമാരായി തോമസ് സക്കറിയ, ദീപു പോൾ എന്നിവരുമാണ് ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 2025 വർഷത്തെ പ്രസിഡന്റായി പ്രവർത്തിച്ച സജി എബ്രഹാമാണ് അഞ്ചംഗ ബോർഡ് ഓഫ് ട്രസ്റ്റിയിൽ പുതിയ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായിരുന്നതിനു ശേഷം 2025-ൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി പ്രവർത്തിച്ച് കാലാവധി പൂർത്തിയാക്കിയ വിൻസെൻറ് സിറിയക്ക് ട്രസ്റ്റീ ബോർഡ് അംഗത്വത്തിൽ നിന്നും ഒഴിവായതിനാലാണ് അഞ്ചംഗ ബോർഡിലേക്ക് സജി എബ്രഹാം പുതിയ അംഗമായി ചേർന്നത്.

കഴിഞ്ഞ നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായി പ്രവർത്തിച്ച വർഗ്ഗീസ് കെ. ജോസഫാണ് 2026-ലെ ട്രസ്റ്റീ ബോർഡ് ചെയർമാനായി സ്ഥാനം ഏൽക്കുന്നത്. പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം എന്നിവരാണ് ട്രസ്റ്റീ ബോർഡിലെ മറ്റ് നാല് അംഗങ്ങൾ. ഇവരെല്ലാവരും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളാ സമാജം പ്രസിഡന്റായി സ്തുത്യർഹ സേവനം കാഴ്ച്ച വച്ചവരാണ്.
കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഹേമചന്ദ്രൻ പെരിയാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോങ്ങ് ഐലൻഡിൽ അറിയപ്പെടുന്ന ഒരു ബിസ്സിനസ്സ്കാരനാണ്. ഏതാനും വർഷങ്ങളായി കേരളാ സമാജം അംഗമായ ഹേമചന്ദ്രൻ കഴിഞ്ഞ മൂന്നു വർഷമായി സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. ഡൽഹിയിൽ ബോർഡർ സെക്യൂരിറ്റി ഓഫീസറായി (BSF) ഔദ്യോഗിക ജീവിതം ആരംഭിച്ച ഹേമചന്ദ്രൻ പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടേഷനിൽ പോവുകയും അവിടെ നിന്ന് ഇന്ത്യൻ കോൺസുലേറ്റിലെ സെക്യൂരിറ്റി ഓഫീസറായി ന്യൂയോർക്കിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റിലെ ഔദ്യോഗിക ജീവിതം മതിയാക്കി പിന്നീട് ബിസ്സിനെസ്സാണ് തനിക്കു പറ്റിയ മേഖല എന്ന് മനസ്സിലാക്കി വ്യാപാര മേഖലയിലിലേക്ക് മാറുകയായിരുന്നു. ഹോട്ടൽ ബിസ്സിനസ്സ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോൾ ന്യൂഹൈഡ് പാർക്കിലുള്ള മഹാരാജാ സൂപ്പർ മാർക്കറ്റ്, റോക്‌ലാൻഡ് കൗണ്ടി നാന്യൂട്ടിലുള്ള മഹാരാജാ ഫാർമേഴ്‌സ് മാർക്കറ്റ്, ബെല്ലറോസിലുള്ള ദിൽബാർ ഇന്ത്യൻ റസ്റ്റോറന്റ്, സതേൺ ഫുഡ്സ് എന്നിവയടങ്ങുന്ന മഹാരാജാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് പാർട്ട്ണറാണ്.
ന്യൂയോർക്കിലെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യുക്കുട്ടി ഈശോ. 2025-വർഷവും സമാജം സെക്രട്ടറിയായി പ്രശംസനീയ സേവനം കാഴ്ച വച്ചു. മൂന്ന് പതിറ്റാണ്ടോളം ഇന്ത്യൻ കസ്റ്റംസ് ഓഫീസറായി സേവനം അനുഷ്ടിച്ച് സീനിയർ സൂപ്രണ്ടായി സ്വയം വിരമിക്കലെടുത്ത് ന്യൂയോർക്കിലേക്ക് കുടിയേറിയ വ്യക്തിയാണ് മാത്യുക്കുട്ടി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോട്ടോകോൾ ഓഫീസറായി കോവിഡിന് മുമ്പ് രണ്ടിലധികം വർഷങ്ങൾ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റിൽ ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷനിൽ (NYS DOT) എൻജിനീയറായി സേവനം ചെയ്യുന്നു.
കേരളാ സമാജത്തിൻറെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് ട്രഷറായി സ്ഥാനമേൽക്കുന്ന വിനോദ് കെആർക്കേ. ലോങ്ങ് ഐലൻഡിലെ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് അറ്റോർണി കൂടിയാണ് വിനോദ്. കേരളാ സമാജത്തിൽ സെക്രട്ടറി, പ്രസിഡൻറ്, ട്രഷറർ, ട്രസ്റ്റീ ബോർഡ് അംഗം, ചെയർമാൻ എന്നീ നിലകളിൽ നിരവധി വർഷത്തെ സേവന പരിചയമുള്ള വ്യക്തിയാണ് വിനോദ്. കഴിഞ്ഞ രണ്ട് വർഷവും സമാജം ട്രഷററായി അദ്ദേഹം സ്തുത്യർഹ സേവനം അനുഷ്ടിച്ചു. ഫൊക്കാനാ ജനറൽ സെക്രട്ടറി, ഫൊക്കാന നാഷണൽ കമ്മറ്റി അംഗം, മഹിമ, മന്ത്ര, കെ.എച്ച്.എൻ.എ. തുടങ്ങിയ സംഘടനകളിൽ സെക്രട്ടറി, പ്രസിഡൻറ് എന്നീ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്.
വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ് ലോങ്ങ് ഐലൻഡിലെ അറിയപ്പടുന്ന ഒരു ട്രാവൽ ഏജൻസി ഉടമയാണ്. ഗ്രീൻപോയിന്റ് ട്രാവൽസ് സ്ഥാപന ഉടമ എന്ന നിലയിൽ വിവിധ ടൂർ പ്രോഗ്രാമുകൾ ക്രമീകരിക്കാറുണ്ട്. ഏതാനും വർഷങ്ങളായി കേരളാ സമാജത്തിൽ സജീവ അംഗമായും നാല് വർഷത്തിലധികമായി സമാജം കമ്മറ്റി അംഗമായും സേവനം ചെയ്തു വരുന്നു.
കേരളാ സമാജത്തിലെ എല്ലാ പ്രവത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് നിസ്വാർഥ സേവനം ചെയ്ത് എല്ലാ അംഗങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിയാണ് ജോയിന്റ് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോസി സ്കറിയ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളാ സമാജം സജീവ അംഗമായും എക്സിക്യൂട്ടീവ് അംഗമായും കാഴ്ചവച്ച പ്രശംസനീയ സേവനങ്ങൾകൂടി കണക്കിലെടുത്താണ് ഈ വർഷം വീണ്ടും ജോയിന്റ് സെക്രട്ടറിയായി ജോസ്സിയെ ചുമതല ഏൽപ്പിക്കുന്നത്.
2026 മുതൽ പുതുതായി നിലവിൽ വന്ന പദവിയാണ് സമാജം ജോയിന്റ് ട്രഷറർ. അൻപത്തിനാല് വർഷമായി പ്രവർത്തിക്കുന്ന കേരളാ സമാജത്തിലെ ജോയിന്റ് ട്രഷറർ എന്ന പ്രഥമ സ്ഥാനമാണ് തെരഞ്ഞെടുക്കപ്പെട്ട മാമ്മൻ എബ്രഹാമിനെ ഏൽപ്പിക്കുന്നത്. കേരളാ സമാജത്തിലെ സജീവ അംഗമായും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും സുവനീർ കമ്മറ്റി അംഗമായും നിരവധി വർഷമായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് മാമ്മൻ. എം.ടി.എ. (MTA) ഉദ്യോഗസ്ഥനായ മാമ്മൻ എബ്രഹാം സമാജത്തിൽ നൽകുന്ന പ്രശസ്ത സേവനം കണക്കിലെടുത്താണ് ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.
കേരളാ സമാജത്തിൽ മുൻകാല പ്രവർത്തി പരിചയമുള്ളവരെയും ഏതാനും പുതു മുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും ചേർന്ന് ശക്തമായ ഒരു ടീമായി അടുത്ത ഒരു വർഷം സമാജത്തെ മുമ്പോട്ട് നയിക്കുന്നതിനാണ് എല്ലാ കമ്മറ്റി അംഗങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾ നടത്തുന്ന ക്രമീകരണങ്ങൾ പിന്നീട് തീരുമാനിക്കുന്നതായിരിക്കും.
എല്ലാ കേരളാ സമാജം അംഗങ്ങൾക്കും അമേരിക്കയിലുള്ള എല്ലാ മലയാളീ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പേരിലുള്ള ക്രിസ്തുമസ്സ് - പുതുവത്സര ആശംസകൾ നിയുക്ത പ്രസിഡൻറ് ഹേമചന്ദ്രൻ, സെക്രട്ടറി മാത്യുക്കുട്ടി, ട്രഷറർ വിനോദ് എന്നിവർ സംയുക്തമായി ലോങ്ങ് ഐലൻഡിൽ ആശംസിച്ചു.